ഐഫോൺ 16 റിലീസ് നല്ല ഗ്രാന്റായി നടന്നു. ആപ്പിൾ ഇന്റലിജൻസ്, ആക്ഷൻ ബട്ടൺ അങ്ങനെ അങ്ങനെ ഫാൻസ് ഹാപ്പിയാണ്. ഒരു വിഭാഗമൊഴിച്ച്, ഐഫോൺ 15 യൂസേഴ്സ് . ഐഫോൺ 16 ലോഞ്ച് ചെയ്യുന്നതിന് ഒന്നോ രണ്ടോ ആഴ്‌ച മുമ്പ് ഐഫോൺ 15 വാങ്ങിയവർക്കാണ് കൂടുതൽ ദുഃഖം. എന്നാൽ വിഷമിക്കാൻ വരട്ടെയെന്നാണ് ആപ്പിൾ പറയുന്നത്. വ്യവസ്ഥകൾക്ക് അനുസൃതമായി അടുത്തിടെ 15വാങ്ങിയവർക്ക് റീഫണ്ട് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ആപ്പിൾ. ആപ്പിൾ 15യൂസേഴ്സിനെ കൈവിടാൻ ഒരുക്കമല്ല എന്ന് സാരം.
ഐഫോണ്‍ 15 ഭാഗിക റീഫണ്ട് വ്യവസ്ഥകൾ
ഇന്ത്യയിലെ ആപ്പിളിന്റെ റീട്ടെയിൽ വിൽപ്പന നയം അനുസരിച്ച്, ഐഫോൺ മോഡൽ വാങ്ങി 14 കലണ്ടർ ദിവസങ്ങൾക്കുള്ളിൽ ഫോണിന്റെ വില കുറയുകയാണെങ്കിൽ ഉപഭോക്താവ് റീഫണ്ടിന് അർഹനാണ്. അതായത് നിങ്ങൾ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഒരു ഐഫോണ്‍ 15 വാങ്ങുകയും ഐഫോണ്‍ 16 ലോഞ്ച് ചെയ്‌തതിന് ശേഷം ആപ്പിള്‍ വില കുറയ്ക്കുകയും ചെയ്‌താൽ, നിങ്ങൾക്ക് റീഫണ്ട് ക്ലെയിം ചെയ്യാം. ഐഫോൺ 16 ഇറങ്ങിയതിന് ശേഷം ഐഫോൺ 15 മോഡലുകളുടെ വില 10,000 രൂപയോളം കമ്പനി കുറച്ചിരുന്നു.
ആപ്പിളിന്റെ പ്രൈസ് പ്രൊട്ടക്ഷൻ പ്ലാൻ പ്രകാരം, ഉപഭോക്താക്കൾക്ക് ഒരേ മോഡലിന്റെ പത്ത് യൂണിറ്റുകൾക്ക് വരെ റീഫണ്ട് തേടാം. കുടുംബാംഗങ്ങൾക്കുള്ളതുൾപ്പെടെ ഒന്നിലധികം ഐഫോണ്‍ 15 യൂണിറ്റുകളുള്ള ഒരു ഉപഭോക്താവിന് ഓരോന്നിനും ഭാഗികമായ റീഫണ്ട് ആവശ്യപ്പെടാൻ സാധിക്കും. റീഫണ്ട് ലഭിക്കുന്നതിന് ഫോൺ വാങ്ങിയതിന്റെ തെളിവ് ആവശ്യമാണ്.
ആപ്പിള്‍ സ്റ്റോർ സന്ദർശിച്ചോ അല്ലെങ്കിൽ 000800 040 1966 എന്ന നമ്പറിൽ ആപ്പിളിന്റെ കോണ്‍ടാക്റ്റ് സെന്ററുമായി ബന്ധപ്പെട്ടോ റീഫണ്ട് ആവശ്യപ്പെടാം.
ഐഫോൺ 15 ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 69,900 രൂപയാണ് വില. 256 ജിബി സ്റ്റോറേജുള്ള മിഡ് വേരിയന്റിന് 79,900 രൂപയും ഐഫോൺ 15 512 ജിബി സ്റ്റോറേജിന് 99,900 രൂപയുമാണ് വില. ഐഫോണ്‍ 16 ന് ഇന്ത്യയില്‍ 79,900 രൂപയും ഐഫോണ്‍ 16 പ്ലസിന് 89900 രൂപയുമാണ് വില. ഐഫോണ്‍ 16 പ്രോ 119900 രൂപയ്ക്കും 16 പ്രോ മാക്‌സ് 1,44,900 രൂപയ്ക്കും ലഭ്യമാകും. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 15 പ്രോ പുറത്തിറക്കിയപ്പോള്‍ ഉണ്ടായിരുന്ന വിലയേക്കാള്‍ 15,000 രൂപ കുറവാണ് ഐഫോണ്‍ 16 മോഡലുകള്‍ക്ക്. ഐഫോണ്‍ 16 എത്തിയതോടെ ഐഫോണ്‍ 15 പ്രോ മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഐഫോണ്‍ 15 ന്റെ നേരത്തെ ഉണ്ടായിരുന്ന വിലയിലാണ് പുതിയ ഐഫോണ്‍ 16 മോഡലുകള്‍ ലഭിക്കുക.