AI Generated Image

TOPICS COVERED

മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുമെന്ന് പ്രവചിച്ച് കാറ്റലിന സ്കൈ സര്‍വേ. എന്നാൽ ഏകദേശം ഒരു മീറ്റർ മാത്രം വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ കത്തിത്തീരുമെന്നും യാതൊരു അപകടവും ഉണ്ടാക്കുകയില്ലെന്നുമാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പറയുന്നത്. എന്നാൽ ഛിന്നഗ്രഹം കത്തുന്നത് ആകാശത്ത് ഒരു അഗ്നിഗോളമായി ദൃശ്യമായേക്കാം.

ഇന്നു രാവിലെയാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇത് ഒമ്പതാം തവണയാണ് ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് ഒരു ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ദൃശ്യങ്ങളും കാറ്റലിന സ്കൈ സർവേ തങ്ങളുടെ എക്സ് അക്കൗണ്ട് വഴി പങ്കുവെച്ചിട്ടുണ്ട്. മുമ്പ് CAQTDL2 എന്നറിയപ്പെട്ടിരുന്ന ഛിന്നഗ്രഹത്തിന് 2024 RW1 എന്നാണ് പേരു നല്‍കിയിരിക്കുന്നത്. സെക്കൻഡിൽ ഏകദേശം 11 മൈൽ അല്ലെങ്കിൽ മണിക്കൂറിൽ 40,000 മൈൽ വേഗതയിൽ ഇത് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബർ 4 ബുധനാഴ്ച, യുകെ സമയം വൈകീട്ട് ആറോടുകൂടി ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍വരും. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിന് മുകളിൽ ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിന് സമീപമുള്ള അന്തരീക്ഷത്തിലേക്കായിരിക്കും ഛിന്നഗ്രഹം പ്രവേശിക്കുക. എന്നാൽ സമീപത്തെ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഛിന്നഗ്രഹം കത്തിയെരിയുന്ന കാഴ്ചയെ മറച്ചേക്കാം.

ബഹിരാകാശത്ത് നിന്നും പലതരത്തിലുള്ള വസ്തുക്കള്‍ ഭൂമിയെ ലക്ഷ്യമാക്കി വരാറുണ്ട്. അവയെല്ലാം അന്തരീക്ഷത്തിലൂടെ കടന്നുപോകുകയും അപകടമുണ്ടാക്കാന്‍ സാധിക്കാത്ത അത്ര ചെറുതുമാണ്. അതിനാല്‍ തന്നെ മുൻകൂട്ടി കാണുന്നത് ബുദ്ധിമുട്ടും അപൂർവവുമാണ്. അതേസമയം ചില ചിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയേക്കാം. 2013-ൽ റഷ്യയുടെ മുകളിലൂടെ ഭൂമിയില്‍ ഛിന്നഗ്രഹം പതിച്ചതിനെ തുടര്‍ന്ന് 1,500 ഓളം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ദശലക്ഷക്കണക്കിന് ഡോളറിന്‍റെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.

1 m asteroid discovered this morning to strike Earth's atmosphere over the Philippines near Luzon Island (Credit: ESA)

ENGLISH SUMMARY:

A small Asteroid that will harmlessly impact with Earth's atmosphere in few hours over the Western Pacific. The object (called CAQTDL2) is small, a few feet in diameter.