space-debris-image

Debris Field Surrounding Earth ​| Image Credit: https: x.com/redditSpaceView

‘തലയ്ക്കുമീതെ ശൂന്യാകാശം’ എന്ന് പാടിയിരുന്ന കാലംകഴിഞ്ഞു! തലയ്ക്കു മുകളില്‍ ശൂന്യാകാശം മാത്രമല്ല, നാം ശൂന്യാകാശത്തിലേക്ക് അയച്ചതെല്ലാം തിരികെ പതിക്കാന്‍ തയ്യാറായി കിടപ്പുണ്ട്! പറഞ്ഞുവരുന്നത് ബഹിരാകാശ മാലിന്യങ്ങള്‍ അഥവാ സ്പേസ് ഡെബ്‍രിയെക്കുറിച്ചാണ്. പ്രവർത്തനം നിലച്ച ഉപഗ്രഹങ്ങളും മറ്റനേകം മനുഷ്യനിർമിത വസ്തുക്കളുമാണ് ഭൂമിക്ക് ചുറ്റും കറങ്ങുന്നത്. ഈ അവശിഷ്ടങ്ങള്‍ നേരെ ഭൂമിയിലെത്തിയാലോ? കഥമാറും!

space-debris-kenya

കെനിയയില്‍ പതിച്ച ലോഹ ഭാഗം (Credit: KSA)

ഇത്തരത്തില്‍ ഒരു ലോഹഭാഗമാണ് ഡിസംബർ 30ന് തെക്കന്‍ കെനിയയിലെ മകുനി കൗണ്ടിയിലെ മുകുകു ഗ്രാമത്തില്‍ പതിച്ചത്. സംഗതി ഒട്ടും ചെറുതായിരുന്നില്ല. 500 കിലോ ഭാരവും (1100 പൗണ്ട്) എട്ടടി (2.5 മീറ്റർ) വ്യാസവും ലോഹവളയമാണ് ഭൂമിയില്‍ പതിച്ചത്. വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പെട്ട ഭാഗമാണ് ഇതെന്നാണ് നിഗമനം. കെനിയ സ്പേസ് ഏജന്‍സി പഠനം തുടരുമ്പോള്‍ ചര്‍ച്ചയാകുന്നത് ശാസ്ത്രം ഭയപ്പെടുന്ന ‘കെസ്‍ലർ സിൻഡ്രോ’മാണ്.

ബഹിരാകാശ മാലിന്യങ്ങളുടെ ക്രമാതീതമായ വര്‍ധനയാണ് ‘കെസ്‍ലർ സിൻഡ്രോം’ എന്ന കൂട്ടിമുട്ടൽ ‘കാസ്കേഡിങി’ന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ 1978ൽ നാസയിലെ ശാസ്ത്രജ്ഞനായ ഡൊണാൾഡ് ജെ.കെസ്‍ലർ നിർദ്ദേശിച്ച സാങ്കൽപ്പിക സാഹചര്യം മാത്രമായിരുന്നു ‘കെസ്‍ലർ സിൻഡ്രോം’. ഭൂമിയുടെ ഭ്രമണപഥം മാലിന്യങ്ങള്‍കൊണ്ട് നിറയുന്ന സൈദ്ധാന്തിക സാഹചര്യമാണിത്.

ബഹിരാകാശ ഗവേഷണ രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഭൂമിയുടെ ഭ്രമണപഥമാണ് എന്നാല്‍ ‘കെസ്‍ലർ സിൻഡ്രോം’ ഉണ്ടായാല്‍ ഈ ഭ്രമണപഥത്തില്‍ ബഹിരാകാശ അവശിഷ്ടങ്ങളുടെ വലിയ കൂട്ടിയിടികള്‍ ഉണ്ടാകും. ഇതുവഴി കൂടുതല്‍ അവശിഷ്ടങ്ങളും സൃഷ്ടിക്കപ്പെടും. ഉപഗ്രഹങ്ങളെ ഇത് അപകടത്തിലാക്കും. ബഹിരാകാശ പര്യവേക്ഷണ സാധ്യതകളെയും ബാധിക്കും. ‌‌‌‌2013ല്‍ പുറത്തുവന്ന ‘ഗ്രാവിറ്റി’ എന്ന സിനിമയില്‍ ‘കെസ്‍ലർ സിൻഡ്രോമി’ന്‍റെ വിനാശകരമായ ഫലങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഒരു ഉപഗ്രഹത്തിലുണ്ടാകുന്ന മിസൈൽ ആക്രമണം കൂട്ടിയിടികളുടെ നിര തന്നെ സൃഷ്ടിക്കുന്നതാണ് സിനിമയില്‍. 

സാങ്കൽപ്പിക സാഹചര്യമായി മാത്രം കരുതിയിരുന്ന കെസ്‍ലർ സിൻഡ്രോമിന്‍റെ ആരംഭം അകലെയല്ലെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് സിഎന്‍എന്‍ പറയുന്നത്. നാല് വർഷത്തിനിടെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച വസ്തുക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നും ആശങ്കപ്പെട്ടിരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അരിസോണ സർവകലാശാലയിലെ പ്ലാനറ്ററി സയൻസ് പ്രഫസര്‍ ഡോ.വിഷ്ണു റെഡ്ഡി സിഎന്‍എന്നോട് പറഞ്ഞു.

ഭൂമിയുടെ ഭ്രമണപഥത്തിലെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാൻ നിലവിൽ രാജ്യാന്തര ബഹിരാകാശ നിയമങ്ങളൊന്നുമില്ല. ലോകത്തെ ഏറ്റവും വലിയ മാലിന്യക്കൂമ്പാരമാണ് ഭൂമിയുടെ ഭ്രമണപഥത്തിലുള്ളത്. ഇത് നീക്കം ചെയ്യല്‍ ചെലവേറിയതുമാണ്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ ഏതാണ്ട് 6,000 ടൺ മാലിന്യങ്ങളുണ്ട്. ഈ ഭ്രമണപഥത്തിൽ കൂട്ടിയിടികളുണ്ടായാല്‍ അത് ബഹിരാകാശയാത്രികരുടെ ജീവന് പോലും ഭീഷണിയായേക്കാം. റോക്കറ്റ് വിക്ഷേപണങ്ങൾ നിർത്തിവയ്ക്കേണ്ടിവരും. ഉപഗ്രഹ സാങ്കേതിക വിദ്യകള്‍ ഉപയോഗശൂന്യവുമാകും.

ഒരുകാലത്ത് ബഹിരാകാശ പര്യവേക്ഷണം സര്‍ക്കാരുകള്‍ക്ക് കീഴിലായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല. സ്വകാര്യമേഖല ഇവിടെ ചുവടുറപ്പിച്ചുകഴിഞ്ഞു. വരും വർഷങ്ങളിൽ ആയിരക്കണക്കിന് ഉപഗ്രഹങ്ങളായിരിക്കും വിക്ഷേപിക്കപ്പെടുക. ഇതുണ്ടാക്കുന്ന മാലിന്യങ്ങള്‍ എത്രത്തോളമായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ചുരുക്കിപ്പറഞ്ഞാല്‍ മാലിന്യത്തിന്‍റെ കാര്യത്തില്‍ ഭൂമിയും ആകാശവും ഒരുപോലെയാകുകയാണ് എന്ന് സാരം.

ENGLISH SUMMARY:

A massive 500 kg metal ring from space debris fell in Kenya’s Makuni County on December 30. Learn more about the incident and the risks of Kessler Syndrome.