ഒരേസമയം രണ്ട് ഉല്‍ക്കാ വര്‍ഷങ്ങള്‍, ഈ ജൂലൈയില്‍ നിങ്ങളെ കാത്തിരിക്കുന്നത് അപൂര്‍വ്വമായ ആകാശപൂരമാണ്. മാസാവസാനത്തോടെ മാനത്ത് വെടിക്കെട്ട് തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ഡെൽറ്റ അക്വാറിഡ്‌സ്, ആൽഫാ കാപ്രിക്കോർണിഡ്‌സ് എന്നറിയപ്പെടുന്ന ഉല്‍ക്കാ വര്‍ഷങ്ങള്‍.
അക്വേറിയസ്, കാപ്രിക്കോണ്‍ എന്നിങ്ങനെയുള്ള രണ്ട് നക്ഷത്ര സമൂഹങ്ങളില്‍ നിന്ന് ഉല്‍ഭവിക്കുന്ന ഉല്‍ക്കകളാണ് മാനത്ത് പ്രകാശ മഴ ചൊരിയുക. ജൂലൈ 30 നാണ് ഇവ ദൃശ്യമാകുക. ഭൂമിയുടെ ദക്ഷിണാര്‍ധ ഗോളത്തിലുള്ളവര്‍ക്കും ഉത്തരാര്‍ധ ഗോളത്തില്‍ ഭൂമധ്യരേഖാ പ്രദേശങ്ങളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നവര്‍ക്കും ഉല്‍ക്കാമഴ ദൃശ്യമാകും. മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ഉല്‍ക്കാവര്‍ഷങ്ങള്‍ ഒരുമിച്ച് എന്നതുതന്നെയാണ് ഇത്തവണത്തെ പ്രത്യേകത.
ഒരു വാൽനക്ഷത്രമോ ഛിന്നഗ്രഹമോ കടന്നുപോയ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോളാണ് ഉല്‍ക്കാ മഴകളുണ്ടാകുന്നത്. ഈ പാതയില്‍ വാല്‍നക്ഷത്രങ്ങളില്‍ നിന്നുള്ള പൊടിയോ പാറകളോ അവശേഷിക്കും. ഭൂമി ഈ പാതയിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഇവ ഉല്‍ക്കകളായി പെയ്തിറങ്ങും.
96P/Machholz അവശേഷിപ്പിച്ച അവശിഷ്ടങ്ങള്‍ക്ക് സമീപം ഭൂമി കടന്നുപോകുമ്പോഴാണ് ഡെൽറ്റ അക്വാറിഡ്‌സ് ഉല്‍ക്കാവര്‍ഷം ഉണ്ടാകുന്നത്. മണിക്കൂറില്‍ 20 ഉല്‍ക്കകളെയെങ്കിലും ആകാശത്ത് പ്രതീക്ഷിക്കാം. 169P/NEAT അവശേഷിപ്പിച്ച അവശിഷ്ടങ്ങള്‍ക്ക് സമീപം ഭൂമി കടന്നുപോകുമ്പോഴാണ് ആൽഫാ കാപ്രിക്കോർണിഡ്‌സ് എത്തുക. ലൈവ് സയന്‍സ് പറയുന്നത് പ്രകാരം ഡെല്‍റ്റ അക്വാറിഡ്സ് ഉല്‍ക്കാവര്‍ഷം ജൂലൈ 18 ന് ആരംഭിച്ച് ജൂലൈ 21 വരെ തുടരും. എങ്കിലും ജൂലൈ 29, 30 രാത്രികളിലായിരിക്കും ഇവ പാരമ്യത്തിലെത്തുക.
ഡെൽറ്റ അക്വാറിഡ്‌സ്, ആൽഫ കാപ്രിക്കോർണിഡ്‌സ് ഉല്‍ക്കാവര്‍ഷങ്ങള്‍ അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് മാസം പകുതിയോട് കൂടി പെഴ്സിയിഡിസ് ഉല്‍ക്കാ വര്‍ഷവും പാരമ്യത്തിലെത്തും. ഇതോടെ ഒന്നിന് പുറകെ ഒന്നായി ആകാശത്ത് വര്‍ണ പൂരം തീര്‍ക്കപ്പെടാനുള്ള സാധ്യതയും ശാസ്ത്രലോകം തള്ളിക്കളയുന്നില്ല. ഞായാറാഴ്ച മുതല്‍ പെഴ്സിയിഡിസ് ഉല്‍ക്കാ വര്‍ഷം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എങ്കിലും ഇത് പാരമ്യത്തിലെത്തുന്നത് ഓഗസ്റ്റ് 12,13 ദിവസങ്ങളിലായിരിക്കും.