Image Credit: NASA

Image Credit: NASA

TOPICS COVERED

ബഹിരാകാശത്ത് ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളില്‍ ഒന്നാണ് ചൊവ്വ. അതുകൊണ്ടു തന്നെ ചൊവ്വയെ കേന്ദ്രീകരിച്ചുള്ള പര്യവേഷണങ്ങളും തകൃതിയാണ്. ചൊവ്വയില്‍ ജീവനുണ്ടോ? ജീവന്‍ ഉണ്ടായിരുന്നോ? ജീവന് നിലനില്‍ക്കാന്‍ സാധിക്കുമോ? ഭാവിയില്‍ മനുഷ്യര്‍ക്ക് കുടിയേറാന്‍ പറ്റുമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് പര്യവേഷണങ്ങള്‍. ചൊവ്വയിലെ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള അനുമാനങ്ങളും ശ്രദ്ധേയമാണ്. അന്യഗ്രഹ ജീവികളെ കണ്ടെത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ചൊവ്വയുടെ ഉപരിതലത്തിലെ മനുഷ്യന്‍റെ മുഖവുമായ സാദൃശ്യമുള്ള വസ്തുവിന്‍റെ ചിത്രങ്ങളാണ്.

യഥാര്‍ഥത്തില്‍ ചൊവ്വയുടെ ഉപരിതലത്തിലുള്ള പാറകളില്‍ ഒന്നുമാത്രമാണിത്. നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ പര്യവേഷണങ്ങളുടെ ഭാഗമായുള്ള ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇതിന് മുന്‍പും പങ്കുവച്ചിട്ടുണ്ട്. ചൊവ്വയുടെ ഉപരിലത്തിലെ പാറകളുടെ ഘടനയിലെ വ്യത്യസ്തതയും കാണുന്നവരുടെ ഭാവനയും അനുസരിച്ച് ഈ പാറകള്‍ മറ്റ് പലതുമായി പരിണമിക്കാറുണ്ട്. ചിലപ്പോള്‍ തുറന്നുവച്ച പുസ്തകം, കരടിയുടെ മുഖം, പൂക്കള്‍, നിഗൂഢമായ വാതിൽ, മൃഗങ്ങളുടെ കാല്‍പ്പാടുകള്‍ എന്നിങ്ങനെ നീളുന്നു ഈ ഭാവനകള്‍. ഇത്തരത്തില്‍ നാസ പങ്കുവച്ച ചിത്രത്തിലെ പാറയില്‍ മനുഷ്യന്‍റെ മുഖ സാദൃശ്യം കണ്ടെത്തിയതാണ് കൗതുകമുണര്‍ത്തുന്നത്.

സയൻസ് അലർട്ട് പറയുന്നതനുസരിച്ച് നാസ വിക്ഷേപിച്ച പെഴ്‌സിവീയറൻസ് റോവറാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ശരീരത്തിൽ നിന്ന് വേർപെട്ട, ചില ഭാഗങ്ങള്‍ ദ്രവിച്ച നിലയിലുള്ള മുഖത്തിന്‍റെ രൂപമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2024 സെപ്റ്റംബർ 27നാണ് ചിത്രം പകര്‍ത്തിയത്. മനുഷ്യ രൂപത്തോടുള്ള സാമ്യം ഒഴിച്ചു നിര്‍ത്തിയാല്‍ നാസയുടെ ഉപരിതലത്തിലെ മറ്റു പാറകളില്‍ നിന്നും വലിയ പ്രത്യേകതയൊന്നും ഈ പാറയ്ക്കില്ല. ചൊവ്വയില്‍ ഇത് വളരെ സാധാരണമായ കാര്യവുമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൊവ്വയുടെ ഉപരിതലത്തില്‍ വെള്ളം ഒഴുകിയതായി കരുതുന്നതിനാല്‍ പാറകള്‍ക്ക് അങ്ങനെ രൂപമാറ്റം സംഭവിച്ചതാകാം എന്നാണ് കരുതുന്നത്.  ALSO READ: ചൊവ്വയില്‍ കടലോളം വെള്ളം? നിര്‍ണായക കണ്ടെത്തല്‍...

നേരത്തെ സമുദ്രങ്ങള്‍ രൂപപ്പെടാന്‍ തക്ക അളവില്‍ ഭൂഗര്‍ഭജലം ചൊവ്വയിലുണ്ടെന്ന് പഠനം പുറത്തുവന്നിരുന്നു. നാസയ്ക്കുവേണ്ടി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷസംഘമായിരുന്നു പഠനം ന‍ടത്തിയത്. 30 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൊവ്വയുടെ ഉപരിതലത്തില്‍ സമുദ്രങ്ങളും നദികളും തടാകങ്ങളും ഉണ്ടായിരുന്നുവെന്ന് ഇതിനകം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ENGLISH SUMMARY:

NASA's Perseverance rover captured pictures of odd formation looks like an human face.