അവസാനമായി 80,000 വർഷങ്ങൾക്ക് മുമ്പ് കണ്ട വാല്‍നക്ഷത്രത്തെ കാമറയില്‍ പകര്‍ത്തി രാജ്യത്തെ ആകാശ നിരീക്ഷകര്‍. ലഡാക്കിലെ പർവതങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പടെ വ്യത്യസ്ത ഇടങ്ങളില്‍ നിന്നായുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വിരുന്നൊരുക്കുന്നത്. കാണാത്തവര്‍ക്കും കണ്ണിന് കൗതുകമായി മാറുകയാണ് ഈ അപൂർവ ദൃശ്യങ്ങള്‍.
C/2023 A3 (ഷൂചിന്‍ഷാന്‍) എന്നറിയപ്പെടുന്ന വാല്‍നക്ഷത്രമാണ് ഒക്ടോബർ ആദ്യവാരം ഇന്ത്യയുടെ ആകാശത്ത് ദൃശ്യമായത്. പിന്നാലെ ചിത്രങ്ങളുമെത്തി. @cosmic_trails ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ലഡാക്കിലെ പർവതങ്ങളുടെ പശ്ചാത്തലത്തിലുള്ള വാല്‍നക്ഷത്രത്തിന്‍റെ അതിശയകരമായ ഫോട്ടോ പങ്കിട്ടിരിക്കുന്നത്. ഒക്‌ടോബർ 1-ന് രാവിലെയാണ് ആസ്ട്രോഫോട്ടോഗ്രാഫി ടീം വാല്‍നക്ഷത്രത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സമുദ്രനിരപ്പിൽ നിന്ന് 4880 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗോങ്മ ലായിലെത്തിയത്. ഓക്‌സിജനും താപനിലയും കുറവായിരുന്നെങ്കിലും ടീമിന്‍റെ ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് അവര്‍ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഫോട്ടോഗ്രാഫർമാരായ അഭിനവ് സിംഗായി, അതിഷ് അമൻ, ലക്ഷ്മി നാരായണ, പ്രീതം പാനിഗ്രഹി, സ്മിത സിംഗ്, അനൂജ് സിംഗ്, ആംഗ്‌ചോക് പദ്മ എന്നിവരാണ് ചിത്രം പകര്‍ത്തിയത്.
മറ്റൊരു ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞനായ സത്യനാരായണൻ ശ്രീധർ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നിന്നും വാല്‍നക്ഷത്രത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗളൂരുവിന്‍റെ ആകാശത്തും വാല്‍നക്ഷത്രത്തെ കണ്ടെത്തി. ജ്യോതിശാസ്ത്രജ്ഞനും ബാംഗ്ലൂർ അസ്‌ട്രോണമിക്കൽ സൊസൈറ്റി (ബിഎഎസ്) അംഗവുമായ കീർത്തി കിരണണാണ് ഈ ചിത്രം ബാംഗ്ലൂരിൻ്റെ ഹൃദയഭാഗത്തു നിന്ന് ചിത്രം പകര്‍ത്തിയത്. അടുത്ത ദിവസങ്ങളിൽ ആകാശം തെളിമയുള്ളതാണെങ്കില്‍ രാവിലെ 5നും 5.45നും ഇടയില്‍ വാല്‍നക്ഷത്രത്തെ കാണാനാകുമെന്ന് അദ്ദേഹം കുറിച്ചു. ഹൈദ്രാബാദ് നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും വാൽനക്ഷത്രത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
80,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇതിനുമുമ്പ് ‘ഷൂചിന്‍ഷാന്‍’ ഭൂമിയുടെ ദൃശ്യപരിധിയില്‍ എത്തിയത്. നൂറ്റാണ്ടിന്‍റെ വാല്‍നക്ഷത്രമെന്നാണ് ഇത് അറിയപ്പെടുന്നത്. 2023 ജനുവരിയിലാണ് ഷൂചിന്‍ഷാന്‍ ഭൂമിയില്‍ എത്തിയതായി ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. ഒക്ടോബർ 12 നും 24 നും ഇടയിലുള്ള ദിവസങ്ങളിൽ വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നു.
അതിരാവിലെ സൂര്യോദയത്തിന് തൊട്ടുമുന്‍പ് എഴുന്നേറ്റാല്‍ വാല്‍നക്ഷത്രത്തെ കാണാം. സൂര്യപ്രകാശം ഭൂമിയില്‍ നിറയുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് സമയമാണ് വാല്‍നക്ഷത്രത്തെ കാണാന്‍ ഉത്തമം. കിഴക്കന്‍ ആകാശത്തേക്ക് കണ്ണിമ ചിമ്മാതെ നോക്കി നിന്നാല്‍ ചക്രവാള സീമയോട് ചേര്‍ന്ന് വാല്‍നക്ഷത്രം ദൃശ്യമാകും നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ വാല്‍നക്ഷത്രത്തെ കാണാമെങ്കിലും ഒരു ബൈനോക്കുലര്‍ കൂടിയുണ്ടെങ്കില്‍ ഉഷാറായി. കൂടുതല്‍ സുന്ദരമായി ഷൂചിന്‍ഷാനെ കാണാം. നേര്‍ത്ത നീണ്ട വാലും ഷൂചിന്‍റെ പ്രത്യേകതയാണ്.