പിഎസ്എൽവി– സി59 പ്രോബ–3 ദൗത്യം മാറ്റി വച്ചു. നാളെ വൈകിട്ട് 4.12 നു വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്നു വൈകിട്ട് 4.08നാണു വിക്ഷേപണം നടത്താനിരുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വിക്ഷേപണത്തിന് 44 മിനിറ്റു മുൻപാണ് കൗൺഡൗൺ നിർത്തിയത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഇരട്ട ഉപഗ്രഹമായ പ്രൊബ 3 യിൽ സാങ്കേതിക പ്രശ്നം കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ദൗത്യം നാളേക്ക് മാറ്റിയതായി ഐഎസ്ആർഒ അറിയിച്ചത്. ബഹിരാകാശരംഗത്ത് ഇസ്രോയും ഇഎസ്എയും ചേർന്നുള്ള സുപ്രധാന ദൗത്യമാണ് പ്രോബ-3. ഏകദേശം 150 മീറ്റർ വ്യത്യാസത്തിൽ രണ്ട് ഉപഗ്രഹങ്ങളെ വേർപ്പെടുത്തുന്ന സങ്കീർണമായ വിക്ഷേപണമാണിത്.
യൂറോപ്യൻ സ്പേസ് ഏജൻസി നിർമിച്ച സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കുന്ന രണ്ട് ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി വഹിക്കുന്നത്. ഇവയുടെ ആകെ ഭാരം 550 കിലോഗ്രാം. നിശ്ചിത ഉയരത്തിൽ ഒരു ഉപഗ്രഹത്തിന് മുന്നിൽ മറ്റൊന്ന് വരുന്ന തരത്തിലാണ് ഇവ വിന്യസിക്കേണ്ടത്. കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിവ ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും.
സൂര്യന്റെ രണ്ടു കൊറോണ പാളികൾക്കും ഇടയിലെ ഗ്യാപിനെ കുറിച്ച് കൂടുതൽ വിശദമായി പഠിക്കും. അതോടൊപ്പം സൗരവാതം, കൊറോണൽ മാസ് ഇജക്‌ഷൻ, ഭൂമിയുടെ അന്തരീക്ഷം ബഹിരാകാശത്തു നിന്നു പിടിച്ചെടുക്കുന്ന അതിതീവ്ര ഊർജ കണങ്ങൾ തുടങ്ങിയവയെ കുറിച്ചും പ്രോബ 3 ദൗത്യം പഠനം നടത്തും.