image: NASA

ചന്ദ്രനിൽ വെള്ളമുണ്ടോ? നമുക്കവിടെ താമസിക്കാൻ കഴിയുമോ? ഈ ചോദ്യങ്ങൾക്കൊക്കെ അധികം വൈകാതെ ഉത്തരം ലഭിച്ചേക്കാം. ചന്ദ്രന്‍റെ ധ്രുവ പ്രദേശത്തിന് പുറത്ത്, അധികം അകലെയല്ലാതെ മേഖലകളിൽ വെള്ളം ഉറഞ്ഞുണ്ടായ ഐസിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ചന്ദ്രയാൻ 3. പേടകത്തിലെ ചന്ദ്രാസ് തെർമോഫിസിക്കൽ എക്സ്പെരിമെന്‍റ് (ChaSTE) ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ നിന്ന് ലഭിച്ച ഡേറ്റ വിശകലനം ചെയ്താണ് ഈ അനുമാനത്തിൽ എത്തിയത്. അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി നടത്തിയ വിശകലനത്തിന്‍റെ റിപ്പോർട്ട് കമ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയൺമെന്‍റ് ജേണലിൽ പ്രസിദ്ധീകരിച്ചു. 

Image of Vikram lander captured by NAVCAM onboard Pragyan rover and its reconstructed perspectives used for the present study. (CREDIT: Communications Earth & Environment)

ചന്ദ്രോപരിതലത്തിലെ താപനിലയെക്കുറിച്ച് ഇതുവരെ അറിയാത്ത വിവരങ്ങളാണ് 'ചാസ്തെ' പരീക്ഷണങ്ങളിൽ കണ്ടെത്തിയത്. ചന്ദ്രോപരിതലത്തിലെയും ഉപരിതലത്തിന് തൊട്ടുതാഴെയുള്ള പാളിയിലെയും താപനിലകളിൽ നടുക്കുന്ന അന്തരമാണ് 'ചാസ്തെ' കണ്ടെത്തിയത്. ഉപരിതലത്തിലെ താപനിലയെക്കാൾ 60 സെൽസിയസോളം കുറവാണ് വെറും 10 സെന്‍റീമീറ്റർ ആഴത്തിലെ താപനില. ചന്ദ്രോപരിതലത്തിലെ ഘടകങ്ങളെയും ചന്ദ്രന്‍റെ ഉൽപത്തിയെയും കുറിച്ച് പുതിയ അറിവുകൾ പകരുന്നതാണ് കണ്ടെത്തൽ. ഉപരിതലത്തിന് താഴെ ആഴത്തിൽ ഐസ് ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ചാസ്തെയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ മാതൃകകളുടെ വിശകലനത്തില്‍ നിന്നും സൂര്യനില്‍ നിന്നും അകലെയുള്ള പ്രദേശങ്ങളില്‍ അതായിത് 14ഡിഗ്രി കോണിനപ്പുറമുള്ള പ്രദേശങ്ങള്‍ തണുത്തുറഞ്ഞതാണെന്നും ഉപരിതലത്തിന് തൊട്ടുതാഴെ ഐസ് ഉണ്ടെന്നുമാണ് കണ്ടെത്തല്‍. ഇതിന് പുറമെ  മറ്റ് സ്ഥലങ്ങളിലും ഐസിന്‍റെ സാന്നിധ്യമുള്ളതായി സൂചനകളുണ്ട്. അധികം ആഴത്തിലുള്ള കുഴിക്കല്‍ അതുകൊണ്ട് തന്നെ വേണ്ടിവരില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയില്‍ നിന്ന്  വ്യത്യസ്തമായി ചന്ദ്രന് അന്തരീക്ഷമില്ലാത്തതിനാല്‍ തന്നെ രാപ്പകലുകളില്‍ ദ്രുതഗതിയിലുള്ള താപവ്യതിയാനമാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അതിനിര്‍ണായകമാണ് ചാസ്തെ നല്‍കിയ വിവരങ്ങളെന്നും ഗവേഷകര്‍ പറയുന്നു.

3D surface of ChaSTE location generated from the Chandrayaan-2 OHRC DEM of the location. (CREDIT: Communications Earth & Environment)

ദീര്‍ഘകാല ചാന്ദ്രദൗത്യങ്ങള്‍ ഇന്ത്യയും റഷ്യയും യുഎസും ചൈനയുമെല്ലാം ലക്ഷ്യമിടുന്നകാലത്ത്  ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം സ്ഥിരീകരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത് പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്. ബഹിരാകാശ യാത്രികര്‍ക്ക് കുടിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും, ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്നതിനപ്പുറമായി, ചന്ദ്രനിലെ ജലം റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനുള്ള ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുമോ എന്നതടക്കമുള്ള സാധ്യതകളും ശാസ്ത്രലോകം പരിശോധിക്കുകയാണ്. 

ഒരുതരം തെര്‍മോ മീറ്ററെന്ന് ചാസ്തെയെ പറയുന്നതില്‍ തെറ്റില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ചന്ദ്രോപരിതലത്തിലെയും ധ്രുവങ്ങള്‍ക്കരികെയുള്ള പ്രദേശത്തെയും താപനില അറിയുന്നതിനായാണ് ചാസ്തെ ചന്ദ്രയാന്‍–3നൊപ്പം ചന്ദ്രനിലെത്തിച്ചത്. ചാസ്തെയ്ക്ക് മുന്‍പ് ഉപഗ്രഹങ്ങള്‍ വഴിയാണ് ഈ പ്രദേശങ്ങളിലെ താപനില വിലയിരുത്തിയിരുന്നത്. 

ENGLISH SUMMARY:

Chandrayaan-3's ChaSTE experiment has detected frozen water ice beneath the Moon’s surface. Scientists believe ice may be present at shallow depths, offering new insights into lunar exploration.