രാജ്യാന്തര ബഹിരാകാശ നിലയത്തിലെ നീണ്ട വാസത്തിന് ശേഷം പുറത്തിറങ്ങി സുനിത വില്യംസ്. ഏഴുമാസത്തിനിടയിലെ ആദ്യ ബഹിരാകാശ നടത്തത്തിനായാണ് സുനിത പുറത്തിറങ്ങിയത്. നാസയുടെ തന്നെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗിനൊപ്പമാണ് സുനിതയുടെ നടത്തം. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്ക് ശേഷമായിരുന്നു നടത്തം ആരംഭിച്ചത്. ആറര മണിക്കൂര്‍ നീളുന്ന നടത്തം നാസ ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.
പേടകത്തിന് പുറത്തിറങ്ങുന്നതിന് മുമ്പായി അയച്ച റേഡിയോ സന്ദേശത്തില്‍ 'ഐം കമിങ് ഔട്ട്' എന്നായിരുന്നു സുനിത പറഞ്ഞത്. ബഹിരാകാശനിലയത്തിന്‍റെ കമാന്‍ഡറായ സുനിത പേടകത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായാണ് പുറത്തിറങ്ങിയത്. നിലവില്‍ തുര്‍ക്മെനിസ്ഥാന്‍ 420 കിലോമീറ്റര്‍ ഉയരത്തിലായാണ് നിലവില്‍ ബഹിരാകാശ നിലയമുള്ളത്.
റേറ്റ് ഗൈറോ അസംബ്ലി മാറ്റി സ്ഥാപിക്കുന്നതിനും ന്യൂട്രോണ്‍ സ്റ്റാര്‍ എക്സ്റെ ടെലസ്കോപ് സര്‍വീസ് ചെയ്യുകയുമാണ് പ്രധാന ജോലികള്‍. ഇതിന് പുറമെ ആല്‍ഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്റര്‍ പുതുക്കുന്നതിനായി സജ്ജമാക്കാനും ഇരുവരും ശ്രമിക്കും. ബഹിരാകാശത്തെ പ്രതിഭാസങ്ങളെ കുറിച്ചുള്ള വിവരം ഭൂമിയിലേക്ക് എത്തുന്നതില്‍ നിര്‍ണായക പങ്കാണ് ആല്‍ഫ മാഗ്നറ്റിക് സ്പെക്രോമീറ്ററിന് ഉള്ളത്.
ചുവപ്പന്‍ വരകളുള്ള സ്യൂട്ടാണ് നിക്കിന്‍റെ വേഷം. സുനിത വില്യംസാവട്ടെ പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ലാത്ത സില്‍വര്‍ സ്യൂട്ടാണ് ധരിച്ചിരിക്കുന്നത്. സുനിതയുടെ എട്ടാമത്തെയും നിക്കിന്‍റെ നാലാമത്തെയും ബഹിരാകാശ നടത്തമാണിത്. ബഹിരാകാശ നിലയത്തിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനും കൂടിയാണ് ബഹിരാകാശ യാത്രികര്‍ ഈ നടത്തം നടക്കുന്നത്. ജനുവരി 23നാണ് അടുത്ത ബഹിരാകാശ നടത്തം നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന ബഹിരാകാശ നടത്തം നാസ ഉപേക്ഷിച്ചിരുന്നു. ബഹിരാകാശ യാത്രികരുടെ സ്യൂട്ടിന്‍റെ കൂളിങ് ലൂപ്പില്‍ നിന്നും വെള്ളം ചോര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത് ഉപേക്ഷിച്ചത്. പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമാണ് ഇപ്പോഴത്തെ നടത്തം. 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശത്തേക്ക് പോയ സുനിത വില്യംസും ബുഷ് വില്‍മോറും പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ബഹിരാകാശ നിലയത്തില്‍ കുടങ്ങിപ്പോയത്. ഒടുവില്‍ സ്റ്റാര്‍ലൈനര്‍ പേടകം ആളില്ലാതെ തിരികെ ഭൂമിയിലെത്തിക്കുകയായിരുന്നു. സുനിതയെയും ബുഷ് വില്‍മോറിനെയും ഫെബ്രുവരിയില്‍ ഭൂമിയിലെത്തിക്കാനായിരുന്നു ഇടയ്ക്ക് നാസ പദ്ധതിയിട്ടതെങ്കിലും മടക്കയാത്ര മാര്‍ച്ചും കഴിയുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.