ഛിന്നഗ്രഹം 2024 RW1 ഭൂമിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിന് മുകളിൽ ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിന് മുകളിലായി അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ഛിന്നഗ്രഹം അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വന്നയുടന്‍ കത്തിത്തീരുകയായിരുന്നു. യൂണിവേഴ്സല്‍ ടൈം കോര്‍ഡിനേറ്റ്സ് അനുസരിച്ച് ബുധനാഴ്ച, വൈകീട്ട് 4.39 നാണ് ഛിന്നഗ്രഹം ഭൂമിയിലേക്ക് പതിച്ചതെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു.
ഇന്നലെ രാവിലെയോടെ കാറ്റലിന സ്കൈ സര്‍വേയാണ് ഛിന്നഗ്രഹം ഭൂമിയോട് അടുക്കുന്നതായി കണ്ടെത്തിയത്. ഇത് ഒമ്പതാം തവണയാണ് ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് ഒരു ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. മുമ്പ് CAQTDL2 എന്നറിയപ്പെട്ടിരുന്ന ഛിന്നഗ്രഹത്തിന് എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഏകദേശം ഒരു മീറ്റർ മാത്രമായിരുന്നു ഛിന്നഗ്രഹത്തിന്‍റെ വലിപ്പം. ഛിന്നഗ്രഹം ഭൂമിലെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെയും തീഗോളമായി മാറുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്.
വലുപ്പത്തില്‍ ചെറുതായതുകൊണ്ടു തന്നെ 2024 RW1 ഛിന്നഗ്രഹം ഭൂമിയെ ദോഷകരമായി ബാധിക്കില്ലെന്ന് നേരത്തെ യൂറോപ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചിരുന്നു. ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ദൃശ്യങ്ങളും കാറ്റലിന സ്കൈ സർവേ തങ്ങളുടെ എക്സ് അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു. ഇത്തരത്തില്‍ വലിപ്പത്തില്‍ ചെറുതായ കുഞ്ഞന്‍ ഗ്രഹങ്ങള്‍ ഓരോ രണ്ടാഴ്ച കൂടുമ്പോളും ഭൂമിയെ ലക്ഷ്യമാക്കി വരാറുണ്ട്.
ബഹിരാകാശത്ത് നിന്നും പലതരത്തിലുള്ള വസ്തുക്കള്‍ ഭൂമിയെ ലക്ഷ്യമാക്കി വരാറുണ്ട്. അവയെല്ലാം അന്തരീക്ഷത്തിലൂടെ കടന്നുപോകുകയും അപകടമുണ്ടാക്കാന്‍ സാധിക്കാത്ത അത്ര ചെറുതുമാണ്. അതിനാല്‍ തന്നെ മുൻകൂട്ടി കാണുന്നത് ബുദ്ധിമുട്ടും അപൂർവവുമാണ്. അതേസമയം ചില ചിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയേക്കാം. 2013-ൽ റഷ്യയുടെ മുകളിലൂടെ ഭൂമിയില്‍ ഛിന്നഗ്രഹം പതിച്ചതിനെ തുടര്‍ന്ന് 1,500 ഓളം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ദശലക്ഷക്കണക്കിന് ഡോളറിന്‍റെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.