ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകല്‍ ഇന്ന് (ഡിസംബര്‍ 21). ദക്ഷിണായനാന്തമായതിനാലാണ് (വിന്‍റര്‍ സോള്‍സ്റ്റൈസ്) പകലിന് ദൈര്‍ഘ്യം കുറയുന്നത് . സാധാരണയായി ഡിസംബര്‍ 21നോ 22നോ ആണ് ഈ പ്രതിഭാസം ഉണ്ടാവുക. സൂര്യന്‍ ആകാശത്ത് ഏറ്റവും താഴ്ന്ന പോയിന്‍റിലാകും ഇന്ന് സ്ഥിതി ചെയ്യുക. ഇതോടെ ഉത്തരാര്‍ധഗോളത്തില്‍ ദൈര്‍ഘ്യം കുറഞ്ഞ പകല്‍ അനുഭവപ്പെടും.
രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഇന്ന് വെറും 10 മണിക്കൂര്‍ 19 മിനിറ്റ് മാത്രമാകും പകലിന്‍റെ ദൈര്‍ഘ്യം. ഭുവനേശ്വറില്‍ 10 മണിക്കൂര്‍ 54 മിനിറ്റ് 36 സെക്കന്‍റും ഓഡീഷയിലെ തന്നെ സുന്ദര്‍ഗഡില്‍ 10 മണിക്കൂര്‍ 47 മിനിറ്റുമാകും പകല്‍നേരം. രാജ്യത്തിന്‍റ തെക്കേയറ്റമായ കന്യാകുമാരിയില്‍ എത്തുമ്പോള്‍ പകലിന് കുറച്ച് കൂടി നീളമേറും. 11 മണിക്കൂര്‍ 39 മിനിറ്റ് പകല്‍ ഉണ്ടാകും.
ഭൂമധ്യരേഖയ്ക്ക് വടക്കുഭാഗത്തായുള്ള പ്രദേശങ്ങളില്‍ ഒരിടത്തും പകലിന് 12 മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടാവില്ലെന്ന് നാസ പറയുന്നു. ഉത്തരാര്‍ധഗോളത്തില്‍ ശൈത്യകാലത്തിന്‍റെ ആരംഭവും ദക്ഷിണാര്‍ധഗോളത്തില്‍ ഗ്രീഷ്മകാലത്തിന്‍റെ തുടക്കവുമാണിത്. നാളെ മുതല്‍ പകലിന് മെല്ലെ ദൈര്‍ഘ്യമേറുകയും ചെയ്യും. അത് വര്‍ധിച്ച് വര്‍ധിച്ച് ജൂണ്‍ 20 ആകുന്നതോടെ ദൈര്‍ഘ്യമേറിയ പകലിലുമെത്തും.
പകലിന് ദൈര്‍ഘ്യം കുറയുന്നതിനെ ചുറ്റിപ്പറ്റി ലോകമെങ്ങും നിരവധി കഥകളുണ്ട്. സൂര്യന്‍റെ മരണവും പുനര്‍ജന്‍മവും ഇന്നേ ദിവസമാണെന്ന കഥയാണ് യൂറോപ്പില്‍ പ്രചാരത്തിലുള്ളതിലൊന്ന്. മൃഗങ്ങളെ ഇണചേര്‍ക്കാനും വിളവെടുപ്പ് ആരംഭിക്കാനും ശൈത്യകാലത്തേക്കുള്ള ഭക്ഷണശേഖരണം ആരംഭിക്കാനുമെല്ലാം ഈ ദിവസമാണ് നല്ലതെന്ന വിശ്വാസവും ചിലനാട്ടുകാര്‍ക്കുണ്ട്. മറ്റുചിലയിടങ്ങളിലാവട്ടെ മാടുകളെ അറുത്ത് ആഘോഷമാക്കുന്ന ദിവസമാണിന്ന്. ഭക്ഷണത്തിന് ക്ഷാമം നേരിടുന്ന ശൈത്യകാലത്ത് മാടുകളെ അറുത്ത് മാസം സൂക്ഷിച്ചുവയ്ക്കുന്നതാണ് രീതി. അപ്രകാരം കാലികളെ കൊന്ന് മാംസമാക്കുന്നതിനാല്‍ ഈ കാലയളവില്‍ അവയ്ക്കായി ഭക്ഷണം കണ്ടെത്താന്‍ പുല്‍മേടുകള്‍ തേടി പോകേണ്ടതുമില്ല.