TOPICS COVERED

2004ൽ കണ്ടെത്തിയത് മുതൽ ഭൂമിയുടെ ആശങ്കയാണ് അപ്പോഫിസ് എന്ന  ഭീമൻ ഉൽക്ക . എല്ലാം നശിപ്പിക്കുന്ന ഈജിപ്ഷ്യൻ ദേവന്‍റെ പേരാണ് ഉൽക്കയ്ക്ക് നൽകിയിരിക്കുന്നത്. ഇതുവരെയുള്ള പഠനമനുസരിച്ച് 2029 ഏപ്രിലോടെ ഈ ഭീമൻ ഉൽക്ക ഭൂമിക്ക്  30,600 കിലോമീറ്റർ അടുത്ത് എത്തുമെന്നായിരുന്നു നിഗമനം. ഭൂമിയിൽ നിന്നും നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാകുന്ന ദൂരം. ഇതുമൂലം ചെറിയ ആഘാതം മാത്രമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയ പഠനം അനുസരിച്ച് ഭീമൻ ഉൽക്കയുടെ പാതയിൽ മാറ്റത്തിന് സാധ്യതയുണ്ട്. ചെറു ഉൽക്കകൾ അപ്പോഫിസില്‍ തട്ടുന്നത് മൂലമാണിത്. ഇനിയും ഇത്തരത്തിൽ ചെറു ഉൽക്കകൾ തട്ടിയാൽ ഭൂമിക്ക് ആപത്ത് എന്നാണ് പുതിയ പഠനം. 

അപ്പോഫിസിന്‍റെ പാതയെ സംബന്ധിച്ച് ആഗോളതലത്തിൽ ഒട്ടേറെ പഠനങ്ങള്‍ നടക്കുന്നുണ്ട്. ഭീമൻ ഉൽക്ക ഭൂമിയെ ഇടിക്കാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ അസാധ്യമെന്ന്  പറയായാകില്ല. 2004ൽ കണ്ടെത്തിയത് മുതൽ ഹൈ റിസ്ക് പട്ടികയിൽ ആയിരുന്നു അപ്പോഫിസ്. പിന്നീട് 2021ല്‍ ഭൂമിക്ക് സമീപത്തു കൂടി ഉൽക്ക കടന്നുപോയപ്പോഴാണ് അതിന്‍റെ പാതയെ സംബന്ധിച്ച് വ്യക്തത ലഭിച്ചത്. നിലവിലെ പാതയിൽ ആണെങ്കിൽ അടുത്ത 100 വർഷത്തേക്ക് ഭൂമിയുമായി കൂട്ടിയിടിക്കില്ല. പക്ഷേ പുതിയ പഠനം പ്രകാരം ചെറു ഉൽക്കകൾ കൂട്ടിയിടിച്ചാൽ അപ്പോഫിസ് ഭൂമിക്ക് നേരെ പാഞ്ഞേക്കാം. 

പേടിപ്പിക്കുന്ന വസ്തുത?

ഈ വർഷം മുതൽ 2027 വരെ അപ്പോഫിസിനെ നിരീക്ഷിക്കാനാകില്ല എന്നതാണ് വസ്തുത. സൂര്യന്‍റെ ദിശയിലേക്ക് ഉൽക്ക പോകുന്നതിനാൽ ടെലസ്കോപ്പുകൾക്ക് അപ്പോഫിസിനെ തിരിച്ചറിയാൻ ആകില്ല. ആശങ്കയുണ്ടാക്കുന്നതാണ് പുതിയ പഠനം . നിലവിൽ ഭൂമിക്ക് തൊട്ടടുത്തു കൂടെ പോകുമെന്ന് കരുതുന്ന  ഉൽക്കയ്ക്ക് ദിശാ മാറ്റം ഉണ്ടായാൽ അത് തിരിച്ചറിയാൻ 2027 വരെ കാത്തിരിക്കണം. 2029 ലാണ് ഭൂമിക്കടുത്ത് ഉൽക്ക അടുത്തതായി എത്തുക. ഉല്‍ക്കയുടെ ഗതിമാറ്റം തിരിച്ചറിയാന്‍ വളരെ കുറച്ച് സമയം മാത്രമായിരിക്കും  നമുക്ക് ലഭിക്കുക. പഠനങ്ങൾ അനുസരിച്ച് 60 സെൻറീമീറ്റർ വ്യാസമുള്ള ഉൽക്ക ഒരു പ്രത്യേക വശത്തുനിന്ന് ഇടിച്ചാൽ അപ്പോഫിസ് ഭൂമിക്ക് നേരെ നീങ്ങും. മുന്നുമീറ്ററെങ്കിലും വ്യാസമുള്ള മറ്റൊരുല്‍ക്ക ഇടിച്ചാല്‍ മാത്രമേ  അപ്പോഫിസിന്‍റെ ഭുമിയിലേക്കുള്ള സഞ്ചാരപഥം മാറ്റാനാകൂ. 

എങ്ങനെ ഉൽക്കയുടെ ഗതി മാറ്റും?

ഭൂമിക്ക് നേരെ വരുന്ന ഭീമൻ പ്രപഞ്ച വസ്തുക്കളെ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇടിച്ച് നശിപ്പിക്കുന്ന പദ്ധതി നിലവിലുണ്ട്. 2019 നാസ ഡിമോർഫസ് - ഡിഡിമോസ് എന്നീ ഉൽക്കകളെ ഡബിൾ ആസ്ട്രോയിഡ് റീ ഡയറക്ഷൻ ടെസ്റ്റ് അഥവാ ഡാർട്ട് ദൗത്യത്തിലൂടെ വ്യതിചലിപ്പിച്ചിട്ടുണ്ട്.  ഉപയോഗശൂന്യമായതോ സ്ഫോടകവസ്തുക്കള്‍ നിറച്ചതോ ആയ ക്രിത്രിമോപഗ്രഹങ്ങള്‍ ഉപോഗിച്ച് ഇടിച്ച് ഗതിമാറ്റുന്നതാണ് പദ്ധതി. അപ്പോഫിസിന്‍റെ വലുപ്പം ഒരു ആശങ്കയാണ്. ആയിരം അടിയാണ് വീതി. അമേരിക്കയിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ അതേ വലിപ്പം. വമ്പൻ സ്പോടക ശേഷിയുള്ള ഉപഗ്രഹം ഉപയോഗിച്ച് ഇടിച്ചു നശിപ്പിച്ചാലും അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് എത്തും. കുറെയൊക്കെ അന്തരീക്ഷത്തിൽ കത്തി തീരുമെങ്കിലും ചില ഭാഗങ്ങൾ ഭൂമിയിൽ പതിക്കും. ഈ അപകടം ഒഴിവാക്കാൻ മറ്റൊരു പദ്ധതി ശാസ്ത്രജ്ഞർ  മുമ്പോട്ട് വെക്കുന്നുണ്ട്. ഉൽക്കയുടെ ഒരു ഭാഗത്ത് കറുപ്പ് നിറം നൽകുക, സൂര്യന്റെ റേഡിയേഷൻ ഈ ഭാഗം കൂടുതലായി സ്വീകരിക്കുന്നതിനാൽ, ഉൽക്കയുടെ പാതയിൽ മാറ്റം വരും. പക്ഷേ രണ്ടുവർഷംകൊണ്ട് അത് സാധ്യമാകില്ല.

ഭൂമിയിൽ ഇടിച്ചാൽ എന്ത് സംഭവിക്കും

1000 അടി വ്യാസമുള്ള അപ്പോഫിസ് ഭൂമിയിൽ ഇടിച്ചാൽ വൻ അപകടമാകും ഉണ്ടാവുക. പ്ലാനിറ്ററി സൊസൈറ്റിയുടെ അനുമാനപ്രകാരം 1000 മെഗാ ടൺ ടിഎൻടി പൊട്ടിത്തെറിക്കുന്നതിന് സമാനമായ പ്രഹരം. അല്ലെങ്കിൽ 100 ന്യൂക്ലിയർ ബോംബുകൾ പൊട്ടിത്തെറിക്കുന്നത് പോലെ. 100 മൈൽ വ്യാസത്തിൽ ആയിരിക്കും പ്രഹരം അനുഭവപ്പെടുക. ഭൂമിയിലെ ഒരു വലിയ മേഖല തകർന്നടിയും. എന്നാൽ ഡൈനോസറുകളെയും ഭൂമിയിലെ മൂന്നിൽ രണ്ട് ജീവികളെയും ഇല്ലാതാക്കിയ ആറു കോടി വർഷം മുമ്പത്തെ ഉൽക്ക വീഴ്ചയ്ക്ക് സമാനമാകില്ല. പക്ഷേ ആൾനാശത്തിൽ ഭൂമിയിൽ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ അപകടം ആയിരിക്കും. 

ഏതായാലും 2004 മുതൽ ശാസ്ത്രലോകത്തെ ഭീതിപ്പെടുത്തുന്ന ഭീമൻ ഉൽക്ക ഒരിടവേളക്കുശേഷം വീണ്ടും ആശങ്കയായിരിക്കുകയാണ്. ഭയപ്പെടുന്നതുപോലെ ഭൂമിക്കരികിലേക്ക് അത് നീങ്ങുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം, 2027ൽ നമ്മുടെ ടെലസ്കോപ്പുകളുടെ കൺവെട്ടത്ത് വരുന്നത് വരെ.

ENGLISH SUMMARY:

Since its discovery in 2004, the giant asteroid Apophis has raised concerns. Current predictions suggest that Apophis will come within 30,600 kilometers of Earth in April 2029, which was thought to pose only a minor impact. However, new research indicates that the asteroid's trajectory may be altered by small asteroids colliding with it. If more small asteroids impact Apophis, it could increase the threat to Earth.