ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള പദ്ധതികള്‍ക്ക് ആക്കം കൂട്ടുന്നതിനിടെ അടുത്ത ഏതാനും ദശകങ്ങൾക്കുള്ളിൽ ചന്ദ്രനില്‍ ബഹിരാകാശ നിലയം നിര്‍മിക്കാനും ലക്ഷ്യമിട്ട് ചൈന. ചാന്ദ്ര നിലയം നിർമ്മിക്കാനും വാസയോഗ്യമായ മറ്റു ഗ്രഹങ്ങളെയും ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ സാധ്യതയേയും പര്യവേഷണം ചെയ്യാനുള്ള പദ്ധതികള്‍ ചൈന പ്രഖ്യാപിച്ചു കഴിഞ്ഞു.
2024 മുതൽ 2050 വരെയുള്ള രാജ്യത്തിന്‍റെ ബഹിരാകാശ ദൗത്യങ്ങളുടെയും ബഹിരാകാശ ഗവേഷണത്തിന്‍റെയും വികസന പരിപാടികളാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ചൈന അക്കാദമി ഓഫ് സയൻസസ് (CAS), ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ, ചൈന മാൻഡ് സ്‌പേസ് ഏജൻസി എന്നിവരാണ് പദ്ധതികളും ലക്ഷ്യങ്ങളും വിശദീകരിച്ചത്.
ചൈനയുടെ അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം 2028 മുതൽ 2035 വരെയുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിലായിരിക്കും നിര്‍മിക്കുകയെന്ന് ചൈന അക്കാദമി ഓഫ് സയൻസസ് വൈസ് പ്രസിഡന്‍റ് ഡിങ് ചിബിയാവോ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ഘട്ടത്തിൽ, അതായത് 2027 വരെ ബഹിരാകാശ നിലയത്തിന്‍റെ പ്രവർത്തനങ്ങളിലായിരിക്കും ചൈന ശ്രദ്ധ കേന്ദ്രീകരിക്കുക. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ചാന്ദ്ര പര്യവേക്ഷണ പദ്ധതികളും മറ്റു ഗ്രഹങ്ങളുടെ പര്യവേക്ഷണ പദ്ധതികളും ഈ സമയം നടപ്പിലാക്കും. പുതിയ പദ്ധതി പ്രകാരം സൗരയൂഥത്തിലെ ഗ്രഹങ്ങളിലേയും എക്സോപ്ലാനറ്റുകളിലേയും ജീവന്‍റെ സാധ്യതയും വാസയോഗ്യതയും പര്യവേഷണം ചെയ്യും. അന്യഗ്രഹ ജീവികളെ കണ്ടെത്താനുള്ള ശ്രമങ്ങളുമുണ്ടാകും.
സൗരയൂഥത്തിന്‍റെ ഉത്ഭവം, പരിണാമം, ഗ്രഹങ്ങളുടെ അന്തരീക്ഷങ്ങളെ കുറിച്ചുള്ള പഠനം, അന്യഗ്രഹ ജീവികൾക്കായുള്ള തിരച്ചില്‍, എക്സോപ്ലാനറ്റുകളുടെ കണ്ടെത്തല്‍ എന്നിവയായിരിക്കും വരും വർഷങ്ങളിൽ ബഹിരാകാശ പര്യവേഷണ മേഖലയിലെ പ്രധാനമേഖലകളെന്നും ഡിങ് ചിബിയാവോ പറഞ്ഞു. ചൈനയുടെ പദ്ധതികളുടെ അവസാനഘട്ടം പ്രപഞ്ചത്തിന്‍റെ ഉത്ഭവവും പരിണാമവും പര്യവേക്ഷണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.