ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുമ്പോള്‍ തീഗോളമാകുന്ന ഉല്‍ക്കകള്‍! ആകാശത്ത് തിളക്കത്തോടെ പാഞ്ഞുപോകുന്ന ഇവ സുപരിചിതമാണ്. എന്നാല്‍ ഉല്‍ക്കകള്‍ ഭൂമിയിലേക്കിറങ്ങിയലോ? അതും വീട്ടുവാതിക്കല്‍ പൊട്ടിവീണാലോ? അത്തരത്തില്‍ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിലാണ് ഉല്‍ക്കാശില പൊട്ടിവീണത്. വീട്ടുവാതില്‍ക്കല്‍ ഉല്‍കവന്നു വീഴുന്ന ദൃശ്യം ഡോര്‍ സ്റ്റെപ്പ് കാമറയില്‍ പതിയുകയും ചെയ്തു.
അമേരിക്കയുടെ നാഷണല്‍ പബ്ലിക് റേഡിയോ (എന്‍.പി.ആര്‍) പറയുന്നതു പ്രകാരം 2024 ജൂലൈയിലാണ് ഇത് നടന്നത്. വീട്ടുടമസ്ഥരായ ജോ വെലൈഡമും പങ്കാളി ലോറ കെല്ലിയും തങ്ങളുടെ നായ്ക്കളുമായി നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. വീട്ടില്‍ തിരിച്ചെത്തിയ ഇരുവരും കാഴ്ച കണ്ടു ഞെട്ടി. എല്ലായിടത്തും കല്ലുകൾ ചിതറികിടക്കുന്നു. കല്ലുമഴ പെയ്തതുപോലെ. ചാരനിറവും പൊടിയും നിറഞ്ഞതായതിനാല്‍ മേൽക്കൂരയിൽ നിന്ന് വീണതാണെന്നാണ് ജോ കരുതിയത്. എന്നാല്‍ ഒരു പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ടതായി സമീപത്ത് താമസിക്കുന്ന ലോറയുടെ മാതാപിതാക്കളും പറഞ്ഞു. ഇതോടെയാണ് ഉല്‍ക്കാപതനമാണോ എന്ന സംശയം ഉദിക്കുന്നത്.
ഡോര്‍ സ്റ്റെപ് കാമറയും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ ഉല്‍ക്ക പതിച്ചതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, ഒരു ഉൽക്കാശില ഭൂമിയിൽ പതിക്കുന്നതിന്‍റെ പൂർണ്ണമായ ശബ്ദം വിഡിയോയിൽ റെക്കോർഡുചെയ്യുന്നത് ആദ്യമായാണെന്നാണ് വിദഗ്ധൻ പറയുന്നത്. ഉൽക്കാ പതനത്തിന്‍റെ ശബ്ദം ആരെങ്കിലും റെക്കോർഡ് ചെയ്യുന്നത് ഇതാദ്യമായാണെന്ന് ശിലയെ പരിശോധിച്ച ആൽബർട് സർവകലാശാലയിലെ ജിയോളജിസ്റ്റ് ക്രിസ് ഹെർഡ് പറഞ്ഞു. പ്രിൻസ് എഡ്വേർഡ് ദ്വീപില്‍ ആദ്യമായി പതിച്ച ഉൽക്കാശിലയുടെ വരവ് ‘മനോഹരമായി’ റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് ഗവേഷകര്‍.