• 18 മാസത്തിലൊരിക്കലാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുക
  • ഈ സമയം നീലയും പച്ചയും നിറങ്ങള്‍ കാണാന്‍ സാധിക്കും
  • ഗ്രഹണ സമയം കണ്ണടകള്‍ ഉപയോഗിച്ചാലേ ഈ പ്രതിഭാസം തിരിച്ചറിയാന്‍ കഴിയൂ

ചെന്നായ്ക്കള്‍ സൂര്യനെ ഭക്ഷിച്ചതാണെന്നും, അതല്ല തവള വിഴുങ്ങുന്നതാണെന്നും അമൃത് തട്ടിയെടുക്കാനെത്തിയ രാഹുവിനെ ദേവന്‍മാര്‍ ശിരച്ഛേദം ചെയ്തപ്പോള്‍ ആ തല പറന്ന് ആകാശത്തെത്തി സൂര്യനെ വിഴുങ്ങുന്നതാണെന്നും വരെ  സൂര്യഗ്രഹണത്തെ ചുറ്റിപ്പറ്റി ലോകമെങ്ങും കഥകളുണ്ട്. സൂര്യഗ്രഹണം നടക്കുമ്പോള്‍ ഭക്ഷണ പാനീയങ്ങള്‍ വെടിയുന്നവരും പുറത്തിറങ്ങാതെ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുന്നവരും നിരവധിയാണ്. ശാസ്ത്രീയമായ അടിത്തറ ഇതിനൊന്നുമില്ലെന്നതാണ് വാസ്തവം. സമ്പൂര്‍ണ സൂര്യഗ്രഹണ സമയത്ത് പക്ഷേ പ്രകൃതി നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അവിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന അതിശയകരമായ സംഭവങ്ങളാണതില്‍ പലതും. 

ഭൂമിയോട് അടുത്ത് വരുന്ന ചന്ദ്രന്‍, സൂര്യനും ഭൂമിക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ സൂര്യനെ പൂര്‍ണമായി മറയ്ക്കുന്ന അപൂര്‍വ പ്രതിഭാസമാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. 18 മാസത്തിലൊരിക്കലാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുക.നിമിഷങ്ങള്‍ മാത്രം നീളുന്ന ഈ സമയത്തിനിടെ വര്‍ണങ്ങള്‍ വെള്ളി കലര്‍ന്ന നരച്ച നിറമായി മാറും. 

ഗ്രഹണ സമയത്ത് സാധാരണയായി തീവ്രതയേറിയ ചുവപ്പ് നിറം ഇരുണ്ടതായോ കറുപ്പായോ മാറും. എന്നാല്‍ നീലയും പച്ചയും  അതേ നിറങ്ങളായി തന്നെ കാണാനും കഴിയും. ഈ നിറം മാറ്റത്തിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ടെന്നാണ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ കളര്‍ വിഷന്‍ ഗവേഷകനായ തകാഷി യോഷിമത്​സു പറയുന്നത്. ഒന്ന്, അന്തരീക്ഷത്തില്‍ നടക്കുന്നതിന്‍റെ പ്രതിഫലം, അതായത് വിശാലമായ വര്‍ണ രാജികളോട് കൂടിയ പ്രകാശ തരംഗങ്ങളാലാണ് സൂര്യപ്രകാശം നിര്‍മിതമായിരിക്കുന്നത്.  സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നു പോകുമ്പോള്‍ സാധാരണ വെയിലുള്ള ദിവസമാണെങ്കില്‍ പൊടി പടലങ്ങളിലും ജല കണികകളിലും തട്ടി അവ സൂര്യപ്രകാശത്തെ ചിതറിക്കുന്നുണ്ട്.  സൂര്യപ്രകാശത്തിലെ ചുവപ്പ് തരംഗങ്ങളെക്കാള്‍ നീല പ്രകാശ തരംഗങ്ങള്‍ കൂടുതല്‍ ചിതറിപ്പോകാറുണ്ട്. തരംഗദൈര്‍ഘ്യം കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ ചിതറിപ്പോയ നീല തരംഗങ്ങളാണ് നീലാകാശങ്ങള്‍ക്ക് പിന്നില്‍. ചുവപ്പന്‍ രശ്മികളാകട്ടെ ഭൂമിയിലേക്ക് വേഗത്തില്‍ എത്തുകയും ചെയ്യുന്നു.

ഒരു പ്രതലത്തില്‍ പതിക്കുന്ന വെളിച്ചത്തെ ആശ്രയിച്ചാണ് അതിന്‍റെ നിറം ഇരിക്കുന്നത്. നേരിട്ടുള്ള സൂര്യ പ്രകാശത്തില്‍ ചുവപ്പ് രശ്മികള്‍ കൂടുതലായി ഭൂമിയിലേക്ക് എത്തുന്നതിനാല്‍ തന്നെ ചുവപ്പന്‍ നിറത്തിലാകും കൂടുതല്‍ വസ്തുക്കളും ദൃശ്യമാകുക. ആകാശം ചെഞ്ചായം വാരി വിതറിക്കാണുന്നതിന്‍റെ കാരണമിതാണെന്ന് യോഷിമത്​സു പറയുന്നു. എന്നാല്‍ സമ്പൂര്‍ണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നതോടെ നേരിട്ടുള്ള പ്രകാശമല്ല ഭൂമിയില്‍ പതിക്കുന്നത്. ഇങ്ങനെ നേരിട്ട് പതിക്കാത്ത പ്രകാശം നീല നിറത്തിലാണ് ചിതറിപ്പോവുക, ഇതോടെ നീല നിറം വസ്തുക്കളില്‍ കൂടുതല്‍ തെളിമയോടെ ദൃശ്യമാകുന്നു. ഇത് നീലയിലേക്ക് വര്‍ണരാജികളെയപ്പാടെ മാറ്റുന്നുവെന്നും യോഷിമത്​സു പറയുന്നു. സൂര്യാസ്തമയ സമയത്തും ഇതിന് സമാനമായ പ്രകാശ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

രണ്ടാമത്തെ കാര്യം, നമ്മുടെ കണ്ണുകള്‍ക്കുള്ളില്‍ നടക്കുന്നതാണ്. പ്രകാശമേറിയ വെളിച്ചത്തില്‍ റെറ്റിനയ്ക്കുള്ളിലെ കോണുകളിലാണ് പ്രകാശം കേന്ദ്രീകരിക്കുന്നത്. ഈ കോണുകളാണ് നിറക്കാഴ്ച നല്‍കുന്നത്. കോണുകളില്‍ ഭൂരിഭാഗവും ചുവപ്പും പച്ചയും തിരിച്ചറിയാനും വളരെ കുറച്ച് മാത്രം നീല തിരിച്ചറിയാനും കഴിയുന്ന വിധമാണ് സജ്ജമായിട്ടുള്ളത്. ഇത് മൂന്നും സമന്വയിക്കുമ്പോള്‍ ചുവപ്പ്–പച്ച–നീല നിറങ്ങള്‍ ദൃശ്യമാകുന്നു. കോണുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരിക്കുമ്പോള്‍ പകല്‍ നേരത്ത് നീലയെക്കാള്‍ ചുവപ്പിന് തെളിച്ചവുമേറും.

എന്നാല്‍ ഇരുട്ടത്ത് സൂക്ഷ്മസംവേദന ക്ഷമതയുള്ള റോഡ് കോശങ്ങളാണ് രാത്രി കാഴ്ച സാധ്യമാക്കുന്നത്. ഈ റോഡ് കോശമാകട്ടെ ഒരു തരം മാത്രമാണുള്ളത്. അതുകൊണ്ടാണ് ഇരുട്ടിലും വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും നമുക്ക് നിറങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തത്. ഗ്രഹണം, സന്ധ്യ, പ്രഭാത, മറ്റ് വെളിച്ചം കുറഞ്ഞ സാഹചര്യങ്ങള്‍ ഇവയെല്ലാം തന്നെ ഇതിനിടയില്‍ വരുന്ന സമയങ്ങളാണ്. അത്ര പ്രകാശമാനവുമല്ല, എന്നാലത്ര ഇരുട്ടുമല്ല. അവിടെയാണ് പര്‍കിഞ്ജ് പ്രതിഭാസം സംഭവിക്കുകയെന്നും യോഷിമത്​സു പറയുന്നു. പ്രകാശം കുറഞ്ഞ സമയങ്ങളില്‍ ചുവപ്പിനെക്കാളും നീലയെ ചിരിച്ചറിയാന്‍ ഇടയാക്കുന്ന കണ്ണിന്‍റെ സംവേദനനക്ഷമതയെയാണ് പര്‍കിഞ്ജ് പ്രതിഭാസമെന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. വെളിച്ചം കുറഞ്ഞ ചില പ്രത്യേക സാഹചര്യങ്ങളില്‍ റോഡുകളും കോണുകളും നമ്മുടെ കാഴ്ചയെ സഹായിക്കാറുണ്ട്. സന്ധ്യാനേരത്ത് അല്ലെങ്കില്‍ മങ്ങിയ വെളിച്ചത്തില്‍ കോണ്‍ കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിറത്തെ തിരിച്ചറിയാന്‍ മാത്രം പര്യാപ്തമല്ല. ഇതോടെ നിറങ്ങളിലെ വ്യത്യാസം നേര്‍ത്തതായി അനുഭവപ്പെടും. അതേസമയം റോഡുകള്‍ നീലയും പച്ചയും പ്രകാശതരംഗങ്ങളെ തിരിച്ചറിയുമ്പോള്‍ ചുവപ്പിനെ ഇരുണ്ടാതാക്കി കാണിക്കുകയും ചെയ്യുന്നു. കോണുകള്‍ പ്രവര്‍ത്തന ക്ഷമമായിരിക്കുമ്പോള്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. ഗ്രഹണസമയത്ത് കണ്ണടകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഈ പര്‍കിങ്ജ് പ്രതിഭാസം തിരിച്ചറിയാന്‍ കഴിയുകയുള്ളൂവെന്ന് ഗവേഷകര്‍ പറയുന്നു. അല്ലാത്തവര്‍ക്ക് ഇരുട്ട് മാത്രമാകും കാണാനാവുക. 

ENGLISH SUMMARY:

Why some colours really pop during total solar eclipse?