Image Credit: x.com/NASA

പത്തുദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തി നിലയത്തില്‍ തന്നെ തുടരുന്ന സുനിത വില്യംസും ബുച്ച് വിൽമോറും സെപ്റ്റംബർ 13 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11:45 ന് തല്‍സമയ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നാണ് ഇരുവരും നാസ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. നാസ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

പരിപാടി നാസയുടെ ആപ്ലിക്കേഷനായ നാസ പ്ലസിലും നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലും തല്‍സമയം കാണാനാകും. കൂടാതെ തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്ഫോമുകളായ റോക്കു, ഹുലു, ഡയറക്ട് ടിവി, ഡിഷ് നെറ്റ്‌വർക്ക്, Google ഫൈബർ, ആമസോൺ ഫയർ ടിവി, ആപ്പിൾ ടിവി എന്നിവയിലും നാസയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പരിപാടി തത്സമയം സ്ട്രീം ചെയ്യുമെന്നും നാസ അറിയിച്ചിട്ടുണ്ട്.

അതേസമയം, പത്ത് ദിവസത്തെ ദൗത്യത്തിനായി ജൂണ്‍ അഞ്ചിന് ബഹിരാകാശത്തേക്ക് പോയ വില്‍മോറും സുനിതയും ബഹിരാകാശ നിലയത്തിൽ തന്നെ തുടരുകയാണ്. 2025 ഫെബ്രുവരിയില്‍ സ്പേസ് എക്സിന്‍റെ പേടകത്തില്‍ ഇരുവരേയും ഭൂമിയില്‍ തിരിച്ചെത്തിക്കുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്. അതുവരെ ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വരും. ഇരുവരെയും ബഹിരാകാശത്തെത്തിച്ച സ്റ്റാര്‍ലൈനര്‍ പേടകം യാത്രികരില്ലാതെ സെപ്തംബര്‍ ഏഴിന് ഭൂമിയില്‍ തിരിച്ചെത്തിയിരുന്നു.

സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ മൂന്നിടത്ത് ഹീലിയം ചോര്‍ച്ചയുണ്ടായതിന് പുറമെ പേടകത്തിന്‍റെ സഞ്ചാരം സുഗമമാക്കുന്ന ത്രസ്റ്ററുകള്‍ കൂടി പണി മുടക്കിയതിനാലാണ് സുനിതയുടെയും വില്‍മോറിന്‍റെയും മടക്കയാത്ര ആശങ്കിയലായത്. തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പാരാജയപ്പെട്ടതോടെ മടക്കയാത്രയും നീണ്ടു. ഒടുവിലാണ് ഫെബ്രുവരിയില്‍ സ്പേസ് എക്സ് പേടകത്തില്‍ ഇരുവരെയും ഭൂമിയിലെത്തിക്കാന്‍ അന്തിമ തീരുമാനമെടുക്കുന്നത്.

ENGLISH SUMMARY:

Astronauts Butch Wilmore and Sunitha Williams take part in a NASA's live Q&A program from the international space station on Friday, September 13