സുനിത വില്യംസും ബുഷ് വില്‍മോറുമടക്കം കഴിയുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും അസാധാരണ ദുര്‍ഗന്ധം. ഐഎസ്എസിലെ റഷ്യൻ പ്രോഗ്രസ് എംഎസ് 29 കാർഗോ ബഹിരാകാശ പേടകം തുറക്കുന്നതിനിടെയാണ് വിഷഗന്ധം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ നാസയിലെയും റോസ്കോസ്മോസിലെയും ശാസ്ത്രജ്‍ഞര്‍ ചേര്‍ന്ന് വായൂ ശുദ്ധീകരിക്കാനുള്ള എയര്‍ സ്ക്രബിങ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കി.
നിലവില്‍ ഐസിസിനുള്ളിലെ വായൂഗുണനിലവാരം പരിശോധിക്കുകയാണ്. നിലയത്തിനുള്ളിലെ വായുവിന്‍റെ ഗുണനിലവാരം നിലവില്‍ സാധാരണനിലയില്‍ ആണെന്നും വാതകച്ചോര്‍ച്ചയോ ആശങ്കപ്പെടാനുള്ള മറ്റ് സാഹചര്യങ്ങളോ ഇല്ലെന്നും നാസ അറിയിച്ചു.
നിലയത്തിലേക്ക് അടുത്ത ആറുമാസത്തേക്ക് ആവശ്യമായ മൂന്ന് ടണ്‍ ഭക്ഷണം, ഇന്ധനം, മറ്റ് ഘടകങ്ങള്‍ എന്നിവ ഡോക്ക് ചെയ്യുമ്പോഴായിരുന്നു വിഷഗന്ധം റിപ്പോര്‍ട്ട് ചെയ്തത്. ആറുമാസത്തേക്ക് പ്രോഗ്രസ് 90 നിലയത്തില്‍ ഡോക്ക് ചെയ്തിരിക്കും. ഭൂമിയിലേക്ക് മടങ്ങി വരുന്നതിന് മുന്‍പ് അതില്‍ മറ്റ് മാലിന്യങ്ങള്‍ നിറയ്ക്കുകയും ഭൂമിയുടെ അന്തരീക്ഷത്തിലെത്തുന്നതിന് മുമ്പായി ഇത് എരിച്ച് കളയുകയുമാണ് ചെയ്യുന്നത്.
സ്പ്രേ പെയിന്‍റിനോട് സാമ്യമുള്ള മണമാണ് അനുഭവപ്പെട്ടതെന്നും ആദ്യം ഇത് നിലയത്തിലെ മൂത്രം സംസ്കരിക്കുന്ന ഭാഗത്ത് നിന്നും വന്നതാകാമെന്നാണ് കരുതിയതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ ഗന്ധത്തിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രോഗസ് പേടകത്തില്‍ നിന്നാണോ ഐഎസ്എസിലേക്ക് ഇത് ഘടിപ്പിക്കുമ്പോഴാണോ ഗന്ധമുണ്ടായതെന്നതിലും അന്വേഷണം നടക്കുകയാണ്.
പത്ത് ദിവസത്തെ ദൗത്യത്തിനായി ജൂണില്‍ ബഹിരാകാശത്തേക്ക് പോയ സുനിതയും ബുഷ് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ബഹിരാകാശ നിലയത്തില്‍ തങ്ങുകയായിരുന്നു. സെപ്റ്റംബറില്‍ സുനിത തന്‍റെ പിറന്നാള്‍ ആഘോഷിച്ചതും ബഹിരാകാശത്താണ്. ഇരുവരും യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശത്തിരുന്ന് വോട്ടും രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ ഇരുവരെയും തിരികെ ഭൂമിയില്‍ എത്തിക്കുമെന്നാണ് നാസ പറയുന്നത്. മടങ്ങിവരവിന്‍റെ കൗണ്ട് ഡൗണും ആരംഭിച്ചു.