പരിശീലനം ലഭിച്ച ഒരു സൈനികനെപ്പോലെ ചടുലമായ ചുവടുകളോടെ നടത്തം. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കാന്‍ പോന്ന ഒരതിഥി ഇന്ത്യന്‍ സൈന്യത്തില്‍ എത്തിയിട്ടുണ്ട്. നോർത്തേൺ കമാൻഡിന്‍റെ ഉധംപുര്‍ സൈനിക ആസ്ഥാനത്ത് നടന്ന സൈനിക ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനത്തിലെ താരമായിരുന്നു റോബോട്ടിക് മൾട്ടി-യൂട്ടിലിറ്റി ലെഗ്ഗ്ഡ് എക്യുപ്‌മെൻ്റ് അഥവാ റോബോട്ടിക് മ്യൂള്‍.
ഉയരം കൂടിയ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിനായാണ് ഇന്ത്യൻ സൈന്യം റൊബോട്ടിക് മ്യൂളുകളെ അവതരിപ്പിച്ചിരിക്കുന്നത്. ചതുരാകൃതിയിലുള്ള നാലു കാലുകളോടു കൂടിയ ഈ റോബോട്ടുകള്‍ക്ക് 10,000 അടി വരെ ഉയരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ദുര്‍ഘടമായ പ്രദേശങ്ങളില്‍ അനായാസേനെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഇവയ്ക്ക് കയറ്റവും ഇറക്കവുമെല്ലാം നിസാരമാണ്. പര്‍വ്വതങ്ങളുടെ ഉയരങ്ങളും കോണിപ്പടികളും കയറാന്‍ അനായാസം സാധിക്കും. 15 കിലോ പേലോഡ് വഹിക്കാനും കഴിയും.
വസ്തുക്കളെ തിരിച്ചറിയുന്നതിനായി ഇലക്‌ട്രോ ഒപ്‌റ്റിക്‌സും ഇൻഫ്രാറെഡ് സാങ്കേതികവിദ്യയും റൊബോട്ടിക് മ്യൂളുകളില്‍ സജ്ജീകരിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറയുന്നു. മനുഷ്യ ജീവൻ അപകടപ്പെടുത്താതെ സൈന്യത്തിന്‍റെ നിരീക്ഷണ ശേഷി വർധിപ്പിക്കാനും മുന്നണിയിലേക്ക് സാധനങ്ങള്‍ എത്തിക്കാനും ഈ റോബോട്ടുകള്‍ സഹായിക്കും.
നാല് പുതിയ എൻസിസി യൂണിറ്റുകളുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് നോർത്തേൺ കമാൻഡ് ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം ഉധംപുരില്‍ സംഘടിപ്പിച്ചത്. റോബോട്ടിക് മ്യൂളുകളെ കൂടാതെ ആർപിജിഎൽ, കവചിത വാഹനങ്ങൾ, ഡ്രോണുകൾ, എന്നിവയും പ്രദര്‍ശിപ്പിച്ചിരുന്നു. ഹൈടെക് ഉപകരണങ്ങളെ സൈന്യത്തിന്‍റെ ഭാഗമാക്കുന്നതിനായാണ് 100 റോബോട്ടിക് മ്യൂളുകള്‍ക്കും 50 കിലോമീറ്ററിലധികം വേഗതയിൽ പറക്കാൻ സാധിക്കുന്ന 48 ജെറ്റ് പാക്ക് സ്യൂട്ടുകള്‍ക്കും ജനുവരിയിൽ ഇന്ത്യൻ സൈന്യം ടെൻഡർ നൽകിയത്.