AI Generated Image

AI Generated Image

TOPICS COVERED

ബഹിരാകാശത്തുവച്ച് 900 ത്തിലധികം കഷണങ്ങളായി പൊട്ടിച്ചിതറി ചൈനീസ് റോക്കറ്റ്. ഭൂമിയുടെ ഓര്‍ബിറ്റിലൂടെ നീങ്ങുന്ന ആയിരത്തിലധികം ഉപഗ്രഹങ്ങള്‍ക്ക് ഈ അവശിഷ്ടങ്ങള്‍ ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട്. വരും ദിവസങ്ങളിൽ 1,100-ലധികം കൂട്ടിമുട്ടലുകളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ചൈനീസ് ഗവണ്‍മെന്‍റിന്‍റെ ഷാങ്ഹായ് സ്‌പേസ്‌കോം സാറ്റലൈറ്റ് ടെക്‌നോളജി (എസ്എസ്എസ്ടി)യുടെ 18 ഇന്‍റര്‍നെറ്റ് ഉപഗ്രഹങ്ങളുമായി പറന്നുയര്‍ന്ന റോക്കറ്റാണ് ബഹിരാകാശത്ത് വച്ച് പൊട്ടിത്തെറിച്ചത്. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. 300 ലധികം കഷണങ്ങളായാണ് പൊട്ടിത്തെറിച്ചത് എന്നാണ് ആദ്യം കണക്കുകൂട്ടിയിരുന്നത്. എന്നാൽ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ 900 കഷണങ്ങളായി റോക്കറ്റ് ബഹിരാകാശത്ത് ഭീഷണിയുയര്‍ത്തുന്നു എന്നാണ് കരുതുന്നത്. ഏകദേശം 800 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അവശിഷ്ടങ്ങള്‍ വർഷങ്ങളോളം നിലനിൽക്കാം.

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലുള്ള വസ്തുക്കള്‍ക്ക് കാര്യമായ അപകടസാധ്യതയാണ് ഇത് സൃഷ്ടിക്കുന്നത്. മറ്റൊരു വസ്തുവുമായി കൂട്ടിയിടിക്കുന്നതുള്‍പ്പെടെ റോക്കറ്റിലെ ഉപയോഗിക്കാത്ത ഇന്ധനത്തില്‍ നിന്ന് ഒരു സ്ഫോടനത്തിന്‍റെ സാധ്യതപോലും തള്ളിക്കളയാനാകില്ല. അതേസമയം, ചില സജീവ ബഹിരാകാശ പേടകങ്ങൾക്ക് കൂട്ടിയിടികൾ ഒഴിവാക്കാൻ സ്ഥാനം മാറാന്‍ കഴിയുമെങ്കിലും മറ്റുള്ളവ അപകട സാധ്യതയില്‍ തന്നെ തുടരുകയാണ്. ഒഴിഞ്ഞുമാറുക എന്നതും പ്രയാസമാണ്.

ഓഗസ്റ്റ് ആറിനാണ് 18 ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കുന്നതിനായി ലോങ്മാര്‍ച്ച് 6എ വിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ 14000 ഉപഗ്രഹങ്ങള്‍ അടങ്ങുന്ന ഉപഗ്രഹ ശൃംഖല സ്ഥാപിക്കാനായിരുന്നു ചൈനയുടെ പദ്ധതി. ഉപഗ്രഹ ഇന്റനെറ്റ് സേവനം ആരംഭിക്കുന്നതിനായാണിത്. സ്‌പേസ് എക്‌സിന്‍റെ സ്റ്റാർലിങ്കിനെ വെല്ലാനായിരുന്നു ചൈനയുടെ ശ്രമം. 

അതേസമയം, റോക്കറ്റ് തകരാനുണ്ടായ കാരണം വ്യക്തമല്ല. ചൈന ഇക്കാര്യത്തില്‍ വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഉത്തരവാദിത്തമുള്ള പ്രധാന രാജ്യമെന്ന നിലയിൽ ബഹിരാകാശ അവശിഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് ചൈന വലിയ പ്രാധാന്യം നൽകുന്നു. ബഹിരാകാശ പരിസ്ഥിതിയുടെ സംരക്ഷണം, ബഹിരാകാശ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത എന്നിവ നിലനിർത്താന്‍ ശ്രമിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

എന്നാല്‍ ഇതാദ്യമായല്ല ഇത്തരത്തില്‍ ഒരു സംഭവം. 2022-ൽ ലോങ് മാർച്ച് 6A റോക്കറ്റ് തകര്‍ന്ന് നൂറുകണക്കിന് അവശിഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. അന്ന് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ബഹിരാകാശ ഗവേഷകരില്‍ നിന്നും ചൈന വന്‍ വിമർശനത്തിന് വിധേയമായിട്ടുണ്ട്. 

ENGLISH SUMMARY:

Chinese rocket exploded into more than 900 pieces in space. The debris reportedly threatens more than a thousand satellites moving through Earth's orbit. More than 1,100 collisions are predicted in the coming days.