ഭൂമിയുമായി കൂട്ടിയിടിച്ച് കുഞ്ഞന്‍ ഛിന്നഗ്രഹം. 70 സെന്‍റീമീറ്റര്‍ മാത്രം വ്യാസമുള്ള C0WEPC5 വ്യാസമുള്ള ഛിന്നഗ്രഹമാണ് റഷ്യയിലെ യകൂത്സ്യെക്ക് മുകളില്‍ പതിച്ചത്. ഭൂമിയുമായി കൂട്ടിയിടിക്കുന്നതിന് വെറും 12 മണിക്കൂര്‍ മുമ്പ് മാത്രമാണ് ഛിന്നഗ്രഹത്തിന്‍റെ പാത നിര്‍ണയിക്കാനായത്. യകൂത്സ്യെയുടെ ആകാശത്ത് വലിയൊരു തീ ഗോളം പോലെയാണ് ഛിന്നഗ്രഹം എത്തിയത്. ഇത് ചിതറിത്തെറിച്ച് വനമേഖലയില്‍ പതിച്ചെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ആകാശത്തെ 'അഗ്നിഗോള'ത്തിന്‍റെ വിഡിയോ ദൃശ്യങ്ങളടക്കം പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഛിന്നഗ്രഹത്തിന്‍റെ പാത കൃത്യമായി നിര്‍ണയിക്കുന്നതിനും അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന സമയം വരെ നിര്‍ണയിക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. അന്തരീക്ഷത്തില്‍ കടന്നതിന് പിന്നാലെ കുഞ്ഞന്‍ കഷ്ണങ്ങളായി വിദൂര വനമേഖലയിലേക്ക് പതിച്ചുവെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. വലിപ്പത്തില്‍ ചെറുതായതിനാല്‍ തന്നെ നാശനഷ്ടങ്ങളോ ആള്‍നാശമോ ഒന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മുന്‍പ് കണ്ടെത്തിയ 2022 WJ, 2023 CX1,2024 BX1 എന്നിവയ്ക്ക് സമാനമാണ് ഇന്നലെ പതിച്ച ഛിന്നഗ്രഹവുമെന്നും അന്തരീക്ഷത്തില്‍ പ്രവേശിച്ചയുടന്‍ തന്നെ വലിയ പ്രകാശമാണ് ഇവയെല്ലാം ഉണ്ടാക്കിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി. നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുമടക്കമുള്ള ഇത്തരം ഛിന്നഗ്രഹങ്ങളെ തിരിച്ചറിയുകയും സഞ്ചാരപാതയും അന്തരീക്ഷത്തില്‍ കടക്കുന്ന സമയവും വരെ കൃത്യമായി നിര്‍ണയിക്കുകയും അതനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാറുമുണ്ട്. ഈ വര്‍ഷം ഭൂമിയിലെത്തുന്ന നാലാമത്ത ഛിന്നഗ്രഹമാണിത്.