Courtesy : ISRO/isro.gov.in/@isro

Courtesy : ISRO/isro.gov.in/@isro

പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. കർണാടകയിലെ ചിത്രദുർഗയിലുള്ള എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ രാവിലെ 7.10നാണ് 'പുഷ്പക്' വിക്ഷേപണ വാഹനം പറന്നിറങ്ങിയത്. ആർ.എൽ.വിയുടെ (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ) മൂന്നാമത്തേതും അവസാനത്തേതുമായ ലാൻഡിങ് പരീക്ഷണമായിരുന്നു (LEX 03) ഇത്. ചിറകോടുകൂടിയ വിക്ഷേപണ വാഹനത്തെ ചിനൂക് ഹെലികോപ്റ്ററിൽ ഭൂതലത്തിൽ നിന്ന് നാലര കിലോമീറ്റർ ഉയരത്തിൽ എത്തിച്ചു. ഹെലികോപ്റ്ററിൽ നിന്ന് വിടുവിച്ച ആർ.എൽ.വി സ്വയംനിയന്ത്രിത സംവിധാനങ്ങളുപയോഗിച്ച് കിറുകൃത്യമായി റൺവേയുടെ മധ്യത്തിലെത്തി ലാൻഡ് ചെയ്തു. 

Courtesy : ISRO/isro.gov.in/@isro

Courtesy : ISRO/isro.gov.in/@isro

റൺവേയിൽ തിരശ്ചീനമായി (Horizontal) ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വാഹനത്തിന്റെ പ്രവേഗം മണിക്കൂറിൽ 320 കിലോമീറ്റർ ആയിരുന്നു. സാധാരണ യാത്രാവിമാനത്തിന് ഇത് 260 കിലോമീറ്ററും യുദ്ധവിമാനത്തിന് 280 കിലോമീറ്ററും ആയിരിക്കും. റൺവേയിൽ തൊട്ടതിനുപിന്നാലെ ആർ.എൽ.വിയിലെ ബ്രേക്ക് പാരഷൂട്ട് വിടർന്നു. ഇതോടെ വേഗം മണിക്കൂറിൽ 100 കിലോമീറ്ററായി കുറഞ്ഞു. തുടർന്ന് ലാൻഡിങ് ഗിയർ ബ്രേക്കുകൾ പ്രവർത്തിച്ചു. ഒപ്പം റഡ്ഡറും (വിമാനത്തിന്റെ തിരശ്ചീന ഗതി നിയന്ത്രിക്കാൻ പിന്നിൽ ഘടിപ്പിച്ചിട്ടുള്ള ലോഹപ്പലക) നോസ് വീൽ ഡ്രൈവിങ് സംവിധാനവും ആക്ടിവ് ആയി. വാഹനം റൺവേയിൽ നിർത്തേണ്ട സ്ഥലത്തുതന്നെ നിന്നു. മിഷൻ സക്സസ്!

കൂടുതൽ ദുഷ്കരമായ സാഹചര്യങ്ങളിൽ വാഹനം തിരിച്ചിറക്കാനുള്ള പരീക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ചിത്രദുർഗ റേഞ്ചിൽ നടന്നത്. ലാൻഡിങ് എക്സ്പെരിമെന്റ് രണ്ടിൽ (LEX 02) ഉപയോഗിച്ച അതേ വാഹനമാണ് ഇന്നും ഉപയോഗിച്ചത്. ലോഞ്ച് വെഹിക്കിൾ ഡിസൈനിലും നിർമാണത്തിലും ഐഎസ്ആർയ്ക്കുള്ള വൈദഗ്ധ്യവും മികവും തെളിയിക്കുന്നതായി ഒരേ വാഹനം ഉപയോഗിച്ചുള്ള തുടർച്ചയായി പരീക്ഷണങ്ങൾ. ബഹിരാകാശത്തുപോയി മടങ്ങിയെത്താൻ കഴിയുന്ന വാഹനങ്ങൾ നിർമിക്കാനാവശ്യമായ തന്ത്രപ്രധാന സാങ്കേതിക വിദ്യകൾ ഐഎസ്ആർഒയ്ക്ക് സ്വന്തമായി. ഈ മിഷനിൽ ഉപയോഗിച്ച അത്യാധുനിക ഗൈഡൻസ് അൽഗരിതം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വാഹനം തിരിച്ചിറങ്ങുമ്പോഴും അതിന് ശേഷവുമുള്ള ചലനങ്ങളിലെ പാളിച്ചകൾ കണ്ടെത്തി പരിഹരിച്ച് ദിശയും വേഗവും ക്രമപ്പെടുത്താൻ സഹായിക്കുന്നതാണ്. ഇനേർഷ്യൽ സെൻസർ, റഡാർ അൾട്ടിമീറ്റർ, ഫ്ലഷ് എയർ ഡേറ്റ സിസ്റ്റം, ന്യൂസോലൈറ്റ് സിസ്റ്റം തുടങ്ങിയവ ഉൾപ്പെട്ട മൾട്ടിസെൻസർ ഫ്യൂഷന്റെ വിജയം ആണ് മറ്റൊരു പ്രധാന നേട്ടം. 

Courtesy : ISRO/isro.gov.in/@isro

Courtesy : ISRO/isro.gov.in/@isro

ഐഎസ്ആർഒയുടെ വിവിധ സെന്ററുകൾ, വ്യോമസേന, എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, റീജണൽ സെന്റർ ഫോർ മിലിറ്ററി എയർവർത്തിനസ്, നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസ്, ഐഐടി കാൺപുർ, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, വ്യോമയാന വ്യവസായ പങ്കാളികൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ്  ആർഎൽവി ലാൻഡിങ് എക്സപെരിമെന്റ് മിഷൻ പൂർത്തിയാക്കിയത്. ജ.മുത്തുപാണ്ഡ്യനാണ് മിഷൻ ഡയറക്ടർ. ബി.കാർത്തിക്കാണ് വെഹിക്കിൾ ഡയറക്ടർ. മിഷൻ ടീമിനെയും അതിന്റെ ഭാഗമായ എല്ലാവരെയും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അഭിനന്ദിച്ചു.

 
ISRO completes rlv technology demonstrations through lex03:

The Indian Space Research Organisation (ISRO) successfully completed its third consecutive Reusable Launch Vehicle (RLV) Landing Experiment (LEX) on June 23, 2024, at the Aeronautical Test Range in Chitradurga, Karnataka. The RLV, named 'Pushpak,' autonomously executed precise landing maneuvers under challenging conditions after being released from an Indian Air Force Chinook Helicopter. This mission validated ISRO's advanced guidance systems and high-speed landing capabilities, crucial for future orbital re-entry missions. The collaborative effort involved multiple ISRO centers and partners, with significant support from the Indian Air Force and various aerospace organizations.