ബഹിരാകാശ രംഗത്ത് ചരിത്രമെഴുതി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം വിജയം. സ്റ്റാര്‍ഷിപ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ച് മിനിറ്റുകള്‍ക്കുള്ളിൽ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കുകയായിരുന്നു. ഇത്രയും വലിയ റോക്കറ്റിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നത് ആദ്യമാണ്. രണ്ടാംഭാഗം ബഹിരാകാശ യാത്രയ്ക്ക് ശേഷം ഭൂമിയില്‍ പ്രവേശിച്ചു. ഇതിന്റെ വിഡിയോ ഇലോൺ മസ്‌ക് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
ബഹിരാകാശ വിക്ഷേപണ രംഗത്ത് ഏറെ നിര്‍ണായരമാകുകയാണ് സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം. റോക്കറ്റിന്‍റെ ഒന്നാം ഭാഗത്തെ വിജയകരമായി തിരികെ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു അഞ്ചാം പരീക്ഷണ വിക്ഷേപണത്തിലെ ലക്ഷ്യം, ഇതുതന്നെയായിരുന്നു വെല്ലുവിളിയും. ടെക്‌സസിലെ ബ്രൗണ്‍സ്‌വില്ലിലായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് പിന്നാലെ 7 മിനിറ്റിനുശേഷമാണു റോക്കറ്റിന്റെ ബൂസ്റ്റർ വിക്ഷേപണത്തറയില്‍ തിരിച്ചെത്തിയത്. 232 അടി (71 മീറ്റർ) നീളമുള്ളതാണ് ബൂസ്റ്റര്‍ ഭാഗം. ലോഞ്ച് പാഡിലെ ഭീമന്‍ യന്ത്രകൈകളിലേക്കാണ് ബൂസ്റ്റര്‍ ഭാഗം ഇറങ്ങിച്ചെന്നത്.
ജൂണിലായിരുന്നു സ്റ്റാര്‍ഷിപ്പിന്‍റെ നാലാം പരീക്ഷണ വിക്ഷേപണം നടന്നത്. ഈ ദൗത്യത്തില്‍ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ ഇരുഭാഗങ്ങളും കടലിൽ ഇറക്കാൻ സ്പേസ് എക്സിന് കഴിഞ്ഞിരുന്നു. പിന്നാലെയാണ് ഭൂമിയില്‍ തിരിച്ചുള്ള ലാന്‍ഡിങും വിജയം കൈവരിക്കുന്നത്. ബഹിരാകാശ വിനോദസഞ്ചാരത്തിനും ബഹിരാകാശത്തുനിന്ന് മടങ്ങുമ്പോൾ ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങുന്നതിലും നിര്‍ണായകമാണ് പരീക്ഷണ വിജയം. ഭാവിയില്‍ മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകാനുള്‍പ്പടെയുള്ള ദൗത്യങ്ങളിൽ സ്പേസ് എക്സ് ഉപയോഗിച്ചേക്കുക സ്റ്റാർഷിപ്പായിരിക്കും. 121 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പിന് 100 മുതൽ 150 ടൺ വരെ ഭാരമുള്ള വസ്‌തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകും.