വാന നിരീക്ഷകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് 2025! ക്വാഡ്രാന്‍റിഡ് ഉൽക്കാവർഷവും ഗ്രഹങ്ങളുടെ പരേഡുമെല്ലാം ജനുവരിയുടെ ആകാശത്തിന് മാറ്റ് കൂട്ടുന്നു. പുറത്തേക്ക് നോക്കാൻ നിങ്ങള്‍ക്ക് സമയമുണ്ടെങ്കിൽ, കാലാവസ്ഥ നല്ലതാണെങ്കിൽ ആകാശ വിസ്മയങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ വിസ്മയ കാഴ്ചകള്‍ക്ക് മാറ്റുകൂട്ടാന്‍ എത്തുകയാണ് 20 വർഷത്തിനിടയിലെ ഏറ്റവും തിളക്കമുള്ള വാൽനക്ഷത്രമായ ‘കോമറ്റ് ജി3 അറ്റലസ്’ (G3 ATLAS (C/2024).
1,60,000 വർഷമെടുത്ത് സൂര്യനെ ചുറ്റുന്ന വാല്‍നക്ഷത്രമാണ് ജി3 അറ്റ്ലസ്. ഇത്രയും ദൈര്‍ഘ്യമേറിയ ഭ്രമണപഥത്തിലൂടെ സഞ്ചാരിക്കുന്നതിനാല്‍ ഈ വാല്‍നക്ഷത്രത്തെ ഇനി എന്ന് കാണാന്‍ കഴിയും എന്നതിന് യാതൊരു ഉറപ്പുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരാളുടെ ജീവിതത്തിലെ തന്നെ ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന അപൂര്‍വ കാഴ്ചയായിരിക്കാം ഇത്.
2024 ഏപ്രിൽ 5ന് ചിലിയിലെ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (ATLAS) ആണ് ജി3 അറ്റലസിനെ കണ്ടെത്തിയത്. തുടക്കത്തിൽ തിളക്കം കുറഞ്ഞ് മങ്ങിയ ഒരു വാല്‍നക്ഷത്രം. എന്നാൽ സൂര്യനോട് അടുത്തു വരുന്നതോടെ അത് പ്രകാശിച്ചു തുടങ്ങി. 2025 ജനുവരി 2ന് വാല്‍നക്ഷത്രത്തില്‍ ഒരുപൊട്ടിത്തെറിയുണ്ടായതായും അത് വാല്‍നക്ഷത്രത്തിന്‍റെ തിളക്കം നാല് മടങ്ങ് വർദ്ധിപ്പിച്ചതായും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഈ മാറ്റം വാല്‍നക്ഷത്രത്തിന്‍റെ അവസാനത്തിലേക്കുള്ള സൂചനയാണോ എന്നും സംശയിക്കുന്നുണ്ട്. വലിയ വാല്‍നക്ഷത്രങ്ങള്‍ സൂര്യനോട് അടുക്കുമ്പോൾ ഇത് സാധാരണമാണെന്നും സൂര്യന് ഇത്രയും അടുത്ത് സാധാരണയായി വാല്‍നക്ഷത്രങ്ങള്‍ എത്താറില്ലെന്നും അതിനാല്‍ ജി3 അറ്റലസ് സൂര്യനെ അതിജീവിക്കുമോ എന്ന് പറയാനാകില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
160,000 വർഷമെടുത്താണ് ജി3 അറ്റ്ലസ് സൂര്യനുചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നത്. 2025 ജനുവരി 13ന് വാല്‍നക്ഷത്രം പെരിഹെലിയനിലേക്ക് (സൂര്യനോട് ഏറ്റവും അടുത്തുള്ള പോയിൻ്റ്) അടുക്കും. അപ്പോള്‍ വെറും 8.7 ദശലക്ഷം മൈൽ മാത്രം അകലെയായിരിക്കും വാല്‍ നക്ഷത്രം. ഈ സമയം വാല്‍നക്ഷത്രത്തെ പൂര്‍വ്വാധികം തിളക്കത്തോടെ കാണാന്‍ സാധിക്കും എന്നാണ് കരുതുന്നത്. ജനുവരി 12 മുതൽ 14 വരെ വാല്‍നക്ഷത്രം വടക്കോട്ട് നീങ്ങുന്നതിനാൽ നിരീക്ഷകർക്ക് പെട്ടെന്ന് തിരിച്ചറിയാനും സാധിക്കും. ജനുവരി 12ന് സൂര്യോദയത്തിന് ഏകദേശം 35 മിനിറ്റ് മുമ്പ് ഉദിക്കുന്ന വാല്‍നക്ഷത്രം സൂര്യനു തൊട്ടു മുകളിലായിരിക്കും സ്ഥിതിചെയ്യുക.
വാൽനക്ഷത്രത്തെ വ്യക്തമായി കാണുന്നതിനായി ബൈനോക്കുലറുകൾ ഉപയോഗിക്കാനും പ്രകാശ മലിനീകരണമില്ലാത്ത ഇടങ്ങള്‍ തിരഞ്ഞെടുക്കാനും വിദഗ്ധര്‍ പറയുന്നു. കിഴക്കൻ ചക്രവാളത്തിലേക്കാണ് നോക്കേണ്ടത്. ജി3 അറ്റ്ലസിന് വ്യാഴത്തേക്കാളും ശുക്രനേക്കാളും തിളങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും സൂര്യനുമായുള്ള സാമീപ്യം വാല്‍നക്ഷത്രെ കണ്ടത്തുന്നതിന് തടസം സൃഷ്ടിച്ചേക്കാം.