പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മാനത്ത് ആ വിസ്മയം വീണ്ടും ദൃശ്യമാകുന്നു. മണിക്കൂറുകളോളം ശനിയുടെ മുഖം ചന്ദ്രന്‍ മറയ്ക്കുന്ന അപൂര്‍വ പ്രതിഭാസത്തിനാണ് ഭൂമി നാളെ പുലര്‍ച്ചെ സാക്ഷ്യം വഹിക്കുക. ദക്ഷിണേന്ത്യയിലുള്‍പ്പടെ രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ ആകാശ വിസ്മയം കാണാം. ചന്ദ്രന്‍ ശനിയുടെ മുന്നിലെത്തി താല്‍കാലികമായി ശനിയെ കാഴ്ചയില്‍ നിന്നും മറയ്ക്കുന്നതാണ് പ്രതിഭാസം.
ചന്ദ്രന്‍റെ 'ശനിഗ്രഹണം' എപ്പോള്‍? എങ്ങനെ കാണാം?
വ്യാഴാഴ്ച പുലര്‍ച്ചെ 1.03 മണിക്ക് ആരംഭിക്കുന്ന പ്രതിഭാസം പുലര്‍ച്ചെ 2.56 വരെ നീണ്ട് നില്‍ക്കുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് പറയുന്നത്. പ്രാദേശികമായ സമയവ്യത്യാസങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണാന്‍ കഴിയുമെങ്കിലും കുറച്ച് കൂടി കൃത്യവും വ്യക്തവുമായ കാഴ്ചയ്ക്ക് ചെറിയ ബൈനോക്കുലറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നക്ഷത്രം പോലെ തിളക്കമേറിയ ഗ്രഹമായതിനാല്‍ ശനിയെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല. പ്രതിഭാസ സമയത്ത് ചന്ദ്രന്‍ ശനിക്ക് തൊട്ടടുത്താവുകയും ചെയ്യും.
കിഴക്കന്‍ ആഫ്രിക്ക, മഡഗാസ്കര്‍, ദക്ഷിണേന്ത്യ, കിഴക്കേയിന്ത്യ, വടക്കുപടിഞ്ഞാറന്‍ ഇന്തൊനേഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യയുടെ മിക്ക പ്രദേശങ്ങളും, ചൈന, മംഗോളിയ, എന്നിവിടങ്ങളില്‍ പ്രതിഭാസം ദൃശ്യമാകും.
ഇന്ത്യയില്‍ ബെംഗളൂരുവില്‍ നാളെ പുലര്‍ച്ചെ 1.03 മണി മുതല്‍ 2.09 മണി വരെയും മുംബൈയില്‍ 1.26 മുതല്‍ 1.49 വരെയും ഭുവനേശ്വറില്‍ 1.30 മുതല്‍ 2.38 വരെയും കൊല്‍ക്കത്തയില്‍ 1.38 മുതല്‍ 2.46 വരെയും ഗുവാഹത്തിയില്‍ 1.50 മുതല്‍ 2.56 വരെയുമാകും 'ശനിയില്ലാത്ത' ആകാശം ദൃശ്യമാകുക.
പൗര്‍ണമി നാള്‍ കഴിഞ്ഞി ദിവസങ്ങള്‍ മാത്രമായതിനാല്‍ ചന്ദ്രന്‍ 81 ശതമാനം പ്രഭയോടെ തന്നെ ശനിക്ക് ഇടത്ത് ഭാഗത്തായി താഴെ ആകാശത്തിലാണ് നിലവില്‍ സ്ഥിതി ചെയ്യുന്നത്. ഇന്നും നാളെയും കുംഭരാശിയിലെ നക്ഷത്രങ്ങള്‍ക്ക് സമീപത്തായി ശനിയെയും ചന്ദ്രനെയും കാണാം. ഭൂമിയില്‍ നിന്ന് ഏകദേശം 384,400 കിലോമീറ്ററാണ് ചന്ദ്രനിലേക്കുള്ള കലം. ശനിയാവട്ടെ 1,340 ദശലക്ഷം കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നതും. കാഴ്ചയുടെ ചില മായാജാലങ്ങളാണ് ഗ്രഹങ്ങളുടെ സംയോജനവും ഗ്രഹണങ്ങളുമെന്നും വാനനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.