സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ തകരാറിനെ തുടര്‍ന്ന് ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസും ബുഷ് വില്‍മോറും ഫെബ്രുവരിയിലും ഭൂമിയിലേക്കെത്തില്ലെന്ന് നാസ. മാര്‍ച്ച് അവസാനത്തിലേക്കെങ്കിലും ഇരുവരുടെയും യാത്ര നീളുമെന്നാണ് നാസ പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരം. ബഹിരാകാശ യാത്രികരായ നിക് ഹേഗിനും റഷ്യന്‍ കോസ്മോനട്ടായ അക്സാന്ദര്‍ ഗൊര്‍ബുനോവിനുമൊപ്പമാകും സുനിതയും ബുഷും ഭൂമിയിലെത്തുകയെന്നാണ് നാസ വ്യക്തമാക്കിയിട്ടുള്ളത്.
ഫെബ്രുവരിയില്‍ നടത്താനിരുന്ന ദൗത്യം മാര്‍ച്ച് അവസാനത്തേക്കെങ്കിലും നടത്താമെന്നാണ് നിലവിലെ പ്രതീക്ഷ. ക്രൂ 9ലെ അംഗങ്ങള്‍ക്ക് എന്തെങ്കിലും കാര്യങ്ങള്‍ പുതിയതായി നിലയത്തിലേക്ക് എത്തുന്നവരുമായി പങ്കുവയ്ക്കാനുണ്ടെങ്കില്‍ അതിനുള്ള 'ഹാന്‍ഡ്ഓവര്‍ പിരീഡി'നായാണ് മടക്കയാത്ര നീട്ടുന്നതെന്നും നാസ വ്യക്തമാക്കി. അതേസമയം മാര്‍ച്ച് അവസാനമെന്നല്ലാതെ കൃത്യമായ തീയതി പറയാന്‍ നാസ തയ്യാറായിട്ടില്ല.
ഈ വര്‍ഷം ജൂണിലാണ് സുനിതയും ബുഷ് വില്‍മോറും 10 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയത്. ഇവര്‍ പോയ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങുകയായിരുന്നു. ബഹിരാകാശ നിലയത്തിലെ അപ്രതീക്ഷിതമായ തങ്ങല്‍ സുനിതയുടെ ആരോഗ്യസ്ഥിതി വഷളാക്കിയതായി പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ സുനിതയുടെ ആരോഗ്യത്തില്‍ ആശങ്ക വേണ്ടെന്നും മതിയായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും നാസ വിശദീകരിച്ചിരുന്നു.