കാത്തിരിപ്പിനൊടുവില്‍ ഭൂമിയില്‍ തിരിച്ചെത്തുന്ന സുനിതയേയും ബുച്ച് വില്‍മോറിന്‍റെയും ജീവിതം അത്ര എളുപ്പമായിരിക്കില്ല എന്ന് ഇതിനകം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. മാസങ്ങളോളം ബഹിരാകാശ നിലയത്തിലെ മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞിട്ടാണ് ഇരുവരും ഭൂമിയിലേക്കെത്തുന്നത് എന്നോര്‍ക്കണം. എട്ട് ദിവസത്തെ ഒരു ‘ഷോര്‍ട്ട് ട്രിപ്പാ’ണ് ഒന്‍പതു മാസത്തെ ബഹിരാകാശ വാസത്തില്‍ എത്തിനില്‍ക്കുന്നത്. ഈ ദീർഘകാലത്തെ ബഹിരാകാശ വാസം കാരണം യാത്രികർക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും വിദഗ്ധർ പറയുന്നു. ലളിതമായ ജോലികൾ പോലും തുടക്കത്തിൽ കഠിനമായിട്ടായിരിക്കും ഇവര്‍ക്ക് അനുഭവപ്പെടുക.
ബഹിരാകാശത്ത് ദീർഘനേരം ചെലവഴിക്കുന്ന ബഹിരാകാശയാത്രികരില്‍ ഗുരുത്വാകർഷണബലത്തിന്‍റെ അഭാവം മൂലം കാര്യമായ മാറ്റങ്ങളുണ്ടാകും. ഗുരുത്വാകർഷണത്തിന്റെ അഭാവം അസ്ഥികളുടെ സാന്ദ്രത ഗണ്യമായി കുറയ്ക്കുന്നു. ഇതുമൂലം കൈകൾ, കാലുകൾ തുടങ്ങി ഹൃദയം ഉൾപ്പെടെയുള്ള ഇടങ്ങളിലെ പേശികൾ ക്ഷയിക്കാന്‍ തുടങ്ങുന്നു. മൈക്രോഗ്രാവിറ്റിയിൽ ബഹിരാകാശയാത്രികർക്ക് പ്രതിമാസം അവരുടെ അസ്ഥികളുടെ മാസിന്‍റെ 1 മുതല്‍2 ശതമാനം വരെ നഷ്ടപ്പെടുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ശരീരത്തിന്‍റെ ഭാരം വഹിക്കുന്ന തുടയെല്ല്, നട്ടെല്ല്, തുടങ്ങിയ അസ്ഥികളെയും ഇത് പ്രതികൂലമായി ബാധിക്കും. അസ്ഥികള്‍ക്ക് പെട്ടെന്ന് ഒടിവും സംഭവിക്കാം.
ബഹിരാകാശത്ത് ഗുരുത്വാകർഷണത്തിനെതിരെ രക്തം പമ്പ് ചെയ്യേണ്ടതില്ലാത്തതിനാൽ ഹൃദയം വളരെ കുറച്ച് മാത്രമേ പ്രവർത്തിക്കേണ്ടതുള്ളൂ. അതിനാല്‍ രക്ത ചംക്രമണം കുറയുകയും രക്തപ്രവാഹത്തിന്റെ രീതി മാറുകയും ചെയ്യുന്നു. ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ രക്ത ചംക്രമണം മന്ദഗതിയിലായിരിക്കാം. ഇത് രക്തം കട്ടപിടിക്കുന്നതിലേക്കും നയിക്കാം. മാത്രമല്ല ഗുരുത്വബലമില്ലാത്തതിനാല്‍ ശരീരത്തിലെ ദ്രാവകങ്ങള്‍ ശരീരത്തിന്‍റെ മുകള്‍ ഭാഗത്തേക്ക് സഞ്ചാരം തുടങ്ങും. തലയിൽ ദ്രാവകങ്ങൾ അടിഞ്ഞുകൂടുന്നു. അതിനാൽ തന്നെ സ്ഥിരമായി ജലദോഷം അനുഭവപ്പെടുന്നതായി തോന്നാം. ഘ്രാണശക്തിയും കുറയുമെന്ന് പഠനങ്ങളുണ്ട്. ഇത് കൈകാലുകളെ ശോഷിപ്പിക്കുകയും ചെയ്യും. എന്നാല്‍ തിരികെയെത്തുമ്പോള്‍ ശരീരത്തിലെ ദ്രാവകങ്ങള്‍ വീണ്ടും താഴേക്ക് സഞ്ചരിക്കാന്‍ തുടങ്ങും. ശരീരത്തിന്‍റെ താഴെ അടിഞ്ഞുകൂടും. ഇത് തലകറക്കം, വീക്കം തുടങ്ങി ചലനത്തിലെ ബുദ്ധിമുട്ടുകള്‍ക്കു വരെ കാരണമാകും.
image: NASA
ദ്രാവകങ്ങള്‍ തലയില്‍ അടിഞ്ഞുകൂടുന്നത് കണ്‍പോളകളുടെ ആകൃതി മാറ്റും. കാഴ്ചശക്തിയെയും ബാധിക്കാം. പൊതുവേ ഭൂമിയില്‍ തിരിച്ചെത്തി നാളുകള്‍ക്ക് ശേഷം കാഴ്ചശക്തി സാധാരണ രീതിയിലേക്ക് മാറുമെങ്കിലും ചിലപ്പോള്‍ ജീവിതകാലം മുഴുവൻ കണ്ണട ആവശ്യമായി വന്നേക്കാം. മാത്രമല്ല ബഹിരാകാശത്ത് ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ചർമ്മത്തിൽ നിന്ന് പൊങ്ങിക്കിടക്കുന്നതിനാൽ ചര്‍മ്മം ഒരു കുഞ്ഞിന്റേതുപോലെ മൃദുലമാകും. അതിനാല്‍ തന്നെ ഭൂമിയിൽ തിരിച്ചെത്തിയ ബഹിരാകാശയാത്രികർക്ക് അവരുടെ വസ്ത്രങ്ങൾ ‘സാൻഡ്പേപ്പർ’ പോലെ കഠിനമായി തോന്നിയേക്കാം. കാലിലെ കട്ടിയുള്ള ചർമ്മം അടർന്നു കുട്ടികളുടേത് പോലെ മൃദുലമായ ചർമ്മം വളരുന്നതിനാല്‍ നടക്കുമ്പോൾ കുഞ്ഞുങ്ങളുടെ കാൽപ്പാദങ്ങൾ പോലെ അനുഭവപ്പെടുകയും ചെയ്യാം. പിന്നീട് ആഴ്ചകളോ മാസങ്ങളോ എടുക്കും പഴയ കട്ടിയുള്ള ചർമ്മം വളർന്നുവരാന്‍. ഇതുമൂലം നടക്കുമ്പോള്‍ പ്രയാസവും വേദനയും അനുഭവപ്പെടാം.
മറ്റൊന്ന് റേഡിയേഷനാണ്. ഇത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. വലിയ തോതിൽ കോസ്മിക് വികിരണങ്ങൾക്ക് വിധേയരാകുന്നതും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ബഹിരാകാശയാത്രികർ ഭൂമിയിലേതിനേക്കാൾ 50 മുതൽ 200 മടങ്ങു വരെ റേഡിയേഷൻ ബഹിരാകാശയാത്രികരെ ബാധിക്കാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഉയർന്ന അളവിലുള്ള റേഡിയേഷൻ എക്സ്പോഷർ മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം എന്നിങ്ങനെയുള്ള രോഗങ്ങൾക്കും കാരണമാകാം.
image: NASA
ആരോഗ്യ പരമായ പ്രശ്നങ്ങളെപ്പോലെ തന്നെ മാനസിക വെല്ലുവിളികളും ഈ പെട്ടെന്നുള്ള മാറ്റം മൂലമുണ്ടാകാം. ബഹിരാകാശത്തെ മാനസിക ഒറ്റപ്പെടൽ, ക്രമരഹിതമായ പ്രകാശചക്രങ്ങൾ, പരിമിതമായ ഉറക്കം, ബഹിരാകാശ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതിന്റെ സമ്മർദം എന്നിവയെല്ലാം മാനസിക പ്രശ്നങ്ങൾക്കു കാരണമാകാം. പെട്ടെന്ന് ഭൂമിയിലെ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്തത് ഉത്കണ്ഠയും വളര്‍ത്തുന്നു.
image:x.com/AstroHague/
മാസങ്ങളോളം ഭാരമില്ലാതെ പൊങ്ങിക്കിടന്ന ശരീരത്തിന് ഭൂമിയുടെ ഗുരുത്വാകർഷണബലത്തിൽ തിരിച്ചെത്തുമ്പോള്‍ എങ്ങനെ പ്രവർത്തിക്കണമെന്ന് വീണ്ടും പഠിക്കേണ്ടിവരും. അതിനാല്‍ തന്നെ സുനിതയും ബുഷും തിരിച്ചെത്തിയാല്‍ ഭൂമിയിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍ ഇരുവര്‍ക്കുമായി വിപുലമായ പുനരധിവാസ പദ്ധതിയാണ് നാസ ആസൂത്രണം ചെയ്യുന്നത്. കോമയിൽ നിന്ന് പുറത്തുവന്ന ഒരാള്‍ക്ക് നൽകുന്ന തീവ്രമായ ഫിസിയോതെറാപ്പിയായിരിക്കും ഇവര്‍ക്കും നല്‍കുക. ആഴ്ചകളോളം വ്യായാമങ്ങള്‍, സൈക്ലിങ്, ട്രെഡ്മിൽ ഉൾപ്പെടെയുള്ള കാർഡിയോവാസ്കുലാർ വ്യായാമങ്ങള്‍, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പുഷ്ടമായ കൃത്യമായ ഡയറ്റ് എന്നിവയും നാസയുടെ ബഹിരാകാശ യാത്രികര്‍ക്കായുള്ള പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.
image/ NASA
എന്നിരുന്നാലും സുനിതയുടെയും ബുച്ച് വില്‍മോറിന്‍റെയും മടങ്ങി വരവിന് മറ്റൊരു വശംകൂടിയുണ്ട്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും തുടങ്ങി ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങളാണ് വരാനിരിക്കുന്നത്. അതിനാല്‍ തന്നെ ഇരുവരുടേയും മാസങ്ങളോളം നീണ്ട യാത്ര പഠന വിധേയമാക്കുകയാണ്. ചൊവ്വയിലേക്കോ ചന്ദ്രനിലേക്കോ ആളുകളെ കൂടുതൽ കാലം അയയ്ക്കാൻ തയ്യാറെടുക്കുമ്പോൾ ഈ പ്രത്യാഘാതങ്ങളെല്ലാം എങ്ങിനെ പരിഹരിക്കാം എന്ന് പഠിക്കുകയാണ് ശാസ്ത്രജ്ഞർ. മാത്രമല്ല ഗുരുത്വാകർഷണമില്ലാതെ ജീവിക്കുന്നത് കിടപ്പിലായതിന് സമാനമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുകൊണ്ടു തന്നെ ദീർഘകാലം ആശുപത്രിയിൽ കഴിയുന്ന അവസ്ഥകളാൽ ബുദ്ധിമുട്ടുന്ന രോഗികളെ എങ്ങനെ ചികിത്സിക്കണമെന്നും ഇതുവഴി പഠിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ശാസ്ത്രം.