ജനുവരി മൂന്നിന് ചന്ദ്രനുദിച്ചപ്പോള്‍ ചന്ദ്രനു മുകളിലായി തിളങ്ങുന്ന മറ്റൊരു അതിഥിയെ കണ്ടിരുന്നോ? അത് ആരായിരുന്നു എന്നറിയാമോ? ആ അതിഥിയെ നിരീക്ഷിക്കുന്നതിന്‍റെയും ചിത്രമെടുക്കുന്നതിന്‍റെയും തിരക്കിലായിരുന്നു ലോകമെമ്പാടുമുള്ള വാനനിരീക്ഷകർ. ഈ ആകാശക്കാഴ്ചകളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. യുകെ, യുഎസ്, തുർക്കി, ചൈന എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളില്‍ നഗ്നനേത്രങ്ങളാല്‍ തന്നെ ഈ കാഴ്ച കാണാനാകുമായിരുന്നു.
വെള്ളിയാഴ്ച രാത്രി, തെളിഞ്ഞ ആകാശവും കുറഞ്ഞ പ്രകാശ മലിനീകരണവുമുള്ള പ്രദേശങ്ങളിലാണ് ശുക്രന്‍ നഗ്നനേത്രങ്ങൾക്ക് ദൃശ്യമായത്. ജനുവരി 3ന് നേരം ഇരുട്ടായിക്കഴിഞ്ഞതുമുതല്‍ ചന്ദ്രന്റെ തൊട്ടരികിൽ അതീവ ശോഭയിൽ ശുക്രനെ കണ്ടിരുന്നു. ചന്ദ്രന്റെ 3.6 ഡിഗ്രി മാത്രം വടക്കു കിഴക്കു മാറിയായിരുന്നു ശുക്രന്‍റെ സ്ഥാനം. പലപ്പോഴും ഒരു ശോഭയുള്ള നക്ഷത്രമായി ശുക്രനെ തെറ്റിദ്ധരിക്കുന്നതിനാല്‍ പ്രഭാത നക്ഷത്രം അല്ലെങ്കിൽ ഈവനിംഗ് സ്റ്റാർ എന്നും ഇത് അറിയപ്പെട്ടിരുന്നു.
നമ്മുടെ ഭൂമിക്ക് ഏറ്റവും അടുത്തുള്ള സൗരയൂഥത്തിലെ ഗ്രഹമാണ് ശുക്രന്‍. നമ്മുടെ അയല്‍ക്കാരന്‍! അതുകൊണ്ടു തന്നെ ഒരു ദൂരദർശിനിയുടെ ആവശ്യമില്ലാതെ തന്നെ ശുക്രനെ പലപ്പോഴും നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകാറുണ്ട്. അത്രത്തോഴം പ്രകാശിച്ചാണ് ശുക്രന്‍റെ നില്‍പ്പ്. ശുക്രന്‍ ഇടക്കിടെ വിരുന്നെത്താറുണ്ടെങ്കിലും ചന്ദ്രനുമായുള്ള ഈ വിന്യാസം വളരെ അപൂർവമാണ്. ചന്ദ്രക്കലയ്ക്ക് മുകളില്‍ പ്രകാശം പരത്തിയുള്ള നില്‍പ്പ് രാത്രിയുടെ കാഴ്ചയ്ക്ക് കൂടുതല്‍ മിഴിവേകുന്നു.
ശുക്രന്‍റെ വരവ് മാത്രമല്ല, ജനുവരിയുടെ ആകാശത്തെ കൂടുതല്‍ മിഴിവുറ്റതാക്കാന്‍ മറ്റ് ആകാശക്കാഴ്ചകളും ഒരുങ്ങുന്നുണ്ട്. 2025ൽ വാനനിരീക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശവിസ്മയങ്ങളിലൊന്നായ ക്വാഡ്രാന്‍റിഡ് ഉൽക്കാവർഷം ജനുവരി 16 വരെ വീണ്ടുനില്‍ക്കും. ജനുവരി പതിനാറിന് ചൊവ്വയും ആകാശത്ത് വിരുന്നെത്തും. ജനുവരി 21 ന് രാത്രി 9 മണിക്ക് ശേഷം അഞ്ച് ഗ്രഹങ്ങള്‍ ‘പരേഡിനെത്തും’. ശനി, ശുക്രൻ, യുറാനസ്, വ്യാഴം, ചൊവ്വ എന്നിവയാണ് വിരുന്നെത്തുക. ഇതില്‍ നാല് ഗ്രഹങ്ങൾ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകും. അതേസമയം യുറാനസിനെ കാണാന്‍ ദൂരദർശിനി വേണ്ടിവരും. അതേസമയം ഈ ആകാശ വിസ്മയങ്ങള്‍ കാണാനായി പ്രകാശ മലിനീകരണമില്ലാത്ത സ്ഥലം നിരീക്ഷണത്തിനായി തിരഞ്ഞെടുക്കുക. ചുരുക്കിപ്പറഞ്ഞാല്‍ പുറത്തേക്ക് നോക്കാൻ സമയമുണ്ടെങ്കിൽ, കാലാവസ്ഥ നല്ലതാണെങ്കിൽ പുതുവര്‍ഷ ട്രീറ്റാണ് ഒരുങ്ങുന്നത്.