AI Generated Image

2025ൽ വാനനിരീക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശവിസ്മയങ്ങളിലൊന്നായ ക്വാഡ്രാന്‍റിഡ് ഉൽക്കാവർഷം ഇന്ന് പാരമ്യത്തിലെത്തും. ഡിസംബര്‍ 27 മുതല്‍ ഉൽക്കാവർഷം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഉല്‍ക്കാവര്‍ഷം അതിന്‍റെ പാരമ്യത്തില്‍ കാണാവുന്ന അവസാന ദിവസമാണ് ഇന്ന്. ജനുവരി 16 വരെ ഉല്‍ക്കാവര്‍ഷം നീണ്ടു നില്‍ക്കുകയും ചെയ്യും.

നാസയുടെ അഭിപ്രായത്തില്‍ ഇന്ത്യ ഉള്‍പ്പെടുന്ന വടക്കൻ അർദ്ധഗോളത്തിലാണ് ക്വാഡ്രാന്‍റിഡ് ഉല്‍ക്കാവര്‍ഷം ഏറ്റവും നന്നായി കാണപ്പെടുക. രാത്രിയിലും പ്രഭാതത്തിലും ഉല്‍ക്കാമഴ കാണാം. ഇതിനായി പ്രകാശം വളരെ കുറഞ്ഞ ഇടങ്ങള്‍ കണ്ടെത്തണം. വടക്ക് കിഴക്കോട്ട് തിരിഞ്ഞ് മുകളിലേക്കാണ് നോക്കേണ്ടത്. പുലർച്ചെ വരെ ഉൽക്കാവര്‍ഷം നീണ്ടുനിൽക്കുമെന്നതിനാൽ ധാരാളം സമയം ലഭിക്കും, പക്ഷേ ക്ഷമയോടെ കാത്തിരിക്കണം എന്നതാണ് ഏക നിര്‍ദേശം. ഒരു നോക്ക് കാണാൻ നിങ്ങൾക്കും കഴിഞ്ഞേക്കാം. ഉല്‍ക്കാവര്‍ഷം മികച്ച രീതിയില്‍ ആസ്വദിക്കുന്നതിനായി അടുത്തുള്ള പ്ലാനറ്റോറിയവും സന്ദർശിക്കാം.

എന്താണ് ക്വാഡ്രാന്‍റിഡ് ഉൽക്കാവർഷം?

സൂര്യനെ ചുറ്റുന്ന ധൂമകേതുക്കളും ഛിന്നഗ്രഹങ്ങളും അവ കടന്നുപോകുന്ന വഴിയില്‍ പൊടികളോ പാറകളോ അവശേഷിപ്പിക്കാറുണ്ട്. ഭൂമി ഈ പാതയിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഇവ ഉല്‍ക്കകളായി പെയ്തിറങ്ങുന്നു. ഭൂരിഭാഗം ഉല്‍ക്കാവര്‍ഷങ്ങളും ധൂമകേതുക്കളില്‍ നിന്നുണ്ടാകുമ്പോള്‍ ക്വാഡ്രാന്റിഡുകള്‍ ഉത്ഭവിക്കുന്നത് 2003 EH1 എന്ന ഛിന്നഗ്രഹത്തില്‍ നിന്നാണ്. എല്ലാ വർഷവും ജനുവരി ആദ്യമാണ് ക്വാഡ്രാന്‍റിഡ് ഉൽക്കാവർഷം ദൃശ്യമാകുക. പീക്ക് സമയത്ത് 60 മുതല്‍ 200 ഉൽക്കകൾ വരെ കാണാനായേക്കും. സെക്കൻഡിൽ 70 കിലോമീറ്റർ വേഗത്തിലായിരിക്കും ഉല്‍ക്കകള്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുക.

1795ൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ ജെറോം ലാലാൻഡെ കണ്ടെത്തിയ ക്വാഡ്രൻസ് മുരളിസ് എന്ന നക്ഷത്രസമൂഹത്തിന്‍റെ പേരിലാണ് ക്വാഡ്രാന്‍റിഡ് ഉല്‍ക്കാവര്‍ഷത്തിന് ആ പേര് ലഭിക്കുന്നത്. 1825ലാണ് ഇവ ആദ്യമായി നിരീക്ഷിക്കപ്പെടുന്നത്. പലപ്പോഴും സാധാരണ ഉൽക്കാവർഷത്തേക്കാൾ ക്വാഡ്രാന്‍റിഡ് ഉൽക്കാവർഷം കൂടുതൽ നേരം ആകാശത്ത് ദൃശ്യമാകുകയും കൂടുതല്‍ തിളക്കത്തോടെ കാണപ്പെടുകയും ചെയ്യുന്നു.

ENGLISH SUMMARY:

The spectacular Quadrantid meteor shower, which began on December 27, reaches its peak visibility in India today. Don't miss this celestial wonder before it continues until January 16.