എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും കാത്തിരിപ്പിനൊടുവില്‍ മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണ്. ബുധനാഴ്ച പുലര്‍ച്ചയോടെ ഇരുവരെയും സുരക്ഷിതമായി ഭൂമിയിലെത്തിക്കാന്‍ കഴിയുമെന്നാണ് നാസയുടെ പ്രതീക്ഷ. മടക്കയാത്ര കയ്യകലെ എത്തിനില്‍ക്കുമ്പോള്‍ ലോകത്താകമാനം സുനിതയേയും ബുച്ച് വില്‍മോറിനെയും കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. അതിലൊന്നാണ് ജീവന്‍ പണയം വച്ചുള്ള യാത്രയില്‍ ഇരുവര്‍ക്കും നാസ നല്‍കുന്ന തുക എത്രയായിരിക്കും എന്നത്. ദിവസങ്ങള്‍ മാസങ്ങളായി മാറിയപ്പോള്‍ സുനിതയ്ക്കും ബുച്ചിനും ‘ഓവർടൈം സാലറി’ കൂടി ലഭിക്കുമോ?
ഓവർടൈം ശമ്പളമൊന്നുമില്ല!
നാസയിൽ നിന്ന് വിരമിച്ച ബഹിരാകാശയാത്രിക കാഡി കോൾമാന്‍ പറയുന്നതനുസരിച്ച് ബഹിരാകാശയാത്രികർക്ക് പ്രത്യേക ഓവർടൈം ശമ്പളമൊന്നുമില്ല. ഒരു ഗവണ്‍മെന്‍റ് ഏജന്‍സിയിലെ ജീവനക്കാരായതിനാൽ ഭൂമിയിലെ ഏതൊരു പതിവ് ജോലിയെയും പോലെ തന്നെയാണ് ഇരുവരും ബഹിരാകാശത്തും സമയം ചെലവഴിക്കുന്നത്. നാസ നല്‍കുന്ന സ്ഥിര ശമ്പളം തന്നെയാണ് ഇരുവര്‍ക്കും ലഭിക്കുക. എങ്കിലും ചെറിയൊരു സ്റ്റൈപ്പന്റ് മാത്രം അധികമായി ലഭിക്കും. പ്രതിദിനം 4 ഡോളർ. അതായത് 347 രൂപ മാത്രം! അതല്ലാതെ ‘സ്പേസ്’ ആയതുകൊണ്ട് പ്രത്യേകിച്ച് ‘അലവന്‍സ്’ ഒന്നുമില്ലത്രേ! അങ്ങിനെയെങ്കില്‍ 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചതിന് സുനിതയ്ക്കും ബുച്ച് വില്‍മോറിനും ഈ ഇനത്തില്‍ ലഭിക്കുക 1,148 ഡോളർ (ഏകദേശം ഒരു ലക്ഷം രൂപ) മാത്രമായിരിക്കും. കാഡി കോൾമാനെ സംബന്ധിച്ചിടത്തോളം 2010-11 ലെ 159 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനിടെ ഈ ഇനത്തില്‍ ലഭിച്ചത് 636 ഡോളറാണ്. അതായത് ഏകദേശം 55,000 രൂപ.
സുനിതയുടെ ആകെ ശമ്പളം
ജനറൽ ഷെഡ്യൂൾ (ജിഎസ്) സമ്പ്രദായത്തിന് കീഴിലുള്ള ഫെഡറൽ ജീവനക്കാരാണ് സുനിത വില്യംസും ബുച്ച് വിൽമോറും. അതിനാല്‍ തന്നെ ഈ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശമ്പളമായിരിക്കും ഇരുവര്‍ക്കും ലഭിക്കുക. ഇരുവരും ഉള്‍പ്പെടുന്ന ജിഎസ്-15 ശമ്പള ഗ്രേഡിന് കീഴിലുള്ള സർക്കാർ ജീവനക്കാർക്ക് വാർഷിക അടിസ്ഥാന ശമ്പളം 125,133 ഡോളര്‍ മുതൽ 162,672 ഡോളര്‍ വരെയാണ്. അതായത് ഏകദേശം 1.08 കോടി രൂപ - 1.41 കോടി രൂപ. ദൗത്യം നീണ്ടുപോയതിനാല്‍ അത്രയും ദിവസത്തെ ആനുപാതിക ശമ്പളം കൂടെ ലഭിക്കും, 93,850 മുതൽ 122,004 ഡോളർ വരെ. അതായത് ഏകദേശം 81 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെ. ഇതിനോടൊപ്പം മുകളില്‍ സൂചിപ്പിച്ച ഏകദേശം ഒരു ലക്ഷം രൂപ കൂടി ചേര്‍ത്താല്‍ ദൗത്യത്തിലൂടെയുള്ള ആകെ വരുമാനം 94,998 ഡോളര്‍ മുതല്‍ 123,152 ഡോളര്‍ വരെയായിരിക്കും. അതായത് ഏകദേശം 82 ലക്ഷം രൂപ - 1.06 കോടി രൂപ.
അതേസമയം ഇരുവരുടേയും ഐഎസ്എസിലെ ഭക്ഷണ, ജീവിതച്ചെലവുകൾ നാസയാണ് വഹിക്കുന്നത്. മാത്രമല്ല ശമ്പളത്തിന് പുറമേ, നാസയിലെ ബഹിരാകാശയാത്രികർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ്, അഡ്വാൻസ്‍ഡ് മിഷൻ പരിശീലനം, മാനസിക പിന്തുണ, യാത്രാ അലവൻസുകൾ എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും. രാജ്യാന്തര ബഹിരാകാശ നിലയത്തിലാണെങ്കിലും സുനിതയും ബുച്ചും പണി എടുക്കാതിരുന്നിട്ടൊന്നുമില്ല. ബഹിരാകാശ നിലയത്തില്‍ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും. അതിനാല്‍ തന്നെ സാങ്കേതികമായി ‘കുടുങ്ങിയിട്ടില്ല’ എന്നാണ് നാസയുടെ വാദം.