ഇന്ത്യയില്‍ റിപ്പബ്ലിക് പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അങ്ങ് മാനത്തും ഒരു 'പരേഡ്' നടക്കുകയാണ്. ഗ്രഹങ്ങളുടേതാണെന്ന് മാത്രം. വാനനിരീക്ഷകരെ സന്തോഷത്തിലാക്കി ഏഴ് ഗ്രഹങ്ങളാണ് മാനത്തെ 'മാര്‍ച്ച്പാസ്റ്റില്‍' അണിനിരക്കുന്നത്! ചൊവ്വ, ബുധന്‍, വ്യാഴം, യുറാനസ്, ശുക്രന്‍, നെപ്ട്യൂണ്‍,ശനി എന്നീ ഗ്രഹങ്ങളാണ് വിസ്മയക്കാഴ്ചയൊരുക്കി മാനത്ത് തെളിയുന്നത്.
എന്താണ് ഗ്രഹങ്ങളുടെ പരേഡ്?
നാലോ അതിലധികമോ ഗ്രഹങ്ങള്‍ ഒന്നിച്ച് രാത്രിയിലെ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതിനെയാണ് 'ഗ്രഹങ്ങളുടെ പരേഡ്' എന്ന് പറയുന്നത്. ശാസ്ത്രീയമായി പറഞ്ഞാല്‍ ഗ്രഹങ്ങളുടെ ഈ പ്രത്യക്ഷപ്പെടലിനെ പരേഡെന്ന് വിളിക്കാന്‍ പറ്റില്ലെന്നാണ് നാസയുടെ അഭിപ്രായം. ത്രിമാന സൗരയൂഥ വ്യവസ്ഥയില്‍ ഗ്രഹങ്ങള്‍ക്ക് ഒരിക്കലും നേര്‍രേഖയില്‍ അണിനിരക്കാനാവില്ലെന്നതാണ് നാസ ഇതിന് കാരണമമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഭൂമിയില്‍ നിന്നുള്ള കാഴ്ച അടിസ്ഥാനമാക്കിയാണ് വാനനിരീക്ഷകര്‍ ഇതിനെ പരേഡ് എന്ന ഓമനപ്പേരില്‍ വിശേഷിപ്പിക്കുന്നത്. സത്യത്തില്‍ പരേഡിനായി പ്രത്യക്ഷപ്പെടുന്ന ഗ്രഹങ്ങളോരോന്നും തമ്മില്‍ ദശലക്ഷക്കണക്കിന് കിലോമീറ്ററുകളുടെ വ്യത്യാസമുണ്ട്. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഇവ ഒന്നിച്ച് അണിനിരക്കുന്നതായി തോന്നുന്നുവെന്നതാണ് വാസ്തവം. അത്യപൂര്‍വമായാണ് നാലിലേറെ ഗ്രഹങ്ങളെ ഇങ്ങനെ മാനത്ത് കാണാനാവുക.
ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യന് നേരെ എതിര്‍വശത്തായാണ് ചൊവ്വയുടെ നിലവിലെ നില്‍പ്പ്. കൂട്ടത്തിലേറ്റവും 'തിളങ്ങി' നില്‍ക്കുന്നതും ചൊവ്വ തന്നെ. ശുക്രനും ശനിയുമാവട്ടെ ജനുവരി 17നും 18നും 'അടുത്തടുത്ത്' പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നതായി നാസ പറയുന്നു. ജനുവരി 21 മുതല്‍ മാനത്തെ പരേഡ് ആരംഭിച്ചുവെങ്കിലും ഇന്ന് രാത്രി കൂടുതല്‍ വ്യക്തമായി ഇന്ത്യയില്‍ ഇത് ദൃശ്യമാകും. നാലാഴ്ചയോളം ഇന്ത്യയുടെ ആകാശത്ത് ഈ കാഴ്ച കാണാമെന്നും ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇന്ത്യയില്‍ എവിടെ, എങ്ങനെ കാണും?
സൂര്യന്‍ അസ്തമിച്ചതിന് പിന്നാലെയുള്ള സമയമാണ് ആകാശക്കാഴ്ചയ്ക്ക് ഏറ്റവും നല്ലത്. മേഘാവൃതമല്ലാത്ത ആകാശമാണെങ്കില്‍ രാത്രി എട്ടരയോടെ ഗ്രഹങ്ങളെ കാണാനാകും. നഗരപ്രദേശങ്ങളില്‍ നിന്നൊഴിഞ്ഞ് അന്തരീക്ഷ മലിനീകരണം കൂടി കുറവുള്ള സ്ഥലത്താകും കൂടുതല്‍ തെളിമയോടെ കാണാന്‍ കഴിയുക. അതില്‍ തന്നെ പടിഞ്ഞാറ് ഭാഗത്തായി നിന്ന് നിരീക്ഷിക്കുന്നതാവും നല്ലതെന്നും വാനനിരീക്ഷകര്‍ പറയുന്നു. ശുക്രനും ശനിയും ചൊവ്വയും വ്യാഴവും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും യുറാനസിനെയും നെപ്ട്യൂണിനെയും കാണാന്‍ ടെലിസ്കോപ് വേണം. സൂര്യാസ്തമയത്തിന് ശേഷം രണ്ട് മണിക്കൂറോളം തെക്കുപടിഞ്ഞാറന്‍ ആകാശത്തായി ശുക്രനെയും ശനിയെയും കാണാം. തലയ്ക്ക് മുകളിലായി വ്യാഴത്തെയും കിഴക്ക് ഭാഗത്തായി ചൊവ്വയും പ്രത്യക്ഷപ്പെടും. ബുധന്‍ കൂടി ഇന്ന് മാനത്ത് പ്രത്യക്ഷമാകുമെന്നതാണ് സവിശേഷത. എന്നാല്‍ സൂര്യനോട് ഏറ്റവും അടുത്തായതിനാലും കുഞ്ഞന്‍ ഗ്രഹമായതിനാലും ബുധനെ നഗ്ന നേത്രം കൊണ്ട് കാണുക സാധ്യമല്ല.