സൂര്യന്‍റെ തൊട്ടരികത്ത് എത്തിയ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകം സുരക്ഷിതമെന്ന് നാസ. ഇതാദ്യമായാണ് മനുഷ്യനിര്‍മിതമായ ഒരു വസ്തു സൂര്യന് ഇത്രയുമടുത്ത് എത്തുന്നത്. നിലവില്‍ സാധാരണഗതിയില്‍ പാര്‍ക്കര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാസ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 24നാണ് പേടകം സൂര്യന്‍റെ 6.1 ദശലക്ഷം കിലോമീറ്റര്‍ അടുത്ത് എത്തിയത്. സൂര്യന്‍റെ പുറത്തെ അന്തരീക്ഷമായ കൊറോണയില്‍ പാര്‍ക്കര്‍ എത്തിയിരുന്നു.
ഭൂമിക്കേറ്റവും അടുത്ത നക്ഷത്രമായ സൂര്യനെ കുറിച്ച് ആഴത്തില്‍ മനസിലാക്കുന്നതിനായാണ് പാര്‍ക്കറെ അയച്ചിരിക്കുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയോട് അടുത്ത സമയത്താണ് ജോണ്‍ ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ക്ക് പാര്‍ക്കറില്‍ നിന്നുമുള്ള ബീക്കണ്‍ സിഗ്നല്‍ ലഭിച്ചത്. ഇതോടെ പേടകം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പിക്കുകയായിരുന്നു.
സൂര്യനേറ്റവും അടുത്തെത്തിയ ശേഷവും പാര്‍ക്കര്‍ സോളാര്‍ പ്രോബ് സിഗ്നലുകള്‍ ഭൂമിയിലേക്ക് അയച്ചുവെന്നും പൂര്‍ണമായും പേടകം പ്രവര്‍ത്തനക്ഷമമെന്നാണിത് കാണിക്കുന്നതെന്നും നാസ വ്യക്തമാക്കി. ജനുവരി ഒന്നോടെ പേടകത്തില്‍ നിന്നുള്ള വിശദമായ വിവരങ്ങള്‍ ഭൂമിയിലേക്ക് ലഭിക്കും. സൂര്യനിലെ വസ്തുക്കള്‍ എങ്ങനെയാണ് ദശലക്ഷണക്കിന് ഡിഗ്രിയില്‍ ചൂടാകുന്നതെന്നും, സൗരവാതങ്ങളുടെ ഉത്ഭവം എങ്ങനെയാണെന്നും ഊര്‍ജകണങ്ങള്‍ക്ക് പ്രകാശവേഗം കൈവരുന്നതെങ്ങനെയെന്നുമെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പാര്‍ക്കര്‍ പ്രോബിന് കഴിയുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
മണിക്കൂറില്‍ 692,000 കിലോമീറ്റര്‍ വേഗതയിലാണ് പാര്‍ക്കര്‍ പ്രോബ് സഞ്ചരിച്ചത്. 982 ഡിഗ്രി സെല്‍സ്യസ് താപനിലയില്‍ വരെ പാര്‍ക്കര്‍ പ്രോബ് കടന്നുപോയെന്നും നാസ വ്യക്തമാക്കുന്നു.