ഒന്‍പത് മാസമായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു. ഡ്രാഗണ്‍ പേടകം ബഹിരാകാശനിലയത്തില്‍നിന്ന് വേര്‍പെട്ടു. നാളെ പുലര്‍ച്ചെ 3.30ന് പേടകം ഭൂമിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. അറ്റ്ലാന്‍റിക് സമുദ്രത്തിലോ മെക്സിക്കോ ഉള്‍ക്കടലിലോ പേടകം പതിക്കും. സ്പേസ് എക്സിന്റെ ക്രൂ–9 ദൗത്യസംഘത്തിനൊപ്പമാണ് ഇരുവരുടെയും തിരിച്ചുവരവ്.
പത്ത് ദിവസത്തെ ദൗത്യത്തിനായി 2024 ജൂൺ 5ന് യാത്ര തിരിച്ച സുനിത, മടങ്ങിവരുന്നത് ഒരു റെക്കോര്‍ഡുമായാണ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന യാത്രികയെന്ന റെക്കോർഡ്. 62 മണിക്കൂറും 6 മിനിറ്റുമാണു സുനിത നടന്നത്. റെക്കോര്‍ഡ് സ്വന്തമാക്കിയ ഇക്കഴിഞ്ഞ ജനുവരി 30ന് നടന്നത് 5മണിക്കൂര്‍ 26മിനിറ്റ്. അമേരിക്കയുടെ പെഗി വിറ്റ്സണിന്‍റെ റെക്കോര്‍ഡാണ് സുനിത നടന്ന് മറികടന്നത്.
എന്നാല്‍ കൂടുതൽ കാലം ബഹിരാകാശത്ത് വസിച്ച അമേരിക്കന്‍ വനിതയെന്ന റെക്കോര്‍ഡ് ഇപ്പോഴും പെഗിയുടെ പേരിലാണ്. 675 ദിവസം. കൂടുതൽ കാലം തുടർച്ചയായി ബഹിരാകാശത്ത് താമസിച്ചത് വലേറി പോൾയാകോവാണ്. റഷ്യൻ ബഹിരാകാശ സഞ്ചാരിയായ പോൾയാകോവ് 1994 മുതൽ 1995 വരെ 437 ദിവസവും 18 മണിക്കൂറും തുടർച്ചയായി മിർ നിലയത്തിൽ താമസിച്ചു. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം വസിച്ച് റെക്കോർഡ് ഇട്ടത് റഷ്യൻ ബഹിരാകാശ സഞ്ചാരിയായ ഒലേഗ് കോണോനെൻകോ ആണ്. 5 തവണയായി ഐഎസ്എസിൽ 1110 ദിവസവും 14 മണിക്കൂറും 57 മിനിറ്റും ചെലവഴിച്ചു.
ബഹിരാകാശത്ത് രണ്ടാമത് കൂടുതൽ കാലം താമസിച്ചത് റഷ്യക്കാരനായ ഗന്നഡി പദാൽക. മിറിലും ഐഎസ്എസിലും ചെലവിട്ടത് 878 ദിവസം. 4 പ്രാവശ്യം ഐഎസ്എസ് കമാൻഡറുമായിരുന്നു. ബഹിരാകാശത്ത് മൂന്നാമത് കൂടുതൽ കാലം താമസിച്ചത് യൂറി മലെഞ്ചെങ്കോ ആണ്. 827 ദിവസവും 9 മണിക്കൂറും 20 മിനിറ്റും. ബഹിരാകാശത്ത് വിവാഹിതനായ ആദ്യ വ്യക്തി. 2003 ഓഗസ്റ്റ് 10ന് ആയിരുന്നു വിവാഹം.