ഭൂമിയില്‍ നിന്നും 1.5 മില്യണ്‍ കിലോമീറ്റര്‍ അകലെ ബഹിരാകാശത്ത് നിഗൂഢമായ കോസ്മിക് ടണല്‍ കണ്ടെത്തി ശാസ്ത്രജ്ഞർ. സൗരയൂഥത്തിന് ചുറ്റുമുള്ള ചൂടുള്ള വാതകങ്ങളുടെ മേഘമായ ലോക്കൽ ഹോട്ട് ബബിളിലൂടെയാണ് ഈ തുരങ്കം കടന്നുപോകുന്നത്. നമ്മുടെ സൗരയൂഥത്തെ ഗാലക്സിയിലെ മറ്റ് നക്ഷത്രങ്ങളുമായി ബന്ധിപ്പിക്കാൻ സാധ്യതയുള്ളതാണ് ഈ തുരങ്കമെന്നും ഗവേഷണങ്ങള്‍ അഭിപ്രായപ്പെടുന്നു.
നമ്മുടെ സൗരയൂഥത്തിന് ചുറ്റും നൂറുകണക്കിന് പ്രകാശവർഷങ്ങള്‍ വ്യാപിച്ചുകിടക്കുന്ന നേർത്ത ചൂടുള്ള വാതകത്തിന്‍റെ വിശാലമായ പ്രദേശമാണ് ലോക്കൽ ഹോട്ട് ബബിൾ. ഏകദേശം 14 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വാതകം പുറന്തള്ളുന്ന ഒന്നിലധികം സൂപ്പർനോവ സ്ഫോടനങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഈ സൂപ്പര്‍നോവ സ്ഫോടനങ്ങള്‍ ചൂടുള്ള വാതകത്തിന്‍റെ വിശാലമായ പ്രദേശം അവശേഷിപ്പിക്കുകയായിരുന്നു. ഈ ലോക്കല്‍ ഹോട്ട് ബബിളിനെക്കുറിച്ച് വളരെക്കാലമായി ശാസ്ത്രജ്ഞർക്ക് അറിയാമെങ്കിലും അതിലൂടെ കടന്നുപോകുന്ന ടണിലിനെ കുറിച്ചാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ‘ഇന്‍റര്‍സ്റ്റെല്ലാര്‍ ടണൽ’ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
ടണലിന്റെ ചിലഭാഗങ്ങളില്‍ ചൂടും ചില സ്ഥലങ്ങളില്‍ തണുപ്പുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നക്ഷത്രങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ കോസ്മിക് ടണൽ സെന്‍റോറസ് നക്ഷത്രസമൂഹത്തിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. തുരങ്കത്തിന്‍റെ സാന്നിധ്യം ശാസ്ത്രജ്ഞര്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മുമ്പ് അദൃശ്യമായിരുന്ന ലോക്കൽ ഹോട്ട് ബബിളിന്‍റെ പല ഭാഗങ്ങളും ഇന്ന് ശാസ്ത്രലോകത്തിന് വ്യക്തമാണ്. ഇറോസിറ്റ എന്ന അത്യാധുനിക എക്‌സ്‌റേ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് തുരങ്കത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ബഹിരാകാശത്തുള്ള അസാധാരണമായ എക്സ്-റേ വികിരണങ്ങളെ വിശദീകരിക്കാനായി ശാസ്ത്രജ്ഞർ ഉപയോഗിച്ച 50 വർഷത്തിലേറെ പഴക്കമുള്ള ആശയമാണ് ലോക്കൽ ഹോട്ട് ബബിൾ. നമുക്ക് ചുറ്റുമുള്ള സാന്ദ്രത കുറഞ്ഞ പ്രദേശം എക്സ്-കിരണങ്ങളെ കടന്നുപോകാൻ അനുവദിക്കുമെന്ന് അവർ സിദ്ധാന്തിച്ചു. ഇവയെ വാതക മേഘങ്ങള്‍ തടയുന്നില്ലെന്നും അവര്‍ സമര്‍ഥിക്കുന്നു. കാലക്രമേണ, ഈ സിദ്ധാന്തം വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. ഹോട്ട് ബബിളിനടുത്തുള്ള നക്ഷത്ര രൂപീകരണത്തിന്‍റെ സമീപകാല കണ്ടെത്തലുകൾ, ഇത് ശൂന്യമായ സ്ഥലത്തേക്കാൾ നമ്മുടെ ഗാലക്സിയുടെ സജീവ ഭാഗമാണെന്നും സൂചിപ്പിക്കുന്നു.
ഇതിലൂടെയുള്ള തുരങ്കത്തിന്‍റെ കണ്ടെത്തൽ ഇത്തരത്തിലുള്ള ഗാലക്സിയിൽ ഉടനീളം സമാനമായ തുരങ്കങ്ങളുണ്ടോ? ക്ഷീരപഥത്തിന് കുറുകെ ഒരു ശൃംഖല തന്നെ ഇവമൂലം രൂപീകരിക്കപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സൂപ്പർനോവകളും മറ്റ് കോസ്മിക് സംഭവങ്ങളും പുറത്തുവിടുന്ന ഊർജത്തിന്‍റെ ഫലമായിരിക്കാം ഇത്തരം തുരങ്കങ്ങളെന്നാണ് കരുതുന്നത്. ഗാലക്സിയിലൂടെ ദ്രവ്യവും ഊർജവും എങ്ങനെ നീങ്ങുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണയെ മാറ്റിമറിക്കാൻ സാധ്യതയുണ്ട് പുതിയ കണ്ടെത്തലിനെന്നും ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു. ടണലിനപ്പുറം വിശാലമായ മറ്റൊരു ലോകമുണ്ടെന്ന തിയറികളും പുറത്തുവരുന്നുണ്ട്.