ചിത്രം; എഐ വഴി ക്രിയേറ്റ് ചെയ്തത്

ജോലിഭാരം താങ്ങാനാവാതെ റോബോട്ട് ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. യന്ത്രങ്ങളുടെയും തന്ത്രങ്ങളുടെയും ടെക്നോളജിയുടെയും ഈറ്റില്ലമായ ദക്ഷിണകൊറിയയില്‍ നിന്നാണ് ഈ വാര്‍ത്ത. റോബോട്ടിനോടുമാവാം അല്‍പം കരുണ എന്ന് മനുഷ്യനെ ഓര്‍മപ്പെടുത്തുന്നൊരു സംഭവമാണ് ഇപ്പോള്‍ സാങ്കേതികമേഖലയില്‍ ചര്‍ച്ചയാവുന്നത്. 

ദക്ഷിണകൊറിയയിലെ ഗുമിസിറ്റി കൗണ്‍സിലിലെ ഭരണവിഭാഗം കാര്യങ്ങള്‍ കൈകാര്യം ചെയ്ത് ഒടുവില്‍ മനംമടുത്താണ് റോബോട്ടിന്റെ ആത്മഹത്യയെന്നാണ് റിപ്പോര്‍ട്ടുകള്‍. നല്ല രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന റോബോട്ടിന്റെ പ്രവര്‍ത്തനം അപ്രതീക്ഷിതമായി തകരാറിലാവുകയും ആറര അടി ഉയരമുള്ള പടികളില്‍ നിന്നും താഴേക്ക് വീണ് പ്രവര്‍ത്തനരഹിതമാവുകയുമായിരുന്നു. 

റോബോട്ട് നിലതെറ്റി വീണതല്ലെന്നും വീഴ്ചയ്ക്ക് മുന്‍പ് നിന്നിടത്തു നിന്നും പലതവണ കറങ്ങിയതായും ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.ഇത് ഒരു റോബോട്ടിനെ സംബന്ധിച്ചിടത്തോളം വളരെ വിചിത്രമായൊരു കാര്യമാണ്.  പ്രാദേശിക മാധ്യമങ്ങളടക്കം സംഭവം ആത്മഹത്യ എന്ന നിലയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൗൺസിൽ കെട്ടിടത്തിൻ്റെ ഒന്നും രണ്ടും നിലകൾക്കിടയിലുള്ള ഗോവണിപ്പടിയുടെ താഴെയാണ് റോബോട്ട് സൂപ്പര്‍വൈസര്‍ എന്നു വിളിക്കപ്പെടുന്ന റോബോട്ടിന്റെ ചലനരഹിതമായ ബോഡി കണ്ടെത്തിയത്.

സംഭവം ഏതായാലും രാജ്യത്തിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്.  വീഴ്ചയില്‍ തകര്‍ന്ന റോബോട്ടിന്റെ ഭാഗങ്ങള്‍ വിശകലനത്തിനായി ശേഖരിച്ചിട്ടുണ്ടെന്ന് സിറ്റി കൗണ്‍സില്‍ അധികൃതര്‍ പ്രതികരിച്ചു.  വീഴ്ചയുടെ കാരണം വ്യക്തമല്ലെങ്കിലും ആ യന്ത്രത്തിനു ചെയ്യാനുണ്ടായിരുന്ന അമിതഭാരത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ഒരു ചര്‍ച്ചക്ക് കൂടി സംഭവം വഴിവച്ചിരിക്കുകയാണ്.

2023 ഓഗസ്റ്റ് മുതല്‍ ജോലി ചെയ്തുവരുന്ന ഈ സൂപ്പര്‍വൈസര്‍ക്ക് ഇങ്ങനെയൊരു അന്ത്യം ആരും പ്രതീക്ഷിച്ചിരുന്നില്ല.  രേഖാകൈമാറ്റം, താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കല്‍, തുടങ്ങി ആ സെക്ഷനിലെ ഓള്‍ ഇന്‍ ഓള്‍ ആയിരുന്നു ഈ റോബോട്ട്. രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് ആറുവരെയാണ് പൊതുവേയുള്ള പ്രവര്‍ത്തനസമയം. 

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെയര്‍ റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്  ഈ റോബോട്ട് നിര്‍മിച്ചത്. കൂടുതലും റസ്‌റ്റോറന്റുകള്‍ക്ക് വേണ്ടിയുള്ള റോബോട്ടുകള്‍ ആണ് ഇവര്‍ നിര്‍മിക്കുന്നത്.  ഓഫീസിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന ഈ റോബോട്ടിന് കെട്ടിടത്തില്‍ ഒരു നിലയില്‍ നിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റില്‍ സഞ്ചരിക്കാനും കഴിവുണ്ടായിരുന്നു. ഏതായാലും ജോലിഭാരം കൂടി ജീവിതം മടുത്താണോ റോബോട്ടിന്റെ അന്ത്യം എന്നു ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. 

Robot commits suicide in South Korea due to heavy load work,became discussion in technology world:

Reports says that the robot was unable to cope with the workload and committed suicide. This news comes from South Korea, a land of machines, tactics and technology. incident that currently being discussed in the technology sector.