സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശത്ത് എത്തി കുടുങ്ങിയ നാസയുടെ സുനിത വില്യംസിനെയും ബുഷ് വില്‍മോറിനെയും തിരികെ ഭൂമിയിലെത്തിക്കുന്നതിനുള്ള സ്പേസ് എക്സ് സംഘം ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ സംഘം ബഹിരാകാശ നിലയത്തില്‍ എത്തും. ഫ്ലോറിഡയിലെ കേപ് കനവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്നുമാണ് സംഘം യാത്ര തിരിച്ചത്.
നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക് ഹേഗാണ് ക്രൂ 9 ന്‍റെ കമാന്‍ഡര്‍. ഒപ്പം റഷ്യന്‍ ബഹികാശ സഞ്ചാരിയായ അലക്സാന്ദര്‍ ഗോര്‍ബുണോഫും. ഫാല്‍ക്കന്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ഭ്രമണപഥത്തില്‍ കടന്നതിന് പിന്നാലെ അതൊരു മനോഹരമായ യാത്രയായിരുന്നുവെന്ന് ഹേഗ് സന്ദേശമയച്ചു.
'ഫ്രീഡം' എന്നാണ് ഡ്രാഗണ്‍ പേടകത്തിന് നല്‍കിയിരിക്കുന്ന പേര്. നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള പേടകത്തില്‍ നിലവില്‍ രണ്ട് പേരാണ് ബഹിരാകാശത്തേക്ക് പോകുന്നത്. സുനിതയെയും വില്‍മോറിനെയും മടക്കയാത്രയില്‍ ഒപ്പം കൂട്ടുന്നതിനായാണ് രണ്ട് സീറ്റുകള്‍ ഒഴിവാക്കിയിട്ടത്. ഫെബ്രുവരിയില്‍ സംഘം തിരികെ എത്തും. സുനിതയുടെ 'രക്ഷകര്‍' എത്തുന്നതോടെ നിലവില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ളവരില്‍ നാലുപേര്‍ ഭൂമിയിലേക്ക് അവരുടെ സ്പേസ് എക്സ് പേടകത്തില്‍ മടങ്ങും. സ്റ്റാര്‍ലൈനറിന്‍റെ തകരാര്‍ കാരണമാണ് ഇവരുടെ മടക്കയാത്രയും നീണ്ടത്.
ജൂണില്‍ 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയ സുനിതയും ബുഷ് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും സംഭവിച്ചതോടെ ബഹിരാകാശ നിലയത്തില്‍ കുടുങ്ങുകയായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ യാത്രികരുടെ സുരക്ഷിതത്വത്തെ കരുതി സുനിതയും വില്‍മോറുമില്ലാതെ പേടകം ഭൂമിയിലേക്ക് മടങ്ങി. നിലവില്‍ ബഹിരാകാശ നിലയത്തില്‍ പരീക്ഷണ നിരീക്ഷണങ്ങളുമായി കഴിയുകയാണ് സുനിതയും ബുഷ് വില്‍മോറും. വരാനിരിക്കുന്ന യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇരുവരും ബഹിരാകാശത്ത് നിന്നും വോട്ടും ചെയ്യും.