സമുദ്രങ്ങള്‍ രൂപപ്പെടാന്‍ തക്ക അളവില്‍ ഭൂഗര്‍ഭജലം ചൊവ്വയിലുണ്ടെന്ന് പഠനം. നാസയ്ക്കുവേണ്ടി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷസംഘമാണ് പഠനം നടത്തിയത്. നാസയുടെ തന്നെ മാര്‍സ് ഇന്‍സൈറ്റ് ലാന്‍ഡറുടെ കണ്ടെത്തലുകള്‍ വിശകലനം ചെയ്താണ് പുതിയ കണ്ടെത്തല്‍. ഭൂമിക്ക് പുറത്ത് ജീവന്‍റെ തുടിപ്പ് തേടിയുള്ള അന്വേഷണത്തിലും കോളനികളുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും ഈ കണ്ടെത്തല്‍ ഊര്‍ജം പകരും.
ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 11.5 മുതല്‍ 20 കിലോമീറ്റര്‍ വരെ താഴെയാണ് ജലത്തിന്‍റെ സാന്നിധ്യമുണ്ടെന്നാണ് നിഗമനം. ആഴത്തിലുള്ള ജലസാന്നിധ്യം നേരിട്ട് വിശകലനം ചെയ്യുന്നത് അസാധ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു. 2018 മുതല്‍ ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന ഇന്‍സൈറ്റ് ലാന്‍ഡറില്‍ നിന്നുള്ള നാല് വര്‍ഷത്തെ ഡേറ്റ അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടെത്തല്‍. ലാന്‍ഡപര്‍ 2021 ല്‍ ദൗത്യം അവസാനിപ്പിച്ചിരുന്നു.
30ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൊവ്വയുടെ ഉപരിതലത്തില്‍ സമുദ്രങ്ങളും നദികളും തടാകങ്ങളും ഉണ്ടായിരുന്നുവെന്ന് ഇതിനകം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വയുടെ ധ്രുവങ്ങളിൽ തണുത്തുറഞ്ഞ ജലത്തിന്‍റെ സാന്നിധ്യവും അന്തരീക്ഷത്തിൽ ബാഷ്പകണികകളും നിലനിന്നിരുന്നു എന്നതിന്‍റെ തെളിവുകളും മുൻ പഠനങ്ങളിലുണ്ടായിരുന്നു. എന്നാൽ ഗ്രഹത്തിൽ ദ്രവരൂപത്തിലുള്ള ജലം കണ്ടെത്തുന്നത് ഇതാദ്യമാണ്.
ഭൂമിയിലെ ജലത്തിന്‍റെ ഭൂരിഭാഗവും ഭൂമിക്കടിയിലാണെന്നും ചൊവ്വയിലും ഇതിന് സമാനമായിരിക്കാനുള്ള സാധ്യത ഉണ്ടെന്നുമാണ് പഠനം ഉന്നിപ്പറയുന്നത്. ചൊവ്വയിലെ ജലത്തിന്‍റെ സാന്നിധ്യം, നഷ്ടപ്പെട്ട അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും ജീവന്റെ സാധ്യതകളെകുറിച്ചുമുള്ള പഠനങ്ങളെ സഹായിക്കുമെന്നും പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.