AUSTRALIA-IT-TECHNOLOGY

മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്​സ്ട്രൈക്കിലെ അപ്ഡേറ്റ് പാളിയതോടെ 85 ലക്ഷം വിൻഡോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായെന്ന് മൈക്രോസോഫ്റ്റ്. ലോകത്താകമാനമുള്ള സിസ്റ്റങ്ങളുടെ കണക്കെടുത്താൽ ഒരു ശതമാനത്തില്‍ താഴെ കംപ്യൂട്ടറുകളില്‍ മാത്രമേ പ്രശ്നം നേരിട്ടുള്ളു എന്നാണ് കമ്പനി വിശദീകരണം. വിൻഡോസിന്‍റെയോ മൈക്രോസോഫ്റ്റിന്‍റെയോ ഭാഗത്തെ പിഴവ് കൊണ്ടല്ല പ്രശ്നമുണ്ടായതെന്നും ക്രൗഡ്സ്ട്രൈക്കിന്‍റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായതെന്നും കമ്പനി വ്യക്തമാക്കി.

മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്​സ്ട്രൈക്കിന്‍റെ അപ്ഡേറ്റോടെയാണ് മെഷീനുകള്‍ നിശ്ചലമായത്. ഇന്ത്യ, ഓസ്‌ട്രേലിയ, ജർമനി, യുഎസ്‌, യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐടി സംവിധാനങ്ങളെ ഈ സൈബർ തകരാർ ബാധിച്ചു. ഇതോടെ നിരവധി സൈബർ സേവനങ്ങളും ഏറെ നേരം നിശ്ചലമായി. ബാങ്കുകൾ, വിമാനക്കമ്പനികൾ, ആരോഗ്യ സംവിധാനങ്ങൾ, അടിയന്തര സേവനങ്ങൾ ഉൾപ്പെടെ സൈബറിടത്തെ തകരാർ മൂലം തടസ്സപ്പെട്ടു.

മൈക്രോസോഫ്റ്റ് വിൻഡോസിന് സുരക്ഷാ പരിഹാരങ്ങൾ നൽകുന്നതിനാണ് സൈബർ സുരക്ഷാ പ്ലാറ്റ്‌ഫോമായ ക്രൗഡ്‌സ്ട്രൈക്ക് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിൽ, വിമാനത്താവളങ്ങളിൽ ഉടനീളം പ്രവർത്തനങ്ങൾ താളം തെറ്റി. ഇൻഡിഗോ, ആകാശ് എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിങും ചെക്ക്-ഇൻ സേവനങ്ങളും തടസ്സപ്പെട്ടു.

ENGLISH SUMMARY:

Microsoft global outage: Tech giant says about 85 lakh of its devices affected