microsoft-windows

TOPICS COVERED

വിന്‍ഡോസ് സ്തംഭനം ലോകമാകെ 85 ലക്ഷം കംപ്യൂട്ടറുകളെ ബാധിച്ചെന്ന് മൈക്രോസോഫ്റ്റ്.  വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഒരുശതമാനത്തില്‍ താഴെ കംപ്യൂട്ടറുകളെ മാത്രമാണ് ബാധിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. എങ്കിലും  സ്തംഭനം ഉണ്ടാക്കിയ സാമ്പത്തിക, സാമൂഹിക  പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതായി കമ്പനി വ്യക്തമാക്കി. 

സൈബര്‍ സെക്യൂരിറ്റിക്കുള്ള തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്‌വെയര്‍ ക്ലൗഡ് സ്ട്രൈക്കിലുണ്ടായ തകരാര്‍ ലോകമാകെയുണ്ടാക്കിയ പ്രതിസന്ധി ഒരുദിവസം കഴിഞ്ഞിട്ടും പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല.  തകരാര്‍ പരിഹരിക്കാന്‍ എല്ലാവിധ സഹായവും നല്‍കുന്നതായി മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഒരു ശതമാനത്തില്‍ താഴെ കംപ്യൂട്ടറുകളെ മാത്രമാണ് ബാധിച്ചതെങ്കിലും പ്രധാന ശൃംഖലകളിലുണ്ടായ പ്രശ്നമാണ് സ്ഥിതി വഷളാക്കിയതെന്ന് വിശദീകരണത്തില്‍ പറയുന്നു.  പ്രതിസന്ധി മുതലെടുത്ത് ചൂഷണത്തിന് ശ്രമം നടക്കുന്നതായി ക്ലൗഡ് സ്ട്രൈക്ക്  കമ്പനി മുന്നറിയിപ്പ് നല്‍കി.

കമ്പനിയുടെ പേരില്‍ പ്രശ്നപരിഹാരത്തിനെന്ന പേരില്‍ ഹാക്കര്‍മാരുടെയും മാല്‍വെയറുകളുടെയും നുഴഞ്ഞുകയറ്റശ്രമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രശ്നപരിഹാരത്തിന് ക്ലൗഡ്ട്രൈക്കിന്റെ ഔദ്യോഗികസേവനമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് കമ്പനി അറിയിച്ചു.  സൈബര്‍ സെക്യൂരിറ്റിക്കുള്ള തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്‌വെയര്‍ ക്ലൗഡ് സ്ട്രൈക്കിലുണ്ടായ തകരാര്‍ ലോകമാകെ വിമാനസര്‍വീസുകളെയും ആശുപത്രികളും ബാങ്കുകളും അടക്കമുള്ള അനവധി സേവനമേഖലകളെ സ്തംഭിപ്പിച്ചിരുന്നു. വെള്ളിയാഴ്ചയുണ്ടായ പ്രശ്നം  വ്യോമയാന മേഖലയില്‍  ഇന്നലെ വൈകിട്ടോടെയാണ് പരിഹരിച്ചത്. 

ENGLISH SUMMARY:

Windows outage affected 85 lakh computers worldwide, Microsoft says.