Credit: NASA

Credit: NASA

  • ചെറിയ വസ്തുവിന് പോലും ഛിന്നഗ്രഹത്തിന്‍റെ ദിശമാറ്റാനാകും
  • കൂട്ടിമുട്ടല്‍ പതിനായിരം ആണവായുധങ്ങൾക്ക് തുല്യമായ ഊർജം പുറത്തുവിടും
  • നൂറുകണക്കിന് കിലോമീറ്റർ വരെ വ്യാപകമായ നാശമുണ്ടാകും

13 എന്ന നമ്പറിനും വെള്ളിയാഴ്ചയ്ക്കും നിഴല്‍ പോലെ പല തരത്തിലുള്ള അന്ധ വിശ്വാസങ്ങളുടെ കഥകളും കൂടെയുണ്ട്. എന്നാല്‍ ഇന്ന് ശാസ്ത്ര ലോകം ആശങ്കയോടെ കാണുന്ന ദിവസമാണ് 2029 ഏപ്രില്‍ 13, വെള്ളിയാഴ്ച. എന്നാല്‍ ഈ പേടിക്ക് ആധാരം കേട്ടു പഴകിയ അന്ധവിശ്വാസങ്ങളല്ല എന്നു മാത്രം.

‘God of Chaos’ എന്ന് അറിയപ്പെടുന്ന അപ്പോഫിസ് എന്ന ഛിന്നഗ്രഹത്തിന്‍റെ വരവാണ് ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നത്. മുന്‍പ് ഈ ഛിന്നഗ്രഹം ഭൂമിക്കു സമീപത്തുകൂടി സുരക്ഷിതമായി കടന്നുപോകുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ എന്നാല്‍ ഇപ്പോളിതാ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 

എന്താണ് അപ്പോഫിസ് 99942?

340 മീറ്റർ വ്യാസമുള്ള ഛിന്നഗ്രഹമാണ് അപ്പോഫിസ് 99942. 2004ലാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2029 ഏപ്രിൽ 13, വെള്ളിയാഴ്ച ഈ ഛിന്നഗ്രഹം ഭൂമിയിയുടെ 18,300 മൈൽ അടുത്ത് വരുമെന്ന് വിദഗ്ധർ നേരത്തെ പ്രവചിച്ചിരുന്നു. എന്നാല്‍ ഈ അനുമാനങ്ങളെ മാറ്റിമറിക്കാന്‍ തക്കവിധമാണ് കനേഡിയൻ ശാസ്ത്രജ്ഞനായ പോൾ വീഗെർട്ടിന്‍റെ പുതിയ പഠനം. ഒരു ചെറിയ വസ്തു പതിച്ചാൽപ്പോലും, ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപഥം മാറാൻ സാധ്യതയുണ്ടെന്നും. ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നുമാണ് ദി പ്ലാനറ്ററി സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അപ്പോഫിസിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹങ്ങൾ 7,500 വർഷത്തിലൊരിക്കൽ മാത്രമേ ഭൂമിയോട് അടുത്ത് വരാറുള്ളൂ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 

അപ്പോഫിസ് ഭൂമിയുമായി കൂട്ടിയിടിക്കുമോ?

നിലവിൽ ഇല്ല എന്നുതന്നെയാണ് ഉത്തരം. എന്നാല്‍ രണ്ടടിയിൽ താഴെ മാത്രം വലിപ്പമുള്ള ഒരു ചെറിയ വസ്തുവിന് പോലും ഛിന്നഗ്രഹത്തിന്‍റെ ദിശമാറ്റാന്‍ സാധിക്കും. ഇത് ഛിന്നഗ്രഹത്തെ ഭൂമിയുടെ നേര്‍ക്ക് തിരിച്ചുവിടാം. അതേസമയം അപ്പോഫിസിന്‍റെ ദിശമാറ്റാന്‍ കഴിയുന്ന ഛിന്നഗ്രഹങ്ങളുമായി കൂട്ടിയിടിക്കാന്‍ സാധ്യത വിരളമാണെന്ന് പഠനങ്ങള്‍ പറയുന്നത്. അപ്പോഫിസ് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയാകട്ടെ 2.7 ശതമാനം മാത്രവും.

കഴിഞ്ഞ വർഷം ഛിന്നഗ്രഹത്തിന്‍റെ വരവിനെ കുറിച്ച് നാസയും പ്രതികരിച്ചിരുന്നു. അപ്പോഫിസ് ഭൂമിയിൽ പതിക്കില്ലെങ്കിലും, 2029 ല്‍ ഛിന്നഗ്രഹം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 20,000 മൈൽ (32,000 കിലോമീറ്റർ) അടുത്തെത്തും. ഭൂമിയെ ചുറ്റുന്ന ക്രിത്രിമോപഗ്രഹങ്ങളേക്കാൾ  അടുത്തായിരിക്കും ഇത്. കിഴക്കൻ അർദ്ധഗോളത്തിലുള്ളവര്‍ക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകുകയും ചെയ്യും. 2036ൽ ഭൂമിയിൽ പതിക്കാനുള്ള മറ്റൊരു സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഈജിപിഷ്യന്‍ പുരാണങ്ങളിലെ കഥാപാത്രത്തില്‍ നിന്നാണ് അപ്പോഫിസ് എന്ന പേരുലഭിക്കുന്നത്. ഏകദേശം 5 ഫുട്ബോൾ മൈതാനങ്ങളുടെ വീതിയും ന്യൂയോർക്ക് സിറ്റിയിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിനെക്കാൾ ഉയരവുമാണ് അപ്പോഫിസിനെന്നാണ് അനുമാനിക്കുന്നത്.

അപ്പോഫിസ് ഭൂമിയില്‍ പതിച്ചാല്‍

അപ്പോഫിസിന്‍റെ ‍പതനം അത്ര നിസാരവല്‍ക്കരിക്കാന്‍ സാധിക്കില്ല. പതിക്കുന്ന ഇടത്തുനിന്ന് നൂറുകണക്കിന് കിലോമീറ്റർ വരെ വ്യാപകമായ നാശത്തിന് ഇത് കാരണമാകും. 1,000 മെഗാടൺ ടിഎൻടി അല്ലെങ്കിൽ പതിനായിരക്കണക്കിന് ആണവായുധങ്ങൾക്ക് തുല്യമായ ഊർജമായിരിക്കും കൂട്ടിയിടിയില്‍ നിന്ന് പുറത്തുവിടുക. കടലിലാണ് പതിക്കുന്നതെങ്കിൽ ഭൂമിയുടെ നല്ലൊരുഭാഗം സുനാമിയിൽ മുങ്ങും.

വിനാശകരമാകുന്ന ഛിന്നഗ്രഹങ്ങള്‍

അപ്പോഫിസ് പോലെയുള്ള ഛിന്നഗ്രഹങ്ങൾ മുൻപ് ഭൂമിയിൽ പതിച്ചിട്ടുണ്ട്. ദിനോസറുകളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയതും ആമസോൺ മഴക്കാടുകളുടെ ഉത്ഭവത്തിന് കാരണമായതും ഇത്തരത്തില്‍ ഒരു ഛിന്നഗ്രഹ പതനമാണ്. ദിനോസറുകളുടെയും ഭൂമിയിലെ 70% ജീവജാലങ്ങളുടെയും വംശനാശത്തിലേക്ക് നയിച്ച ഈ ഛിന്നഗ്രഹത്തിന് കുറഞ്ഞത് 10 മുതൽ 15 കിലോമീറ്റർ വരെ വീതിയുണ്ടായിരുന്നു. അത് അപ്പോഫിസിനേക്കാൾ വലുതായിരുന്നു. ഈ പഠനങ്ങള്‍ ഒരു വലിയ ഛിന്നഗ്രഹത്തിന്റെ പതനം ഉണ്ടാക്കുന്ന വിനാശത്തെ സൂചിപ്പിക്കുന്നതാണ്.

അതേസമയം ചെറിയ ചിന്നഗ്രഹങ്ങള്‍ (82 അടിയിൽ താഴെ) ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന ഉടന്‍ തന്നെ കത്തി ഇല്ലാതായേക്കും. വലിയൊരു നാശം സൃഷ്ടിക്കാന്‍ ശേഷിയുള്ള ഒരു ഛിന്നഗ്രഹത്തിന് കാൽ മൈലിൽ കൂടുതൽ വ്യാസം ഉണ്ടായിരിക്കണം. അത് ഭൂമിയില്‍ പതിച്ചാല്‍ അന്തരീക്ഷത്തിലേക്ക് ഉയരുന്ന പൊടിപടലങ്ങൾ കടുത്ത ശൈത്യാവസ്ഥ സൃഷ്ടിച്ചേക്കാം. 1,000 നൂറ്റാണ്ടിലൊരിക്കൽ മാത്രമേ ഇത്തരം ഭീഷണികളുണ്ടാവാറുള്ളൂ എന്നാണ് നാസ പറയുന്നത്.

എന്താണ് ഛിന്നഗ്രഹങ്ങള്‍?

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ. സൂര്യനെ ചുറ്റുന്ന ഒരുതരം പാറകളാണിവ. പ്ലാനറ്റോയ്ഡുകൾ അല്ലെങ്കിൽ ചെറിയ ഗ്രഹങ്ങൾ എന്നും ഇവയെ വിളിക്കുന്നു. ഇവ വ്യത്യസ്ത ഭാരമുള്ളവയും വലിപ്പമുള്ളവയും ആയിരിക്കും. 975 കിലോമീറ്റര്‍ വ്യാസമുള്ള സെറസ് എന്ന കുള്ളൻ ഗ്രഹമാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ഛിന്നഗ്രഹം. 6 അടി മാത്രം വീതിയുള്ള 2015 ടിസി 25 ആണ് ഏറ്റവും ചെറിയ ഛിന്നഗ്രഹം. ഇത് 2015 ഒക്ടോബറിൽ ഭൂമിയുടെ സമീപത്തേക്ക് വന്നിരുന്നു.

ENGLISH SUMMARY:

Scientists are concerned about the arrival of the asteroid Apophis, known as the 'God of Chaos'. Earlier it was said that this asteroid would pass safely near the earth, but now the possibility of colliding with the earth is not ruled out.