Image: NASA
ഒന്‍പത് മാസങ്ങളോളമായി രാജ്യാന്തര ബഹിരാകാശ നിലയിത്തില്‍ തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള സ്പേസ് എക്സ് ക്രൂ 10 പേടകം വിക്ഷേപിച്ചു. ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഫ്ളോറിഡ സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. നാല് പുതിയ ബഹിരാകാശ സഞ്ചാരികളും പേടകത്തിലുണ്ട്. നേരത്തേ നടക്കേണ്ടിയിരുന്ന ക്രൂ 10 വിക്ഷേപണം സാങ്കേതിക തകരാറുകളെത്തുടർന്ന് മാറ്റിവച്ചിരുന്നു. ആനി മക്‌ലിൻ, നിക്കോളാസ് അയേഴ്‌സ് (നാസ), ടക്കുയ ഒനിഷി (ജപ്പാൻ), കിറിൽ പെസ്കോവ് (റഷ്യ) എന്നിവരാണ് പേടകത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍. ഇവര്‍ക്ക് ചുമതല കൈമാറിയ ശേഷമായിരിക്കും സുനിതയുടേയും ബുച്ച് വിൽമോറിന്‍റെയും മടക്കയാത്ര.
ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് സ്പേസ് എക്സ് ക്രൂ 10 പേടകത്തിന്‍റെ കഴിഞ്ഞ ദിവസം നടക്കേണ്ട വിക്ഷേപണം താല്‍കാലികമായി മാറ്റി വച്ചത്. റോക്കറ്റിനും പേടകത്തിനും തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നും നാസ വിശദീകരിച്ചു. വിക്ഷേപണത്തിന് നാല് മണിക്കൂര്‍ മുന്‍പ് മാത്രമാണ് സുപ്രധാന ഹൈഡ്രോളിക് സംവിധാനത്തിന്‍റെ തകരാര്‍ കണ്ടെത്താനായത്. 10 മണിക്കൂര്‍ നേരത്തെ യാത്രയ്ക്കൊടുവില്‍ സ്പേസ് എക്സിന്‍റെ ക്രൂ–10 ബഹിരാകാശത്തെത്തിച്ചേരുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസത്തെ 'ഹാന്‍ഡ് ഓവര്‍' പ്രക്രിയകള്‍ക്ക് ശേഷം സുനിതയെയും സംഘത്തെയും തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് നാസ പറയുന്നത്.
2024 ജൂണിലാണ് സുനിതയും ബുഷ് വില്‍മോറും 10 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയത്. ഇവര്‍ പോയ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങുകയായിരുന്നു. ഫെബ്രുവരിയിലെങ്കിലും ഇരുവരേയും തിരികെ ഭൂമിയിലെത്തുമെന്ന് കരുതിയെങ്കിലും യാത്ര വീണ്ടും നീളുകയായിരുന്നു. ഒടുവില്‍ മാര്‍ച്ച് അവസാനമോ ഏപ്രിലിലോ ഇരുവരേയും തിരിച്ചെത്തിക്കും എന്നാണ് നാസ പറഞ്ഞിരുന്നത്.