ഒന്നിലധികം സിംകാര്‍ഡുകള്‍ കൈവശമുണ്ടെങ്കില്‍ സര്‍ക്കാരിന് പണം നല്‍കണമെന്ന പ്രചാരണം തള്ളി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഒന്നിലേറെ സിം കാര്‍ഡുകള്‍ കൈവശമുള്ള ഉപഭോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കാൻ ട്രായ് ഉദ്ദേശിക്കുന്നുവെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
മൊബൈൽ നമ്പറുകൾക്കും ലാൻഡ് ഫോൺ നമ്പറുകൾക്കും പണം ഈടാക്കാനാണ് പുതിയ നിർദേശമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ട്രായ് നിർദേശത്തിന് സർക്കാറിന്റെ അനുമതി ലഭിച്ചാൽ നടപ്പിലാക്കിത്തുടങ്ങും അഭ്യൂഹമുണ്ടായിരുന്നു. പല രാജ്യങ്ങളിലും മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്നോ വരിക്കാരിൽ നിന്നോ മൊബൈൽ, ലാൻഡ് ഫോൺ നമ്പറുകൾക്ക് ഫീസ് ഈടാക്കുന്നുണ്ട്. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് വ്യാജപ്രചാരണം നടന്നത്.
രാജ്യത്തെ മൊബൈല്‍ നമ്പറിംഗ് വിഭവങ്ങളുടെ കാര്യക്ഷമമായ മാനേജ്മെന്‍റിനും ഉപയോഗത്തിനും വേണ്ടി പുതുക്കിയ നാഷണൽ നമ്പറിംഗ് പ്ലാനിന് (എൻഎൻപി) ട്രായ് അടുത്തിടെ ശുപാർശകൾ തേടിയിരുന്നു. ടെലികമ്യൂണിക്കേഷൻ ഐഡന്‍റിഫയർ വിഭവങ്ങളുടെ വിനിയോഗത്തെയും ഉപയോഗത്തെയും ബാധിക്കുന്ന എല്ലാ ഘടകങ്ങളും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഭിപ്രായം തേടിയതെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി പറഞ്ഞു. ഇതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ ട്രായ് അപലപിച്ചു. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പരിശോധിക്കണമെന്നും അതോറിറ്റി അഭ്യര്‍ഥിച്ചു.