പ്രതീകാത്മക ചിത്രം (ഇടത്), ലൂയി എലിസോന്‍ഡോ (വലത്തേയറ്റം)

പ്രപഞ്ചത്തില്‍ മനുഷ്യന്‍ മാത്രമല്ലെന്നും അന്യഗ്രഹ ജീവികളുണ്ടെന്നുമുള്ള വാദങ്ങള്‍ക്ക് ശക്തി പകര്‍ന്ന് വീണ്ടും വെളിപ്പെടുത്തല്‍. പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ ലൂയി എലിസോന്‍ഡോയാണ് യുഎസ് സര്‍ക്കാരിന് അന്യഗ്രഹ ജീവികളുടെ പേടകം ലഭിച്ചിരുന്നുവെന്നും അതില്‍ നിന്ന് ലഭിച്ച ജീവികളുടെ അംശങ്ങളെ കുറിച്ച് വിശദമായ പഠനം തന്നെ പെന്‍റഗണ്‍ നടത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയത്. അന്യഗ്രഹ ജീവികളുടേതെന്ന് കരുതുന്ന നിരവധി വസ്തുക്കളും പേടകങ്ങളും യുഎസിന്‍റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1947 ലെ റോസ് വെല്ലില്‍ വച്ച് യുഎസ് ആര്‍മിയുടെ എയര്‍ഫോഴ്സ് വിമാനം തകര്‍ന്നപ്പോഴാണ് ഈ അന്യഗ്രഹ ബഹിരാകാശ പേടകം ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. സര്‍ക്കാരിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടെന്നും എന്നാല്‍ വിവരം പൊതുജനങ്ങളില്‍ നിന്ന് മറച്ചു വയ്ക്കുകയാണെന്നും എലിസോന്‍ഡോ പറയുന്നു. 

ബഹിരാകാശ പേടകങ്ങള്‍ മാത്രമല്ല, അതിലുണ്ടായിരുന്ന ജീവികളെ കുറിച്ചും അറിവുണ്ടെന്നും രേഖകളുണ്ടെന്നും നമ്മള്‍ തനിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ദശാബ്ദങ്ങളായി യുഎസ് സര്‍ക്കാരിന് ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 1947 ല്‍ യുഎസ് വ്യോമസേനയുടെ  വിമാനം റോസ്​വെല്ലില്‍ വച്ച് തകര്‍ന്ന് വീണത് അന്യഗ്രഹ ബഹിരാകാശ പേടകത്തിന്‍റെ ആക്രമണത്തിലാണെന്നാണ് ഗൂഢാലോചന സിദ്ധാന്തക്കാര്‍ ആരോപിക്കുന്നത്.

അതേസമയം, പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ എലിസോന്‍ഡോയുടെ വാക്കുകള്‍ വീണ്ടും ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വച്ചിരിക്കുകയാണ്. എന്നാല്‍ സ്വന്തം അനുഭവങ്ങളില്‍ നിന്നും രേഖകള്‍ സഹിതമാണ് എലിസോന്‍ഡോയുടെ വാദമെന്നതും ശ്രദ്ധേയമാണ്. അതേസമയം, എലിസോന്‍ഡോയുടെ വാദങ്ങള്‍ ശാസ്ത്രീയമല്ലെന്നും അത് വിശ്വാസ്യമല്ലെന്നും യുഎസ് സര്‍ക്കാരും വ്യക്തമാക്കുന്നു. 

അന്യഗ്രഹ പേടകവുമായി ഏറ്റുമുട്ടലുണ്ടായെന്നും യുഎസ് സൈനികന്‍ തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും എലിസോന്‍ഡോ അവകാശപ്പെടുന്നു. അടുത്തെത്തിയപ്പോള്‍ പേടകം തെന്നെയൊഴിഞ്ഞുവെന്ന് ഡോക്ടര്‍ കൂടിയായ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളോടും ജനപ്രതിനിധി സഭയോടും തീര്‍ത്തും സുതാര്യമായാണ് പ്രതിരോധ മന്ത്രാലയം പെരുമാറുന്നതെന്നും രാജ്യസുരക്ഷയെ കുറിച്ചുള്ളതും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്നതുമായ വിവരങ്ങളില്‍ പോലും പറ്റാവുന്നത്ര സുതാര്യത ഉറപ്പാക്കാറുണ്ടെന്നും മറച്ചുവയ്ക്കാറില്ലെന്നും അധികൃതര്‍ പറഞ്ഞു. നാളിന്നേ വരെ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തരത്തിലുള്ള വിശ്വാസ യോഗ്യമായ ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് സൂ ഗഫ് വ്യക്തമാക്കുന്നു. നിലവില്‍ വെളിപ്പെടുത്തല്‍ നടത്തിയ എലിസോന്‍ഡോയ്ക്ക് അദ്ദേഹം അവകാശപ്പെടുന്നത് പോലെ AATIP വിഭാഗത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

The United States has been involved in the recovery of objects, vehicles of unknown origin that are neither from our country nor any other foreign country that we're aware of, Says Ex Pentagon official.