spadex-isro

ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യം സ്പെ​ഡെ​ക്​സ് ഇന്ന്. പിഎസ്എല്‍വി– സി 60 രാത്രി 9.58ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിക്കും. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതിക വിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യമാറും.

 

ബഹിരാകാശത്ത് വീണ്ടും ചരിത്രം കുറിക്കുകയാണ് സ്പെ​ഡെ​ക്​സ് ദൗത്യത്തിലൂടെ ഇസ്രോ ലക്ഷ്യമിടുന്നത്. വിക്ഷേപണത്തിന് 15 മിനിറ്റിന് ശേഷം എസ് ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ ഉപഗ്രങ്ങളെ 476 കി.മീ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. തുടര്‍ന്ന് ഭ്രമണപഥ മാറ്റങ്ങള്‍ അടക്കം നടപടി ക്രമങ്ങള്‍ ഒന്നര മണിക്കൂറോളം നീളും. ഭ്രമണപഥത്തില്‍ 10–15 കിമീ അകലെ  ഉപഗ്രഹങ്ങളെ എത്തിച്ചശേഷം പതിയെ അകലം കുറച്ച് ഒന്നിച്ചുചേര്‍ക്കുന്നതാണ് പ്രക്രിയ. സ്പേസ് ഡോക്കിങ് എന്നാണ് ഇതിന് പേര്. റഷ്യ, ചൈന, യുഎസ് എന്നിവയാണ് സ്പെ​ഡെ​ക്​സുള്ള മറ്റു രാജ്യങ്ങള്‍. 

ഇന്ത്യ ലക്ഷ്യമിടുന്ന സ്വന്തം ബഹിരാകാശ നിലയത്തിന്‍റെ ഡോക്കിങ്ങിന് മുന്നോടിയായുള്ള പരീക്ഷണ ഘട്ടമാണിത്. ചാന്ദ്രയാന്‍ 4, ഗഗയാന്‍ ദൗത്യങ്ങള്‍ക്കും ഇത് കരുത്താകും. 24 പേലോഡുകളും സ്പെ​ഡെ​ക്​സിലുണ്ട്. മുംബൈ അമിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള അമിറ്റി പ്ലാന്‍റ് എക്സ്പിരിമെന്‍റല്‍ മൊഡ്യൂള്‍ ഇന്‍ സ്പേസ് പേ ലോഡില്‍ ചീര കോശങ്ങളെ ബഹിരാകാശത്ത് എത്തിക്കും. ബഹിരാകാശ സാഹചര്യങ്ങളില്‍ കോശവളര്‍ച്ചയും സ്വഭാവവും പഠിക്കുകയാണ് ലക്ഷ്യം.

ENGLISH SUMMARY:

ISRO is set to launch the twin-satellite Spadex mission, comprising two small satellites – SDX01 and SDX02 – from Sriharikota. The PSLV-C60 rocket will place the two 220-kilogram satellites into a 470-kilometre circular orbit