TOPICS COVERED

ചരിത്രമെഴുതി ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തീകരിച്ച്  സ്പേസ് എക്സ് സംഘം. ജാറഡ് ഐസക്മാന്‍, സാറാ ഗിലിസ് എന്നിവരാണ് നടന്നുകൊണ്ട് ചരിത്രത്തിന്‍റെ ഭാഗമായത്.  ഇതാദ്യമായാണ് ഒരു സ്വകാര്യ കമ്പനി ഇത്തരത്തിലൊരു ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുന്നത്.

ഈസ്റ്റേണ്‍ ടൈം രാവിലെ  6:12 നാണ് ബഹിരാകാശ നടത്തം ആരംഭിച്ചത്. ഏഴുമണിയോടെ  ജാറഡ് ഐസക്മാന്‍ ആദ്യം ക്യാപ്‌സ്യൂളിൽ നിന്ന് പുറത്തുകടന്നു. പിന്നാലെ സാറാ ഗിലിസുമെത്തി. 10 മിനിറ്റോളം സ്‌പേസ് സ്യൂട്ടിന്‍റെ ചലനശേഷി പരീക്ഷിച്ചശേഷമാണ് നടത്തം ആരംഭിച്ചത്. സ്പേസ് എക്സ് രണ്ടര വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകളാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത സ്‌പേസ് സ്യൂട്ടുകളേക്കാൾ കൂടുതൽ സൗകര്യപ്രദവും പ്രവർത്തനക്ഷമവുമാണ് ഈ സ്യൂട്ടുകൾ. ബഹിരാകാശത്ത് 30 മിനിറ്റാണ് ഇരുവരും നടന്നത്. എന്നാല്‍ തയ്യാറെടുപ്പുകള്‍ കൂടിച്ചേരുമ്പോള്‍ ഇത് 1 മണിക്കൂര്‍ 46 മിനിറ്റാണ്. രാവിലെ എട്ടിന് ബഹിരാകാശ നടത്തം അവസാനിച്ചതായി സ്പേസ് എക്സിന്‍റെ പ്രഖ്യാപനം വന്നു. ദൗത്യം സ്പേസ് എക്സ് തല്‍സമയം വെബ്കാസ്റ്റ് ചെയ്തിരുന്നു.

സൂര്യൻ ചക്രവാളത്തിന് മുകളിലൂടെ ഉയരുന്നു, ലോകം മുഴുവൻ പ്രകാശിക്കുന്നു- അല്ലെങ്കിൽ ലോകം മുഴുവൻ ഉറങ്ങുന്നു. ഈ മണിക്കൂറിന് സാക്ഷ്യം വഹിക്കാൻ കഴിയുന്നത് വളരെ മനോഹരമാണെന്നാണ് ടീം അംഗമായ അന്ന മേനന്‍ പ്രതികരിച്ചത്. ബഹിരാകാശ നടത്തത്തിന് ശേഷം സംഘം സ്പെയ്സ് എക്സിന്‍റെ സ്റ്റാര്‍ലിങ്ക് ഉപയോഗിച്ച് തങ്ങളുടെ കുടുംബവുമായി സംസാരിക്കുകയും എക്സിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. ‘ഹലോ എർത്ത്- എല്ലാ പിന്തുണയ്ക്കും വളരെ നന്ദിയുള്ളവരാണ്’ ടീം എക്സില്‍ കുറിച്ചു.

നാസയുടെ അപ്പോളോ ദൗത്യത്തിനു ശേഷം മനുഷ്യര്‍ ഇതുവരെ എത്തിയിട്ടില്ലാത്ത, ഭൂമിയില്‍ നിന്നും 700 കിലോമീറ്റര്‍ ദൂരെയുള്ള പഥത്തിലാണ് പൊളാരിസ് ഡോണ്‍ മിഷനിലൂടെ നാല്‍വര്‍ സംഘം എത്തിയത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന് നാസ സ്‌പേസ് എക്‌സിനെ അഭിനന്ദിച്ചു. ‘ഈ വിജയം വാണിജ്യ ബഹിരാകാശ വ്യവസായത്തിന്‍റെ വലിയ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു, ഒപ്പം ഊർജ്ജസ്വലമായ യുഎസ് ബഹിരാകാശ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന നാസയുടെ ദീർഘകാല ലക്ഷ്യത്തെയും പ്രതിനിധീകരിക്കുന്നു’ എന്നാണ് നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ പ്രതികരിച്ചത്.

അതേസമയം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് യാത്ര ചെയ്യുന്നവരിൽ പകുതിയോളം പേരെ ബാധിക്കുന്ന സ്പേസ് അഡാപ്റ്റേഷൻ സിൻഡ്രോമിനെ കുറിച്ച് കൂടുതല്‍ പഠിക്കാനായി ദൗത്യം രണ്ട് ദിവസത്തേക്ക് കൂടി ബഹിരാകാശത്ത് തുടരും. ബഹിരാകാശ നടത്തവും തുടർന്നുള്ള ഗവേഷണവും ബഹിരാകാശത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ‘സ്വപ്നത്തെ’ മുന്നോട്ട് നയിക്കുകയും ഭാവി ദൗത്യങ്ങൾക്ക് സംഭാവന ചെയ്യുകയും ചെയ്യും. ആറ് ദിവസത്തെ ദൗത്യം അവസാനിപ്പിച്ച് ക്രൂ ഡ്രാഗൺ ഞായറാഴ്ച രാവിലെയോടെ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:

SpaceX's Polaris Dawn mission has made history with a civilian crew conducting the first commercial spacewalk. The team, led by Jared Isaacman, spent about two hours outside their spacecraft, testing new spacesuits and performing experiments.