ഇന്ത്യ നടത്തുന്ന വ്യോമാഭ്യാസമായ തരംഗ് ശക്തിയില്‍ കരുത്തുകാട്ടി 'തേജസ്' യുദ്ധവിമാനം. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചെടുത്ത ലഘു യുദ്ധവിമാനമായ തേജസ് 2023 ഓഗസ്റ്റിലാണ് രാജ്യാന്തര വ്യോമാഭ്യാസ വേദിയില്‍ ഇന്ത്യ ആദ്യമായി അവതരിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ സുലൂര്‍ വ്യോമതാവളത്തിലാണ് തരംഗ് ശക്തിക്ക് തുടക്കമായത്. ഇന്ത്യന്‍ വ്യോമസേന വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ എ.പി. സിങാണ് തേജസ് പറത്തിയത്. ജര്‍മന്‍ വ്യോമസേനയുടെ യൂറോ ഫൈറ്റര്‍ ടൈഫൂണ്‍ പറത്തിയത് ജര്‍മന്‍ വ്യോമസേനയുടെ ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ ഇന്‍കോ ഗെഹാര്‍ട്ടസാണ്. നിലവില്‍ പ്രചാരത്തിലുള്ള പോര്‍വിമാനങ്ങളില്‍ അസാധ്യ മെയ്വഴക്കമുള്ള വിമാനമാണ് യൂറോഫൈറ്ററിന്‍റെ ടൈഫൂണ്‍. ഇതിനെയാണ് തേജസ് കടത്തിവെട്ടിയത്. വിദൂര മിസൈൽ ശേഷി, പറക്കുന്നതിനിടെ ഇന്ധനം നിറയ്ക്കാൻ സംവിധാനം എന്നിവയാണ് തേജസിന്‍റെ പ്രത്യേകത.
ഇതാദ്യമായാണ് ജര്‍മന്‍ വ്യോമസേന തരംഗ് ശക്തിയില്‍ പങ്കെടുക്കാനെത്തുന്നത്. ഇന്തോ–പസഫിക് നയത്തിന്‍റെ ഭാഗമായാണ് സഹകരണം. 51 രാജ്യങ്ങളെയാണ് തരംഗ് ശക്തിയിലേക്ക് ഇന്ത്യ ക്ഷണിച്ചത്. യുദ്ധവിമാനങ്ങളടക്കമുള്ളവയുമായി 10 രാജ്യങ്ങള്‍ എത്തിയപ്പോള്‍ 18 രാജ്യങ്ങള്‍ നിരീക്ഷകരായി സാന്നിധ്യമറിയിക്കാനെത്തി.
രൂപകല്‍പ്പന ചെയ്ത് പുറത്തിറക്കിയതില്‍ നിന്ന് നിരവധി മാറ്റങ്ങളാണ് തേജസിന്‍റെ പുതിയ പതിപ്പിലുള്ളത്. ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായി ഇതിനകം തേജസ് മാറിക്കഴിഞ്ഞു. പടിഞ്ഞാറന്‍ യുദ്ധമുഖത്തിന് പുറമെ വടക്കന്‍ മേഖലയിലേക്കും ഇന്ത്യ തേജസ് വിന്യസിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാക്കിസ്ഥാന്‍റെ F-16 നെയും ചൈന– പാക്കിസ്ഥാന്‍ സംയുക്ത സംരഭമായ JF-17നെയും ചെറുക്കാന്‍ തേജസ് പര്യാപ്തമാണെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍.
വിവിധ രാജ്യങ്ങളിലെ വ്യോമസേനകളുമായി സഹകരിക്കുന്നതിനൊപ്പം തദ്ദേശ നിര്‍മിതമായ ലഘുയുദ്ധ വിമാനമായ തേജസും, ലഘുയുദ്ധ കോപ്റ്ററായ പ്രചണ്ഡും പ്രദര്‍ശിപ്പിക്കുക കൂടി ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. വ്യോമാഭ്യാസത്തിന്‍റെ ആദ്യ ഘട്ടം സുലൂറിലും രണ്ടാം ഘട്ടം ജോധ്പുറിലുമാകും നടക്കുക.
ലഘുയുദ്ധ കോപ്റ്ററായ 143 ഹെലികോപ്റ്റര്‍ യൂണിറ്റിന്‍റെ ആദ്യ സ്ക്വാഡ്രണ്‍ ജോധ്പുറിലെ വ്യോമ താവളത്തിലാണ് വികസിപ്പിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒരേയൊരു യുദ്ധ ഹെലികോപ്റ്ററാണിത്. ഇവയ്ക്ക് പുറമെ തദ്ദേശ നിര്‍മിതമായ നേത്ര AEW&C, ആകാശ് എന്നിവയും തരംഗ് ശക്തിയില്‍ വിന്യസിച്ചിട്ടുണ്ട്.