വാനനിരീക്ഷകര്‍ എക്കാലവും കാത്തിരിക്കുന്ന ആകാശ പ്രതിഭാസമാണ് ഗ്രഹണങ്ങള്‍. ഈ ഗ്രഹണങ്ങളില്‍ തന്നെ ഏറ്റവും മനോഹരമാണ് സൂര്യ ഗ്രഹണം! സമ്പൂര്‍ണ സൂര്യഗ്രഹണമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട! നട്ടുച്ച പോലും കൂരിരുട്ടാകും . അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഈ വര്‍ഷം ഏപ്രിലില്‍ നടന്നത്, അതും സമ്പൂര്‍ണ സൂര്യഗ്രഹണം. ഈ ഗ്രഹണം കാണാന്‍ കഴിയാത്തപലരും നിരാശ പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ അടുത്തവര്‍ഷം വാനനിരീക്ഷകരെ കാത്തിരിക്കുന്നത് രണ്ട് സൂര്യഗ്രഹണങ്ങളാണ്.
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി നേര്‍രേഖയില്‍ വിന്യസിക്കുകയും സൂര്യനെ മുഴുവനായും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ. അടുത്ത വര്‍ഷം, അതായത് 2025ല്‍ സംഭവിക്കാനിരിക്കുന്നതും രണ്ട് ഭാഗിക സൂര്യഗ്രഹണങ്ങളാണ്.
2025 മാർച്ച് 29
അടുത്ത വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം 2025 മാർച്ച് 29 ന് നടക്കും. യൂറോപ്പിന്‍റെ ചില ഭാഗങ്ങളിലും ഏഷ്യയുടെ വടക്കൻ ഭാഗങ്ങൾ, വടക്ക്, പടിഞ്ഞാറൻ ആഫ്രിക്ക, വടക്കേ അമേരിക്കയുടെ ഭൂരിഭാഗം പദേശങ്ങള്‍, തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗങ്ങൾ, അറ്റ്ലാൻ്റിക്, ആർട്ടിക് മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സൂര്യഗ്രഹണം ദൃശ്യമാകും.
ബർമുഡ, പോർച്ചുഗൽ, കാനഡ, യുഎസ്എ, മൊറോക്കോ, സ്പെയിൻ, ഗ്രീൻലാൻഡ്, അയർലൻഡ്, ഫ്രാൻസ്, ഐൽ ഓഫ് മാൻ, യുകെ, ഐസ്‌ലന്‍ഡ്, ബെൽജിയം, നെതർലൻഡ്‌സ്, ഫാറോ ദ്വീപുകൾ, ജർമ്മനി, ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫിൻലാൻഡ്, റഷ്യ, എന്നിവിടങ്ങളിലെല്ലാം ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. എന്നാല്‍ ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല.
2025 സെപ്റ്റംബർ 21
2025ലെ രണ്ടാമത്തെയും അവസാനത്തേതുമായ സൂര്യഗ്രഹണം സെപ്റ്റംബർ 21 ന് നടക്കും. ഓസ്‌ട്രേലിയയുടെ തെക്കൻ ഭാഗങ്ങൾ, പസഫിക്, അറ്റ്ലാന്‍റിക്, അന്‍റാര്‍ട്ടിക് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. എന്നാല്‍ ഇതും ഇന്ത്യയിൽ നിന്ന് ദൃശ്യമാകില്ല.