reflect-orbital

TOPICS COVERED

രാത്രിയിൽ പ്രകാശം വേണോ?  ഇഷ്ടമുള്ള സ്ഥലത്തേക്ക് കുറച്ച് സൂര്യപ്രകാശം ഓർഡർ ചെയ്താലോ. ശാസ്ത്രത്തിന്‍റെ ഒരു വളര്‍ച്ചയെ എന്നു പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ.  യാഥാർഥ്യത്തിലേക്ക് നീങ്ങുന്നുവെന്ന്  അവകാശപ്പെടുന്ന ഒരു അമേരിക്കൻ സ്റ്റാർട്ട് അപ്പിന്‍റെ കഥയാണ്. പേര് റിഫ്ളക്റ്റ് ഓർബിറ്റൽ. രാത്രിയിൽ നാലു മിനിറ്റ് വീതം സൂര്യപ്രകാശത്തെ ഓൺലൈനായി വിൽക്കുകയാണ് ലക്ഷ്യം. ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തെ തിരിച്ച് പ്രതിഫലിപ്പിച്ച് ആഗോളതാപനം കുറക്കാനുള്ള പരീക്ഷണങ്ങള്‍ക്കിടെയുള്ള ഈ പദ്ധതി ശരിക്കും സാധ്യമാണോ?. വർഷങ്ങൾക്കു മുമ്പ് റഷ്യൻ ഫെഡറൽ സ്പെയ്സ്  ഏജൻസിയടക്കം പരീക്ഷിച്ച ഈ ആശയത്തിന്‍റെ സാധ്യതകൾ എന്തൊക്കെയാണ്, പരിശോധിക്കാം. 

 

ബെൻ നോവക്ക് എന്ന അമേരിക്കക്കാരന്‍റെ ആശയമാണ് റിഫ്ലെക്ട് ഓർബിറ്റൽ. സ്കൂൾ കാലം മുതലേ  സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന ഒരു യുട്യൂബ് ചാനൽ ബെന്നിന് ഉണ്ടായിരുന്നു. എൻജിനീയറിങ് പഠനത്തിനുശേഷം ചില കമ്പനികളിൽ ജോലി ചെയ്തു. അതിനിടെ ഇലോൺ മസ്കിന്റെ സ്പേസ് എക്സിലുമെത്തി. ഡ്രോൺ നിർമ്മാതാക്കളായ  സിപ്പ്ലൈൻ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ട്രിസ്റ്റൺ സെമ്മൽഹാക്കിനെ പരിചയപ്പെട്ടു. 12 വയസ്സ് മുതൽ ഡ്രോൺ നിർമ്മിക്കുന്ന  ട്രിസ്റ്റണും ചേർന്നാണ് കമ്പനി ആരംഭിച്ചത്. ഇന്ത്യക്കാരൻ ഹർഷ റെഡി ഉൾപ്പെടെ നാസയിലും, സ്പെയ്സ് എക്സിലും  ജോലി ചെയ്തിരുന്ന  എണ്ണം പറഞ്ഞ എഞ്ചിനീയർമാരാണ് പിന്നീട് കമ്പനിയുടെ ഭാഗമായത്. 

എന്താണ് ഇവരുടെ ലക്ഷ്യം?

ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള അത്യന്താപേക്ഷിത ഘടകമാണ് സൗരോര്‍ജം. അടുത്തകാലത്തൊന്നും അവസാനിക്കാത്ത സൂര്യന്‍റെ ഊർജം നമ്മൾ പരിമിതമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഈ വിടവ് നികത്തുകയാണ്  ലക്ഷ്യം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സൂര്യനിൽ നിന്നും വരുന്ന ഊർജത്തെ ഭൂമിയിലേക്ക് എപ്പോഴും എത്തിച്ചു കൊണ്ടിരിക്കുക. ഭൂമി കറങ്ങുമ്പോൾ സൂര്യന് അഭിമുഖം അല്ലാത്ത വശത്ത് രാത്രി അനുഭവപ്പെടും. സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി ഈ മേഖലയിലേക്ക് പ്രതിഫലിക്കുന്നതാണ് നിലാവ്. ഇതേ രീതിയിൽ ഒരു പ്രതലമുപയോഗിച്ച് ഒട്ടും ചോരാതെ സൂര്യപ്രകാശം ഈ മേഖലയിലേക്ക് എത്തിക്കുകയാണ് ദൗത്യം. കമ്പനി ലക്ഷ്യം വെക്കുന്നത് സോളാർ പാടങ്ങളെയാണ്. തുടർച്ചയായി സൂര്യപ്രകാശം ലഭിക്കുന്നതിലൂടെ ഭൂമിക്ക് വേണ്ട മുഴുവൻ ഊർജവും സോളാറിലൂടെ ഉല്‍പാദിപ്പിക്കാം എന്നാണ് കമ്പനി പറയുന്നത്. ഒപ്പം അടിയന്തര ഘട്ടങ്ങളിൽ  ആവശ്യമുള്ളിടത്ത് പ്രകാശവും എത്തിക്കാം. 

ഊർജോല്‍പാദനത്തിന്‍റെ  അനന്തസാധ്യതയാണ് പുതിയ സ്റ്റാർട്ട് അപ്പ് തുറന്നിടുന്നത്. പക്ഷേ ഇതിന്‍റെ പ്രായോഗികത ചോദ്യചിഹ്നമാണ്. ജനവാസമില്ലാത്ത വിജന മേഖലകളിലെ സോളാർ പാടങ്ങളിലേക്ക് 5 കിലോമീറ്റർ വ്യാസത്തിൽ പ്രകാശം എത്തിക്കും എന്നാണ് കമ്പനി പറയുന്നത്. ഇതിലൂടെ ജന ജീവിതവും, പ്രകൃതിയുടെ സന്തുലിതയും താറുമാറാകില്ല. കമ്പനി വെബ്സൈറ്റിലെ പ്രീ ബുക്കിംഗ് അവസാനിച്ചു. 2025  നാലാം പാദം  മുതൽ പ്രകാശം ലഭ്യമാക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപഗ്രഹ വിക്ഷേപണത്തിന് മുന്നോടിയായി ബലൂണുകളിൽ റിഫ്ളക്ടർ സ്ഥാപിച്ചുള്ള പരീക്ഷണം കമ്പനി പൂർത്തിയാക്കി. 

പ്രവർത്തനം എങ്ങനെ?

സൂര്യനെ കേന്ദ്രീകരിച്ചുള്ള  ഭ്രമണപഥത്തില്‍   57 ഉപഗ്രഹങ്ങള്‍ വിന്യസിക്കാനാണ് കമ്പനി പദ്ധതി ഇടുന്നത്.  10 മീറ്റർ വ്യാസമുള്ള പ്രതിഫലനശേഷിയുള്ള പാനലുകൾ ഈ സാറ്റലൈറ്റുകളില്‍ ഉണ്ടാകും.  പാനലുകൾ എങ്ങോട്ട് വേണമെങ്കിലും തിരിച്ച് പ്രകാശം ഭൂമിയിൽ എത്തിക്കാം. ആദ്യഘട്ടത്തിൽ പത്തുവർഷം കാലാവധിയുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഭൂമിക്ക് ചുറ്റും കറങ്ങുന്നതിനാൽ ഒരു സാറ്റലൈറ്റിൽ നിന്ന് നാല് മിനിറ്റ് ആയിരിക്കും ഒരു പോയിന്‍റിലേക്ക് പ്രകാശം ലഭിക്കുക. കൂടുതൽ സമയം വേണ്ടവർക്ക് അടുത്തടുത്ത സാറ്റലൈറ്റുകളിൽ നിന്നും പ്രകാശം എത്തിക്കാം. 

സമാന പരീക്ഷണങ്ങൾ

1990ൽ റഷ്യൻ ഫെഡറൽ സ്പെയ്സ്  ഏജൻസി സമാനമായ പരീക്ഷണം നടത്തിയിരുന്നു. സ്നാമ്യ (Znamya) എന്നായിരുന്നു പദ്ധതിയുടെ പേര്. സ്പെയ്സ് ഏജൻസി എൻജിനീയറായി വ്ളാഡിമർ സ്യറോംയറ്റ്നിക്കോവിന്‍റെ (Vladimir Syromyatnikov) ആശയമായിരുന്നു അത്. 1992 ഒക്ടോബർ 27ന് പ്രോഗ്രസ് എം15 സ്പെയ്സ് ക്രാഫ്റ്റിലായിരുന്നു സ്നാമ്യ 2ന്‍റെ വിക്ഷേപണം. 20 മീറ്റർ വ്യാസമുള്ള റിഫ്ലക്റ്റിംങ് പാനലായിരുന്നു ഉപഗ്രഹത്തിൽ ഉപയോഗിച്ചത്. 1993 ഫെബ്രുവരി നാലിന് അതിരാവിലെ റഷ്യൻ മിർ സെപെയ്സ് സ്റ്റേഷന് സമീപം ഉപഗ്രഹം പ്രവർത്തിച്ചു തുടങ്ങി. യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളിൽ 5 കിലോമീറ്റർ വ്യാസത്തിൽ പ്രകാശം എത്തി. മേഘാവൃതമായതിനാൽ പൗര്‍ണമ ദിവസത്തേിന്  സമാനമായ പ്രകാശമേ ലഭിച്ചുള്ളൂ. മണിക്കൂറുകൾക്കകം  തിരിച്ചിറക്കിയ ഉപഗ്രഹം കാനഡയ്ക്ക് മുകളിൽ കത്തി നശിച്ചു. 1999ല്‍ 25 മീറ്റർ വ്യാസമുള്ള റിഫ്ലക്റ്റിംങ് പാനലുമായി സ്നാമ്യ 2.5 വിക്ഷേപിച്ചു. ഏഴു കിലോമീറ്റർ വ്യാസത്തില്‍ 10 പൂർണ്ണചന്ദ്രനില്‍ നിന്ന് ലഭിക്കുന്നതിന്  സമാനമായ പ്രകാശമാണ് പ്രതീക്ഷിച്ചത്. പക്ഷേ യന്ത്ര തകരാറുമൂലം ഉപഗ്രഹം കത്തി നശിച്ചു. 60 മീറ്റർ വ്യാസമുള്ള പാനൽ ഉപയോഗിച്ച്  സ്നാമ്യ 3 പദ്ധതി മുന്നോട്ടു പോയെങ്കിലും പിന്നീട് പല കാരണങ്ങളാൽ  ഉപേക്ഷിക്കുകയായിരുന്നു. 

സമാന ആശയത്തിലൂടെ വൻ സാമ്പത്തിക ലാഭമാണ് പുത്തൻ സ്റ്റാർട്ട് അപ്പ് ലക്ഷ്യമിടുന്നത്. ഒരു ഉപഗ്രത്തിൽ നിന്ന് വർഷം 1,75,000 ഡോളർ ലാഭമാണ് പ്രതീക്ഷിക്കുന്നത്. സോളാർ പാടങ്ങൾക്ക് ഒരു മെഗാവാട്ട് ഉത്പാദിപ്പിക്കാൻ വേണ്ട സൂര്യപ്രകാശം 50 ഡോളറിൽ വിൽക്കാനാണ് കമ്പനിയുടെ പദ്ധതി. സോളാർ കമ്പനി ഉപയോക്താക്കള്‍ക്ക് 80 ഡോളറിൽ ഒരു മെഗാ നൽകിയാലും സാധാരണക്കാരുടെ വൈദ്യുതി ചെലവ് കുറയും എന്നാണ് റിഫ്ലെക്റ്റ് ഓർബിറ്റൽ  അവകാശപ്പെടുന്നത്. 

ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തെ തിരിച്ച് പ്രതിഫലിപ്പിച്ച് ആഗോളതാപനം കുറക്കാനുള്ള പരീക്ഷണങ്ങള്‍ക്കിടെയുള്ള റിഫ്ലെക്റ്റ് ഓർബിറ്റലിന്‍റെ പുതിയ പദ്ധതി, അനവസരത്തിലാണോയെന്ന സംശയം വിദഗ്‌ധര്‍ പങ്കുവയ്ക്കുന്നുണ്ട്. അമേരിക്കന്‍ സര്‍ക്കാരിന്‍റെ ഓഫീസ് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ആഗോളതാപനം കുറയ്ക്കാന്‍ 5 വര്‍ഷത്തെ ഗവേഷണ പദ്ധതി ആരംഭിച്ചിരുന്നു. പ്രധാനമായും ഉയര്‍ന്നു വന്ന ആശയമാണ് സൂര്യപ്രകാശത്തെ തിരിച്ച് പ്രതിഫലിപ്പിക്കുകയെന്നത്. ഇതിനായി എയറോസോള്‍ അഥവ ഒരു തന്‍മാത്രയേക്കാള്‍ വലുതും എന്നാല്‍ മനുഷ്യ നേത്രങ്ങള്‍ കൊണ്ട് ‌കാണാനാക്കാത്തതുമായ പൊടി പടലങ്ങള്‍ സ്ട്രാറ്റോസ്ഫിയറിന് മുകളില്‍ വിതറും. ഈ പൊടിപടലങ്ങളില്‍ തട്ടി ,സൂര്യപ്രകാശം പ്രതിഫലിക്കും. അതുവഴി ഭൂമിയിലേക്ക് വരുന്ന സൂര്യരശ്മിയുടെ ശക്തിയും, ചൂടും കുറയുന്നു. ഇതിനിടെ എത്തുന്ന റിഫ്ലെക്റ്റ് ഓർബിറ്റലിന്‍റെ പദ്ധതിയെ അമേരിക്കന്‍ സര്‍ക്കാര്‍ എതിര്‍ക്കാന്‍ സാധ്യതയുണ്ട്. 

പദ്ധതി പ്രവർത്തനക്ഷമമാക്കാൻ വരുന്ന ഭീമമായചെലവ്, 10 മീറ്ററുള്ള റഫ്ലക്റ്റിംഗ് പാനൽ ഉപയോഗിച്ച്  5 കിലോമീറ്റർ വ്യാസത്തിൽ പ്രകാശം ലഭിക്കുമോ എന്ന സംശയം. നാലു മിനിറ്റ് ബുക്ക് ചെയ്യുന്ന സോളാർ പാടങ്ങൾക്ക്,  മേഘം മൂടിയാൽ , ചെലവാക്കുന്ന തുകയ്ക്ക് അനുസരിച്ച്  വൈദ്യുതി ഉത്പാദിപ്പിക്കാൻ ആകുമോ എന്ന ആശങ്ക. ഒപ്പം കമ്പനിയുടെ ഉപഗ്രഹ ആശയം അംഗീകരിക്കുമ്പോഴും, ബിസിനസ് മോഡൽ പരാജയം എന്ന സമർത്ഥിക്കുന്ന ഒരു കൂട്ടരും. ഇവയെല്ലാം മറികടന്ന് വേണം റിഫ്ലെക്റ്റ് ഓർബിറ്റലിന് ലക്ഷ്യത്തിലേക്ക് നീങ്ങാൻ. ഒന്നുകില്‍  ബഹിരാകാശ രംഗത്തെ വമ്പൻ സാമ്പത്തിക തട്ടിപ്പ്, അല്ലെങ്കിൽ മനുഷ്യരാശിയുടെ ഗതി മാറ്റിമറിക്കുന്ന വമ്പൻ പദ്ധതി. അടുത്തവർഷം അവസാനത്തോടെ ഇതിലൊന്ന് വ്യക്തമാകും.

ENGLISH SUMMARY:

A company aims to install reflecting panels on satellites to reflect sunlight back to Earth at night. This service will be available for online orders.