രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സുനിത വില്യംസ് ഫെബ്രുവരി വരെ തുടരുമെന്ന് നാസ. സുനിതയുടെയും ബുഷ് വില്‍മോറിന്‍റെയും മടക്കയാത്ര സ്റ്റാര്‍ലൈനറിലാവില്ലെന്നും സ്പേസ് എക്സ് പേടകത്തിലാകുമെന്നും നാസ വ്യക്തമാക്കി.
ബഹിരാകാശയാത്രികരുടെ സുരക്ഷയാണ് നാസയെ സംബന്ധിച്ചിടത്തോളം പ്രധാനം. അതുകൊണ്ട് തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ മടക്കയാത്ര എന്നൊരു കാര്യം ചിന്തിക്കുന്നതേയില്ല. ഈ ഒരു തീരുമാനത്തിലെത്തുക അല്‍പം കഠിനമായിരുന്നെങ്കിലും ഫെബ്രുവരി വരെ ബഹിരാകാശത്ത് ഇരുവരും തുടരുന്നതാണ് ശരിയായ തീരുമാനമെന്നും നാസ അഡ്മിനിസ്ട്രേഷന്‍ ബില്‍ നെല്‍സണ്‍ വിശദീകരിച്ചു.
10 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിതയും ബുഷ് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തിന് സംഭവിച്ച സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ബഹിരാകാശത്ത് കുടുങ്ങിയത്. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ മൂന്നിടത്ത് ഹീലിയം ചോര്‍ച്ചയുണ്ടായതിന് പുറമെ പേടകത്തിന്‍റെ സഞ്ചാരം സുഗമമാക്കുന്ന ത്രസ്റ്ററുകള്‍ കൂടി പണി മുടക്കി. ഇത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടും സാധ്യമായിരുന്നില്ല. തുടര്‍ന്ന് മടക്കയാത്രയും പല തവണ മാറ്റിവച്ചു. ഒടുവിലാണ് ഫെബ്രുവരിയില്‍ സ്പേസ് എക്സ് പേടകത്തില്‍ ഇരുവരെയും ഭൂമിയിലെത്തിക്കാന്‍ അന്തിമ തീരുമാനമെടുത്തത്. ഇരുവരും ബഹിരാകാശത്തേക്ക് എത്തിയ സ്റ്റാര്‍ലൈനര്‍ പേടകം അടുത്തമാസം ആദ്യ ആഴ്ചയില്‍ തനിയെ ഭൂമിയിലേക്ക് കൊണ്ടുവരാനാണ് ശ്രമമെന്നും നാസ പറയുന്നു.
വിമാന സുരക്ഷയില്‍ തന്നെ പാകപ്പിഴ സംഭവിച്ചുഴറുന്ന ബോയിങിന് നാസയുടെ പുതിയ തീരുമാനം കടുത്ത തിരിച്ചടിയാണ്. പേടകത്തിനേറ്റ തകരാറും തുടര്‍ന്നുണ്ടായ സംഭവങ്ങളും ബോയിങ് സ്റ്റാര്‍ലൈനറിനെ ഇനിയൊരിക്കല്‍ കൂടി ആശ്രയിക്കുന്നതില്‍ നിന്ന് നാസയെ പിന്തിരിപ്പിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. എന്നാല്‍. എന്നാല്‍ തുടര്‍ന്നും ബഹിരാകാശ യാത്രകള്‍ക്കുതകുന്ന പേടകങ്ങളില്‍ തന്നെ ബോയിങ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സുരക്ഷയ്ക്ക് തന്നെയാകും ഊന്നലെന്നും നിലവിലെ തീരുമാനങ്ങള്‍ അനുസരിച്ച് ആളില്ലാതെ സുരക്ഷിതമായി പേടകം ഭൂമിയിലെത്തിക്കുമെന്നും ബോയിങ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഒരു ദശാബ്ദത്തിലേറെയായുള്ള ബന്ധമാണ് ബഹിരാകാശ യാത്രകളില്‍ നാസയും ബോയിങുമായുള്ളത്.4 ബില്യണിന്‍റെ കോണ്‍ട്രാക്ടാണ് നാസയില്‍ നിന്ന് ബോയിങ് സ്വന്തമാക്കിയത്.
അതേസമയം, ബഹിരാകാശത്ത് സമ്മര്‍ദം ലേശമില്ലാതെയാണ് ജീവിതമെന്നും രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പം പരീക്ഷണ നിരീക്ഷണങ്ങളുമായി കഴിയുകയാണെന്നും വില്‍മോറും സുനിതയും സന്ദേശങ്ങളിലൂടെ അറിയിച്ചു.