രാവിലെ എഴുന്നേറ്റപ്പോള്‍ സൂര്യനെ ശ്രദ്ധിച്ചിരുന്നോ? എന്തെങ്കിലും വ്യത്യാസമുണ്ടായിരുന്നോ? എന്നാല്‍ കേട്ടോളൂ ഇന്നത്തെ സൂര്യന്‍ സൂപ്പറാണ്! അതായത് ‘സൂപ്പര്‍ സണ്‍’. ഈ വർഷത്തെ ഏറ്റവും വലുപ്പം കൂടിയ സൂര്യനാണ് ഇന്ന് ഉദിച്ചത്. സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതിനെയാണ് സൂപ്പര്‍ സണ്‍ എന്നു പറയുന്നത്. ഈ സമയം സൂര്യന്‍ കൂടുതല്‍ വലിപ്പത്തില്‍ കാണപ്പെടുന്നു. പെരിഹീലിയൻ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. വലിപ്പം ഉണ്ടെന്നു വിചാരിച്ചു സൂര്യനെ ഒരു കാരണവശാലും നേരിട്ടു നോക്കരുത് എന്നുമാത്രം.
ഭൂമി സൂര്യനെ ചുറ്റുന്നത് കൃത്യമായ വൃത്താകാര പാതയിലല്ല എന്നതുകൊണ്ടാണ് പെരിഹിലിയൻ സംഭവിക്കുന്നത്. ഗ്രീക്ക് പദങ്ങളായ പെരി (സമീപം), ഹീലിയോസ് (സൂര്യൻ) എന്നിവയിൽ നിന്നാണ് പെരിഹിലിയൻ എന്ന വാക്ക് വരുന്നത്. ഇത്തവണ ജനുവരി അഞ്ചിന് സൂര്യന്‍ ഭൂമിയില്‍ നിന്ന് 91.4 ദശലക്ഷം മൈൽ (147,100,632 കി.മീ) അകലെയായിട്ടായിരിക്കും സ്ഥിതി ചെയ്യുന്നത്. ഒറ്റനോട്ടത്തിൽ സൂര്യന് വ്യത്യാസമുണ്ടെന്ന മനസിലായേക്കില്ല. എങ്കിലും ഭൂമിയിൽ ഏൽക്കുന്ന ചൂടിലും പ്രകാശത്തിലും നേരിയ വർധനവുണ്ടാകും.
സൂപ്പര്‍ മൂണ്‍ പോലെ തന്നെയുള്ള പ്രതിഭാസമാണ് സൂപ്പര്‍ സണ്‍. എന്നാല്‍ സൂപ്പർ മൂൺ ഒരേ വർഷം തന്നെ പല തവണയുണ്ടാകുമെങ്കിലും സൂപ്പർ സൺ വർഷത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നുമാത്രം. അടുത്ത വർഷമാകട്ടെ ജനുവരി മൂന്നിനായിരിക്കും സൂപ്പര്‍ സണ്‍ എത്തുക. പെരിഹീലിയന്‍ എന്ന ഈ പ്രതിഭാസത്തിനു വിപരീതമായ പ്രതിഭാസമാണ് അപ്‌ഹീലിയൻ. ഈ സമയത്ത് സൂര്യൻ ഏറ്റവും അകലെയായിരിക്കും. ജൂലൈ 3നാണ് ഇത്തവണ അപ്‌ഹീലിയൻ. ഈ ദിവസം സൂര്യന്‍ 94.5 ദശലക്ഷം മൈൽ (152,099,968 കി.മീ) ദൂരെയായിട്ടായിരിക്കും സ്ഥിതി ചെയ്യുന്നത്. പെരിഹീലിയനും അപ്‌ഹീലിയനും തമ്മിലുള്ളതാകട്ടെ ഏകദേശം 50 ലക്ഷം കി.മീ വ്യത്യാസവും.