AI Generated Image

AI Generated Image

TOPICS COVERED

അടുത്തിടെ കണ്ടെത്തിയ ഛിന്നഗ്രഹമായ 2024 YR4 ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഉയരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനു പിന്നാലെ പ്രതിരോധിക്കാന്‍ മുന്നിട്ടറങ്ങി ചൈന. കൂട്ടിയിടി പ്രതിരോധിക്കാനായി ചൈന രൂപീകരിക്കുന്ന സംഘത്തിലേക്ക് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാൻ ആരംഭിച്ചതായാണ് വിവരം. ദി ഗാർഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഛിന്നഗ്രഹത്തെ നിരീക്ഷിക്കാനും മുന്നറിയിപ്പുകള്‍ കൃത്യമായി പുറപ്പെടുവിക്കാനും ഗവേഷണത്തിനുമായി മൂന്ന് വിദഗ്ധരെ നിയമിക്കാനാണ് ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് സയൻസ്, ടെക്നോളജി ആൻഡ് ഇൻഡസ്ട്രി ഫോർ നാഷണൽ ഡിഫൻസ് ലക്ഷ്യമിടുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതുസംബന്ധിച്ച പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 35 വയസ്സിന് താഴെയുള്ള സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ (സിസിപി) പിന്തുണയ്ക്കുന്ന ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നതായാണ് പോസ്റ്റുകള്‍. 2024 YR4 എന്ന ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഉയരുന്നതായി നാസ സ്ഥിരീകരിച്ചതിന് പിന്നാലെയാണ്  നിയമനത്തിന് ചൈന ഒരുങ്ങുന്നത്. നാസയുടെ ഡബിള്‍ ആസ്‍ട്രോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (DART) മാതൃകയിലാണ് പ്രതിരോധ സംഘത്തെ ചൈന നിര്‍മിക്കുന്നത്. സംഘത്തെ രൂപീകരിക്കുന്നതിനോടൊപ്പം വേണ്ടിവന്നാല്‍ 2030 ഓടെ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാതയില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങളും ചൈന നടത്തും. 

ഛിന്നഗ്രഹം 2024 YR4

2024 ഡിസംബർ 27 ന് ചിലിയിലെ റിയോ ഹുർട്ടാഡോയിൽ സ്ഥാപിച്ച ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം (ATLAS) ടെലിസ്കോപ്പാണ് ഛിന്നഗ്രഹം 2024 YR4 നെ ആദ്യമായി തിരിച്ചറിയുന്നത്. പിന്നാലെ ഛിന്നഗ്രഹത്തെ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 2032 ഡിസംബർ 22ന് ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുമെന്ന് പ്രവചിക്കപ്പെട്ട ഛിന്നഗ്രഹമാണിത്. ആദ്യമായി ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞ സമയം ഭൂമിയില്‍ കൂട്ടിയിടിക്കാന്‍ നേരിയ സാധ്യതമാത്രമേ പ്രവചിക്കപ്പെട്ടിരുന്നുള്ളൂ, അതായത് 1.2 ശതമാനം. എന്നാല്‍ ഈ സാധ്യത ഒരു ആഴ്ചയ്ക്കുള്ളിൽ ഏകദേശം ഇരട്ടിയായി, 2.3 ശതമാനമായി മാറി. ജനുവരി ആദ്യം മുതൽ, ന്യൂ മെക്സിക്കോയിലെ മാഗ്ഡലീന റിഡ്ജ് ഒബ്സർവേറ്ററി, ഡാനിഷ് ടെലിസ്കോപ്പ്, ചിലിയിലെ വെരി ലാർജ് ടെലിസ്കോപ്പ് എന്നിങ്ങനെ ഒന്നിലധികം നിരീക്ഷണ കേന്ദ്രങ്ങള്‍ ഛിന്നഗ്രഹത്തിന്‍റെ വരവ് നിരീക്ഷിക്കുന്നുണ്ട്.

നിലവിൽ ഭൂമിയിൽ നിന്ന് 45 ദശലക്ഷം കിലോമീറ്ററിലധികം അകലെയാണ് ഛിന്നഗ്രഹം 2024 YR4 സ്ഥിതി ചെയ്യുന്നത്. 40 നും 90 മീറ്ററിനും ഇടയില്‍, അതായത് ഒരു വലിയ കെട്ടിടത്തോളം വലിപ്പം ഛിന്നഗ്രത്തിനുണ്ട്. എങ്കിലും കൃത്യമായ വലിപ്പം ഇതുവരെ നിര്‍ണയിക്കാനായിട്ടില്ല. ഏപ്രിൽ ആദ്യം വരെ ടെലിസ്കോപ്പുകള്‍ക്ക് മുന്നില്‍ ഛിന്നഗ്രഹം ദൃശ്യമാകും. അതിനുശേഷം കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകും, 2028 ൽ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. ഛിന്നഗ്രഹത്തിന്‍റെ വരവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഛിന്നഗ്രഹം കാഴ്ചയില്‍ നിന്ന് മറയുന്നതിന് മുന്‍പേ ശേഖരിക്കാനാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ടെലിസ്കോപ്പിന് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നതുവരെ അപകടസാധ്യതാ പട്ടികയിൽ തുടരും.

asteroid-earth

ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍

ഭൂമിയില്‍ വലിയ ആഘാതമുണ്ടാക്കാന്‍ 2024 YR4 കഴിയില്ലെങ്കിലും പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. ഭൂമിയില്‍ പതിക്കുകയാണെങ്കില്‍ സെക്കൻഡിൽ 17 കിലോമീറ്റർ അല്ലെങ്കിൽ മണിക്കൂറിൽ 38,028 മൈൽ വേഗതയിലായിരിക്കും ഇത് ഭൂമിയില്‍ പതിക്കുക. അങ്ങിനെയെങ്കില്‍ പതിക്കുന്ന ഇടത്തുനിന്ന് 50 കിലോമീറ്റർ (31 മൈൽ) വരെ നാശനഷ്ടങ്ങളുണ്ടാകാം. നാസയുടെ അഭിപ്രായത്തിൽ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുകയാണെങ്കില്‍ കിഴക്കൻ പസഫിക് സമുദ്രം, വടക്കൻ തെക്കേ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ആഫ്രിക്ക, അറേബ്യൻ കടൽ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലായിരിക്കാം കൂട്ടിയിടി സാധ്യതയുള്ള സ്ഥലങ്ങൾ.

അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികൾ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നത് തുടരുന്നതോടൊപ്പം കൂട്ടിയിടി ഒഴിവാക്കാന്‍ സാധ്യമായ വഴികളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഛിന്നഗ്രഹത്തെ വഴിതിരിച്ചു വിടുക, ആഘാതം സംഭവിക്കാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ആഘാത സാധ്യത കുറവായതിനാല്‍ ഛിന്നഗ്രഹത്തിന്‍റെ നിരീക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ശാസ്ത്രം.

2024 YR4ന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ആയിരം വർഷങ്ങൾ കൂടുമ്പോൾ ഭൂമിയെ ലക്ഷ്യമാക്കി വരാറുണ്ട്. 1908ൽ തുങ്കുസ്കയുടെ അന്തരീക്ഷത്തില്‍ സമാന വലിപ്പമുള്ള ഛിന്നഗ്രഹം പൊട്ടിത്തെറിച്ചിരുന്നു. 30 മീറ്റർ വീതിയുള്ള ഛിന്നഗ്രഹമായിരുന്നു ഇത്. ഈ സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ 2,150 ചതുരശ്ര കിലോമീറ്ററിൽ മരങ്ങൾ നിലംപൊത്തുകയും ചെയ്തു. 2013ൽ 20 മീറ്റർ വ്യാസമുള്ള  ഒരു ഛിന്നഗ്രഹം റഷ്യയിലെ ചെല്യാബിൻസ്കിന് മുകളിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചതും തീഗോളമായി മാറിയിരുന്നു. ലോകത്തിലെ ആദ്യത്തെ അണുബോംബിനേക്കാൾ 20 മുതൽ 30 മടങ്ങ് വരെ ശക്തമായ സ്ഫോടനമാണ് അന്നുണ്ടായത്. 7,000ത്തിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2024 YR4 നെ മാത്രമല്ല ഭൂമിക്കു സമീപമുള്ള ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളെ നാസയും ഇഎസ്എയും ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയാണ്. എങ്കില്‍പ്പോലും ചെറിയ ഛിന്നഗ്രങ്ങളെ കണ്ടെത്തുന്നതും ട്രാക്ക് ചെയ്യുന്നതും വെല്ലുവിളി നിറഞ്ഞ ഒന്നാണ്.

ENGLISH SUMMARY:

China is forming a defense team to counter the asteroid 2024 YR4, which poses a potential threat to Earth. The recruitment targets young technical professionals.